സ്വകാര്യ മേഖല ബാങ്കായ യെസ് ബാങ്ക് (Yes Bank) സ്ഥിരനിക്ഷേപങ്ങൾ (fixed deposits) കാലവാധി പൂർത്തിയാകും മുമ്പ് പിൻവലിക്കുമ്പോൾ (premature withdrawal) ഈടാക്കുന്ന പിഴ (penalty) ഉയർത്തി. വർധനവ് വരുത്തിയ പുതിയ നിരക്കുകൾ ഈ വർഷം ഓഗസ്റ്റ് 8 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. മാറ്റങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ യെസ് ബാങ്ക് വെബ്സൈറ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാകാതെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിച്ചാൽ ബാധകമായ പിഴയുടെ പുതിയ നിരക്കുകൾ യെസ് ബാങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്.
കാലാവധി പൂർത്തിയാകാത്ത എഫ്ഡികൾ പിൻവലിക്കുമ്പോൾ യെസ്ബാങ്ക് ഈടാക്കുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്:സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി 181 ദിവസമോ അതിൽ കുറവോ ആണെങ്കിൽ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കുന്നതിന് നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന പിഴ 0.50 ശതമാനം ആയി യെസ് ബാങ്ക് ഉയർത്തി. മുമ്പ് ഇത് 0.25 ശതമാനമായിരുന്നു. 182 ദിവസമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കുകയാണെങ്കിൽ ഈടാക്കുന്ന പിഴ 0.50 ശതമാനത്തിൽ നിന്ന് 0.75 ശതമാനം ആയാണ് ഉയർത്തിയിരിക്കുന്നത്. മുതിർന്ന പൗരൻമാരുടെ എഫ്ഡി പിൻവലിക്കലിന് യെസ് ബാങ്ക് നിലവിൽ പിഴ ഈടാക്കുന്നില്ല. അതിനാൽ മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകൾ ബാധകമായിരിക്കില്ല.
യെസ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:ഒരു ഉപഭോക്താവ് തന്റെ എഫ്ഡി പിൻവലിക്കുന്നത് (കാലാവധി പൂർത്തിയാകും മുമ്പ്) നിക്ഷേപം നടത്തിയ തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആണെങ്കിൽ, യെസ് ബാങ്ക് ആ നിക്ഷേപത്തിന് പലിശയൊന്നും നൽകില്ല. അതുപോലെ, എൻആർഇ നിക്ഷേപം പിൻവലിക്കുന്നത് 12 മാസത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പാണെങ്കിലും ബാങ്ക് പലിശയൊന്നും നൽകില്ല. ഇത്തരം സന്ദർഭങ്ങളിൽ കാലാവധി പൂർത്തിയാകും മുമ്പ് എഫ്ഡി അവസാനിപ്പിക്കുന്നതിനുള്ള പിഴ ബാധകമാവില്ല എന്ന് യെസ് ബാങ്കിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
യെസ് ബാങ്കിൽ സ്ഥിര നിക്ഷേപം ആരംഭിക്കുന്ന എല്ലാ വ്യക്തികൾക്കും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എഫ്ഡി പിൻവലിക്കുമ്പോൾ മേൽ സൂചിപ്പിച്ചിരിക്കുന്ന നിരക്കിലുള്ള പിഴ ബാധകമായിരിക്കും.
2019 ജൂലൈ 5നും ഈ വർഷം മെയ് 15നും ഇടയിൽ സ്ഥിരനിക്ഷേപം ആരംഭിക്കുകയോ പുതുക്കുകയോ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാർ കാലാവധി പൂർത്തിയാകും മുമ്പ് എഫ്ഡി പിൻവലിക്കുകയാണെങ്കിൽ മേൽ പറഞ്ഞ നിരക്കുകൾ പ്രകാരമുള്ള പിഴ ബാധകമായിരിക്കും. എന്നാൽ, ഈ വർഷം മെയ് 16നോ അതിനുശേഷമോ നിക്ഷേപം നടത്തുകയോ പുതുക്കിക്കുകയോ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തിൽ യെസ് ബാങ്ക് പിഴ ഈടാക്കില്ല.
2019 ജൂലൈ 5 മുതൽ 2021 മെയ് 9 വരെയുള്ള കാലയളവിൽ എഫ്ഡി നിക്ഷേപം നടത്തുകയോ പുതുക്കുകയോ ചെയ്തിട്ടുള്ള യെസ് ബാങ്ക് ജീവനക്കാർ മുകളിൽ പറഞ്ഞ നിരക്കുകളിൽ എഫ്ഡി കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കുകയാണെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും. അതേസമയം, മെയ് 10-നോ അതിനുശേഷമോ ബാങ്ക് ജീവനക്കാർ നിക്ഷേപം നടത്തിയതോ പുതുക്കിയതോ ആയ എഫ്ഡികൾക്ക് പിഴ ബാധകമാവില്ല.
കാലാവധി പൂർത്തിയാകാത്ത എഫ്ഡി പിൻവലിക്കുന്നതിനുള്ള പിഴയും പലിശയും ഭാഗികമായും പൂർണ്ണമായും ഉള്ള എഫ്ഡി പിൻവലിക്കലുകൾക്ക് ഈടാക്കുമെന്നാണ് യെസ് ബാങ്ക് വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത്. “എഫ്‌സിഎൻആർ, ആർഎഫ്‌സി നിക്ഷേപങ്ങൾക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കലിനുള്ള പിഴ ബാധകമാവില്ല. 5 കോടി രൂപയിൽ കൂടുതലോ അതിന് തുല്യമോ ആയ മൂല്യങ്ങളുടെ എഫ്ഡിയുടെ കാര്യത്തിൽ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കുന്നതിനുള്ള പിഴ നിരക്ക് നിലവിലെ 0.25 ശതമാനമായി തുടരും. എല്ലാ കാലാവധികൾക്കും ഇതേ നിരക്കായിരിക്കും.
കൂടാതെ, യെസ് ബാങ്കിൽ എഫ്ഡി നിക്ഷേപം നടത്തിയതിന്റെ അടുത്ത ദിവസം തന്നെ നിങ്ങൾക്ക് എഫ്ഡി പിൻവലിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.