ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി സൊമാറ്റോ. ഇന്ന് രാവിലെ മുതല്‍ സൊമാറ്റോ ഓഹരിവിലയില്‍ കാര്യമായ താഴ്ച രേഖപ്പെടുത്തിയിരുന്നു. ഓഹരി മൂല്യം ഏകദേശം 5.20 ശതമാനം ഇടിഞ്ഞ് 61.50 രൂപയിലെത്തിയിരിക്കുകയാണ്.
ഒഎന്‍ഡിസി സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലുവിളിയോ?
സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ ഒഎന്‍ഡിസി അഥവാ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന് ജനപ്രീതി വര്‍ധിച്ചത് സ്വകാര്യ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലുവിളിയായിരിക്കുകയാണ്. സൊമാറ്റോയിലേയും ഒഎന്‍ഡിസിയിലേയും ഭക്ഷണസാധനങ്ങളുടെ നിലവാരവും വിലയും താരതമ്യം ചെയ്യുന്ന നിരവധി സ്‌ക്രീന്‍ഷോട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഒഎന്‍ഡിസിയില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വളരെ വിലക്കുറവുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം.
Also read- ഇന്ത്യൻ റെയിൽവേ ഏപ്രിലിൽ കയറ്റിയത് 126.46 മെട്രിക് ടൺ ചരക്ക്; റെക്കോർഡ് നേട്ടം
അതിന് ഉദാഹരണമായി ചിലര്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് ഒന്ന് പരിശോധിക്കാം. ഒരു മാര്‍ഗരീറ്റ പിസ്സയ്ക്ക് സൊമാറ്റോയിലെ വില 195ആണ്. അതേ പിസ്സയ്ക്ക് ഒഎന്‍ഡിസിയിലെ വില വെറും 156 മാത്രമാണെന്നാണ് ചിലര്‍ പറയുന്നത്. ഏകദേശം 20ശതമാനം വിലക്കുറവുണ്ട് ഒഎന്‍ഡിസിയില്‍ എന്നും ഉപയോക്താക്കള്‍ പറയുന്നു. കൂടാതെ നോണ്‍ വെജ് ഭക്ഷണപ്രേമികള്‍ക്കും പറ്റിയ ഇടം ഒഎന്‍ഡിസി തന്നെയാണ്. ഒരു മക്ചിക്കന്‍ ബര്‍ഗറിന് സൊമാറ്റോയിലെ വില 280 ആണ്. എന്നാല്‍ അതേ സാധനം ഒഎന്‍ഡിസി വില്‍ക്കുന്നത് വെറും 106 രൂപയ്ക്കുമാണ്.
ഓഹരി വിലയിലെ ഇടിവ്
2021 ജൂലൈ 23നാണ് സൊമാറ്റോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് ഐപിഒയ്ക്ക് ഒരു ഷെയറിന് 76 രൂപയായിരുന്നു. ഈ ഓഹരിയുടെ 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 79.80 രൂപയാണ്. ഇക്കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്ക് 40.60 രൂപയുമാണ്.
വിദഗ്ധരുടെ അഭിപ്രായം
ഒഎന്‍ഡിസി സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും ഒരു കനത്ത വെല്ലുവിളി തന്നെയായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിരവധി റസ്റ്റോറന്റുകള്‍ ഒഎന്‍ഡിസിയെ സമീപിച്ച് കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ കമ്മീഷന്‍ റേറ്റ് ഉയര്‍ത്തുകയെന്നത് സൊമാറ്റോയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും. അതേസമയം ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഒഎന്‍ഡിസിയുടെ ശ്രമം അത്ര എളുപ്പമായിരിക്കില്ലെന്നാണ് എലാറ ക്യാപിറ്റല്‍സ് പ്രതിനിധി കരണ്‍ തൗരാനി പറയുന്നത്. ഒഎന്‍ഡിസി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ചിലര്‍ ഇതിനോടകം പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
Also read- സ്പാം കോളുകൾ ശല്യമാകാറുണ്ടോ? അറിയാത്ത നമ്പറുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
കേടായ ഭക്ഷണമെന്നും ഫുഡ് ഡെലിവറി ചെയ്യാന്‍ കാലതാമസം എടുക്കുന്നുവെന്നും ചിലര്‍ പരാതിപ്പെട്ടതായി തൗരാനി പറഞ്ഞു. ചിലര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏകദേശം 90 മിനിറ്റോളം എടുത്താണ് ഡെലിവറി ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഒഎന്‍ഡിസിയുടെ യൂസര്‍ എക്‌സ്പീരിയന്‍സില്‍ മാറ്റങ്ങളുണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും സൊമാറ്റോയുടേയും സ്വിഗ്ഗിയുടേയും ഓഹരി മൂല്യം താഴാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍ ഒഎന്‍ഡിസി ഉപഭോക്തൃ സൗഹൃദമല്ലെന്നും അദ്ദേഹം പറഞ്ഞു.
സൊമാറ്റോ ഓഹരികള്‍ വാങ്ങണോ?
എന്തുകൊണ്ടാണ് സൊമാറ്റോ ഓഹരിവില കുത്തനെ കുറയുന്നത് എന്നതിനെപ്പറ്റി ജിസിഎല്‍ ബ്രോക്കിംഗിന്റെ സിഇഒ രവി സിംഗാള്‍ വിശദീകരിച്ചിരുന്നു.”അടുത്തിടെയാണ് ഇന്‍വെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം 8.2 ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായി വെട്ടിച്ചുരുക്കിയത്. ഇന്‍വെസ്‌കോയുടെ ഈ രീതി സൊമാറ്റോയേയും ബാധിച്ചിട്ടുണ്ട്,’എന്നാണ് സിംഗാള്‍ പറഞ്ഞത്.അതേസമയം അടുത്ത പാദങ്ങളില്‍ സൊമാറ്റോയുടെ ഓഹരി മൂല്യം ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ ഹ്രസ്വകാല നിക്ഷേപകരും ദീര്‍ഘകാല നിക്ഷേപകരും സൊമാറ്റോ ഓഹരികള്‍ വാങ്ങിവെയ്ക്കുന്നതില്‍ തെറ്റില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.