നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഓഹരി വിപണിയിൽ തുടക്കം കുറിച്ച് സൊമാറ്റോ; കമ്പനിയുടെ വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നു

  ഓഹരി വിപണിയിൽ തുടക്കം കുറിച്ച് സൊമാറ്റോ; കമ്പനിയുടെ വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നു

  സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐ‌പി‌ഒയാണ് കഴിഞ്ഞ ആഴ്ച്ച നടന്നത്.

  News18

  News18

  • Share this:
   ഇന്ത്യയിലെ മുൻനിര ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ദലാൽ സ്ട്രീറ്റിൽ ഇന്ന് അരങ്ങേറ്റം കുറിച്ചു. എൻ‌എസ്‌ഇയിൽ 116 രൂപ നിരക്കിലാണ് സൊമാറ്റോ വ്യാപാരം ആരംഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിംഗ് വില 51.32 ശതമാനം ഉയർന്ന് 115 രൂപയായി.

   സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐ‌പി‌ഒയാണ് കഴിഞ്ഞ ആഴ്ച്ച നടന്നത്. കമ്പനിയുടെ വിപണി മൂലധനം ഒരു ലക്ഷം കോടി രൂപ കടന്നു. ദലാൽ സ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ച ശേഷമാണ് വിപണി മൂലധനം 1,08,067.35 കോടി രൂപ കടന്നത്. ഐഒസി, ബിപിസിഎൽ, ശ്രീ സിമന്റ്സ് എന്നീ കമ്പനികളേക്കാൾ മുന്നിലാണ് ഇപ്പോൾ സൊമാറ്റോയുടെ സ്ഥാനം.

   ജൂലൈ 14 മുതൽ 16 വരെയായിരുന്നു ഐപിഒ വിൽപ്പന. 9,375 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ നിക്ഷേപകരിൽ നിന്ന് 38.25 മടങ്ങ് സബ്സ്ക്രിപ്ഷനുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫുഡ് ഡെലിവറി വിഭാഗത്തിലെ ആദ്യ ലിസ്റ്റിംഗ് ആണ് സൊമാറ്റോയുടേത്. നിക്ഷേപകരിൽ നിന്നുള്ള ആവശ്യം, മാർക്കറ്റ് ഷെയർ നേടുന്നതിലെ സ്ഥിരത എന്നിവയാണ് സൊമാറ്റോയുടെ അരങ്ങേറ്റത്തിന് പിന്തുണ നൽകുന്നത്.

   2010ലാണ് ഉപഭോക്താക്കളെയും റെസ്റ്റോറന്റ് പങ്കാളികളെയും ബന്ധിപ്പിക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോം സൊമാറ്റോ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നൽകുന്നതിനൊപ്പം റെസ്റ്റോറന്റ് പങ്കാളികൾക്ക് ഒരു മാർക്കറ്റിംഗ് ഉപകരണമായും സൊമാറ്റോ മാറുന്നു. ഇത് റെസ്റ്റോറന്റ് ഉടമകളെ അവരുടെ ബിസിനസ്സ് വളർത്തുന്നതിന് സഹായിക്കുന്നു.

   ബിസിനസ്-ടു-കസ്റ്റമർ (ബി 2 സി) ഫുഡ് ഡെലിവറി, ഡൈനിംഗ് ഔട്ട് കൂടാതെ ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) ഹൈപ്പർ‌പ്യുവർ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിസിനസ്സിന്റെ മറ്റൊരു ഭാഗം സോമാറ്റോ പ്രോ ആണ്. ഈ ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാമിൽ ഭക്ഷണ വിതരണവും ഡൈനിംഗ് ഔട്ടും ഉൾപ്പെടുന്നു.

   2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള മൊത്ത ഓർഡർ മൂല്യത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഫുഡ് ഡെലിവറി കാറ്റഗറി ലീഡറാകാൻ സോമാറ്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി സ്ഥിരമായി മികച്ച വിപണി വിഹിതം നേടാനും കമ്പനിയ്ക്ക് കഴിഞ്ഞു. ഭക്ഷ്യ വിതരണത്തിൽ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്.

   ഇന്ത്യ ഓൺ‌ലൈൻ ഫുഡ് ഡെലിവറി മാർക്കറ്റ് എന്ന നിലയിൽ ഫുഡ് ടെക് വിപണിയിൽ വലിയ പ്രതീക്ഷകളുണ്ടെന്നും ഈ മേഖല വൻ നിക്ഷേപമാണ് ആകർഷിച്ചിരിക്കുന്നതെന്നും നിരീക്ഷകർ പറയുന്നു. കഴിഞ്ഞ ഏതാനും പാദങ്ങളിൽ ഇന്ത്യ ഒരു വിപ്ലവകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിശകലന വിദഗ്ധർ വ്യക്തമാക്കി.

   ഇന്ത്യയുടെ ഓൺലൈൻ ഭക്ഷ്യ വിതരണ വിപണിയെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങൾ ജീവിതശൈലിയും ഭക്ഷണരീതിയിലെ മാറ്റങ്ങളുമാണ്. ചെറുപ്പക്കാർക്കിടയിൽ ഡിജിറ്റലൈസേഷൻ വർദ്ധിച്ചതും കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി. 2021 മാർച്ച് വരെ ഇന്ത്യയിലെ 525 നഗരങ്ങളിൽ സൊമാറ്റോ പ്രവർത്തിക്കുന്നുണ്ട്. 3,89,932 റെസ്റ്റോറന്റുകളാണ് സൊമാറ്റോയ്ക്ക് കീഴിലുള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള 23 രാജ്യങ്ങളിലും സൊമാറ്റോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

   കോവിഡ് മഹാമാരി മൂലം ഈ വർഷം വരുമാനത്തിൽ 23.5 ശതമാനം ഇടിവ് കമ്പനി രേഖപ്പെടുത്തിയിരുന്നു. അടുത്ത സാമ്പത്തിക വർഷം വളർച്ച കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു.
   Published by:Jayesh Krishnan
   First published: