• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ഇങ്ങനെയും ഡോക്ടര്‍മാരുണ്ട്; അശ്വതി എന്തിനു മല കയറി ?


Updated: June 21, 2018, 9:01 PM IST
ഇങ്ങനെയും ഡോക്ടര്‍മാരുണ്ട്; അശ്വതി എന്തിനു മല കയറി ?

Updated: June 21, 2018, 9:01 PM IST
തിരുവനന്തപുരം: തൊഴിലിനോടുള്ള പ്രതിബദ്ധതയും സഹജീവി സ്‌നേഹവും കൈമോശം വരാത്ത ചിലര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അവരില്‍ ഒരാളാണ് നിലമ്പൂരിലെ സര്‍ക്കാര്‍ ഡോക്ടറായ അശ്വതി സോമന്‍.

ദുര്‍ഘടപാതയും വഴുക്കലുള്ള പാറകളും കടന്ന് ആദിവാസിക്കോളനിയില്‍ മരുന്നും ചികിത്സയും എത്തിച്ചാണ് ഡോ. അശ്വതി സോമന്‍ വ്യത്യസ്തയായത്. കഴിഞ്ഞദിവസം നിലമ്പൂര്‍ മാഞ്ചേരിയില്‍നിന്നു കിലോമീറ്ററുകള്‍ അകലെ വനാനന്തരത്തിലുള്ള പാണപ്പുഴ കോളനിയിലെ ചോലനായ്കര്‍ വിഭാഗക്കാരനായ രവിയെ ചികിത്സിക്കാനാണ് ഡോക്ടര്‍ കാടുകയറിയത്.


Loading...

ചെങ്കുത്തായ പാറ, അതിലാകട്ടെ മലവെള്ളമൊഴുകിയുള്ള വഴുക്കല്‍. ഈ പ്രതിബന്ധങ്ങളെല്ലാം കടന്ന് ഡോ. അശ്വതിയും മെഡിക്കല്‍ സംഘവും രവിക്ക് ചികിത്സ നല്‍കി. മരുന്നുകളൊക്കെ പെട്ടികളിലാക്കി ഇവര്‍ ചുമന്നു കയറ്റുകയായിരുന്നു. മുകളിലുള്ള അളയില്‍ കാല്‍ അനക്കാന്‍ കഴിയാത്ത വിധം പഴുപ്പുകയറിയ വിരല്‍ അറ്റു തൂങ്ങിയ നിലയിലായ രവിയെ ചികിത്സിക്കാനായിരുന്നു ഈ സാഹസം.

രവിയുടെ രോഗവിവരം ചൊവ്വാഴ്ചയാണ് ഡോ. അശ്വതി അറിഞ്ഞത്. ആനയിറങ്ങിയതുകൊണ്ട് അപ്പോള്‍ പുറപ്പെടേണ്ടെന്നായിരുന്നു വനപാലകരുടെ നിര്‍ദേശം. ഇരുട്ടി വെളുത്തു ബുധനാഴ്ച രാവിലെ പുറപ്പെട്ടു. നെടുങ്കയത്തെത്തിയപ്പോള്‍ നക്‌സല്‍ വിരുദ്ധ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ അകമ്പടിക്കെത്തി. വനപാതയിലൂടെയുള്ള ജീപ്പ് യാത്ര 12 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തടസപ്പെട്ടു. മരം വീണു വഴിയടഞ്ഞു. കമാന്‍ഡോകളും മെഡിക്കല്‍ സംഘവും ഒത്തുചേര്‍ന്ന് മരം വെട്ടി ജീപ്പില്‍ കെട്ടിവലിച്ചു മാറ്റി. അപ്പോഴേക്കും ആദിവസാസികളായ ചെല്ലനും ചാത്തനും കൂടെക്കൂടി. ഇവരാണ് പിന്നീടുള്ള വഴികാട്ടികള്‍.

മലമുകളിലെത്തിയപ്പോള്‍ വഴുക്കലുള്ള ചെങ്കുത്തായ പാറ. ഇതു വലിഞ്ഞുകയറി വേണം കോളനിയിലെത്താന്‍. പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഡോ. അശ്വതിക്ക് അങ്ങനെയായിരുന്നില്ല. വടംകെട്ടിയും വലിയ വള്ളികളില്‍ പിടിച്ചും കമാന്‍ഡോകള്‍ മുന്നേ കയറി. ഒന്നു മടിച്ചെങ്കിലും ഡോക്ടര്‍ പിന്‍മാറിയില്ല. കമാന്‍ഡോകള്‍ക്കു പിന്നാലെ അതേ കയറില്‍ പിടിച്ച് അവരും മലകയറി. കോളനിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഡോക്ടറെ ഞെട്ടിച്ചു. കാലിലെ ഒരു വിരല്‍ പഴുത്തുതൂങ്ങിയ നിലയിലുണ്ടായിരുന്ന രവിക്ക് വിദഗ്ധ ചികിത്സ ആവശ്യമായിരുന്നു. പ്രമേഹം പരിശോധിച്ചപ്പോള്‍ വളരെക്കൂടുതല്‍. കോളനി വിട്ട് പുറത്തുപോയി ശീലമില്ലാത്ത രവി ആശുപത്രിയിലേക്കു പോകാന്‍ വിസമ്മതിച്ചു. പിന്നെ അവിടെ ക്ലിനിക്കാക്കി മാറ്റി.കാലിലെ പഴുപ്പു നീക്കി മരുന്നു വെച്ചുകെട്ടി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ കാല്‍ മുറിച്ചുകളയേണ്ടിവരുമെന്ന് ഡോക്ടറും സംഘവും രവിയെ ബോധ്യപ്പെടുത്തി. സംഘത്തിലുണ്ടായിരുന്ന കമാന്‍ഡോയുടെ ചുമലില്‍ രവിയെ ചുമലില്‍ ചുമന്ന് കാടിറക്കി. നിലമ്പൂരിലെ ആശുപത്രിയില്‍ രവി ഇപ്പോള്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ ഡോ. അശ്വതി സോമന്‍ നിലമ്പൂര്‍ മൊബൈല്‍ ഡിസ്‌പെന്‍സറിയിലെ ഡോക്ടറാണ്. ഗ്രാമീണസേവനത്തിനു ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്ന കാലത്താണ് സ്വന്തം ഇഷ്ടപ്രകാരം ഡോ. അശ്വതി സോമന്‍ ഗ്രാമീണസേവനം തെരഞ്ഞെടുത്തിരിക്കുന്നത്.

First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍