• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഞങ്ങടെ വണ്ടിയെ കൊന്നുകളയുമോ സര്‍? ആനവണ്ടി ആരാധികയുടെ വോയിസ് ക്ലിപ്പ് വൈറല്‍

news18
Updated: April 16, 2018, 11:05 PM IST
ഞങ്ങടെ വണ്ടിയെ കൊന്നുകളയുമോ സര്‍? ആനവണ്ടി ആരാധികയുടെ വോയിസ് ക്ലിപ്പ് വൈറല്‍
news18
Updated: April 16, 2018, 11:05 PM IST
ഈരാറ്റുപേട്ട: ഫാന്‍സ് അസോസിയേഷനുകള്‍ എന്നു കേള്‍ക്കുമ്പോള്‍ എന്താണ് ആദ്യം ഓര്‍മ്മ വരിക? മിക്കവാറും നടന്മാര്‍ക്കും നടിമാര്‍ക്കും തുടങ്ങി ആനകള്‍ക്കു വരെ ഫാന്‍സ് അസോസിയേഷനുകളുള്ള നാടാണ് കേരളം.

എന്നാല്‍ ഇതാ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയായ ഒരു ആരാധിക. കക്ഷിയുടെ ആരാധന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു കെ എസ് ആര്‍ ടി സി ബസാണ് ഇവരുടെ ആരാധനാപാത്രം.

കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍ എസ് സി 140 എന്ന ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇക്കാര്യത്തെ കുറിച്ചറിയാന്‍ പെണ്‍കുട്ടി ആലുവ ഡിപ്പോയിലെ എന്‍ക്വയറി കൗണ്ടറിലേക്കു വിളിച്ചു. ഇതിന്റെ വോയിസ് ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്ഥിരമായി യാത്രചെയ്യുന്ന ആര്‍ എസ് സി 140 ബസിനോടുള്ള സ്‌നേഹവും അടുപ്പവും എല്ലാം ഫോണിലൂടെ പെണ്‍കുട്ടി വിവരിച്ചു.

'' ഞങ്ങടെ ചങ്ക് വണ്ടിയായിരുന്നു സര്‍ അത്. ബസ് മാറ്റിയത് ഞങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല. കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും മാറ്റിയത് സാരമില്ല പക്ഷേ ഞങ്ങടെ വണ്ടി മാറ്റിയത് ക്രൂരമായിപ്പോയി '', പെണ്‍കുട്ടി പറയുന്നു.



പകരം ബസ് തരുമെന്ന് പറഞ്ഞ ആലുവ ഡിപ്പോ ഉദ്യോഗസ്ഥനോട് '' പകരം ബസ് ആര്‍ക്കു വേണം ഞങ്ങള്‍ക്ക് ഞങ്ങളുടെ ആര്‍ എസ് സി 140 മതി '' എന്നാണ് പെണ്‍കുട്ടിയുടെ മറുപടി. '' അതെന്തിനാ വേറെ ഡിപ്പോയിലെ വണ്ടി നിങ്ങള്‍ കൊണ്ടുപോകുന്നേ ആലുവയില്‍ അത്രയ്ക്ക് ധാരിദ്ര്യമാണോ '' എന്നും പെണ്‍കുട്ടി ചോദിക്കുന്നു.

തുടര്‍ന്ന് തികച്ചും വൈകാരികമാണ് പെണ്‍കുട്ടിയുടെ സംഭാഷണം. ബസ് വേറെ റൂട്ടില്‍ ഓടിക്കാനാണോ അതോ കണ്ടം ചെയ്യാനാണോ എന്നു ചോദിക്കുന്ന പെണ്‍കുട്ടി ഞങ്ങടെ വണ്ടിയെ കൊന്നുകളയരുതെന്നും അത് വഴിയില്‍ എങ്കിലും ഓടിയാല്‍ മതിയെന്നും പറയുന്നു. ഞങ്ങള്‍ക്കു ഞങ്ങളുടെ ആര്‍ എസ് സി 140 തിരികെ വേണമെന്ന് പെണ്‍കുട്ടി പലവട്ടം ആവര്‍ത്തിക്കുന്നുമുണ്ട്.

ഫോണെടുത്ത ജീവനക്കാരനാകട്ടെ ഇതെല്ലാം കേട്ട് അന്തിച്ചു പോകുകയാണ്. പെണ്‍കുട്ടിയുടെ പരാതിക്ക് എന്തു മറുപടി നല്‍കുമെന്ന വിഷമം ജീവനക്കാരന്റെ സംഭാഷണത്തില്‍ നിന്നു വ്യക്തമാണ്.

നേരത്തെ ഇതേ ബസിലെ കണ്ടക്ടറായ സമീര്‍ ആര്‍ എസ് സി 140 ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നു മാറ്റിയ വിഷമം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ വോയിസ് ക്ലിപ്പ് വൈറലായത്.

ഈ ബസ് തിരികെ ലഭിക്കുവാന്‍ യാത്രക്കാരെല്ലാവരും കൂടി പുതിയ കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരിയ്ക്ക് നിവേദനം നല്‍കാന്‍ പോകുകയാണെന്നാണ് വിവരം.

First published: April 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍