• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലപ്പുറത്തെത്ര ഹംസമാരുണ്ട്? ഉടനറിയാം


Updated: February 10, 2018, 3:46 PM IST
മലപ്പുറത്തെത്ര ഹംസമാരുണ്ട്? ഉടനറിയാം
Hamza malappuram

Updated: February 10, 2018, 3:46 PM IST
മലപ്പുറം: കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന ജോണ്‍ എബ്രഹാം കഥാ ശീര്‍ഷകം പ്രയോഗം തന്നെയായി മാറി. ഇനിയിപ്പോള്‍ മലപ്പുറത്തെ ഹംസമാരും ട്രെന്‍ഡ് ആകും, ഹംസമാരുടെ സംഗമത്തിലൂടെ. നഗരത്തിലെ ആദ്യകാല കച്ചവടക്കാരനായ ലൗലി ഹംസ ഹാജിയാണ് വേറിട്ടൊരു പരിപാടിക്ക് തയ്യാറെടുക്കുന്നത്. ഇത് കഴിയുന്നതോടെ മലപ്പുറത്തെത്ര ഹംസമാരുണ്ടെന്ന ചോദ്യത്തിന് ഉത്തരവും ലഭിക്കും.

20 വര്‍ഷങ്ങള്‍ക്കു മുമ്പ് കച്ചവടത്തിന് ഓഡര്‍ എടുക്കാനെത്തിയ സെയില്‍സ് റെപ്രസെന്റേറ്റീവിന്റെ ചോദ്യത്തില്‍ നിന്നാണ് ഇത്തരമൊരു പരിപാടിക്ക് ആശയം ലഭിച്ചതെന്ന് ലൗലി ഹംസ ഹാജി news18 malayalam.comനോട് പറഞ്ഞു.

1959 മുതല്‍ ഇവിടെ കച്ചവടക്കാരനായിരുന്നു ലൗലി ഹംസ ഹാജി. മലപ്പുറത്ത് മൊത്തം ഹംസമാരാണല്ലോ എന്ന സെയില്‍സ് റെപ്രസെന്റേറ്റീവിന്റെ പരിഭവം ഹംസ ഹാജിക്ക് കൗതുകമായി. എന്നാല്‍ പിന്നെ മലപ്പുറത്തെ ഹംസമാരെ കണ്ടെത്തിക്കളയാമെന്ന് ഹംസ ഹാജി തീരുമാനിച്ചു. ഏറ്റവും മുതിര്‍ന്ന ഹംസ മുതല്‍ ഏറ്റവും പ്രായം കുറഞ്ഞ ഹംസയെ വരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു കൂട്ടായ്മയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനിടെ തലമുതിര്‍ന്ന ഹംസ മരിച്ചത് തിരിച്ചടിയായി. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു- ഹംസ ഹാജി പറഞ്ഞു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ആഗ്രഹം സാധ്യമാകാന്‍ പോവുകയാണ്. ഫെബ്രുവരി അവസാനത്തോടെ മലപ്പുറത്തെ ഹംസമാരെല്ലാം ഒത്തുചേരും. പരിപാടിയുടെ തീയതി എല്ലാ ഹംസമാരുടെയും സൗകര്യപൂര്‍വം പിന്നീട് തീരുമാനിക്കുമെന്നും ലൗലി ഹംസ ഹാജി വ്യക്തമാക്കി. മുന്‍ എംപിയും സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ ടികെ ഹംസയാകും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

നഗരപരിധിയില്‍ താമസിക്കുന്ന ഹംസമാരുടെ ഉള്‍പ്പെടുത്തി പരിപാടി നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കി. എന്നാല്‍ പത്രപ്പരസ്യം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. നാട്ടിലുള്ള ഹംസമാരൊക്കെ വിളിയോട് വിളി. ഗള്‍ഫില്‍ നിന്നു വരെ വിളി എത്തി. എല്ലാവരുടെയും ആവശ്യം ഒന്നുമാത്രം. ഇത് നഗര പരിധിയില്‍ ഒതുങ്ങരുത്. ഇതോടെ് ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു- ഹംസ ഹാജി പറഞ്ഞു.

പ്രഗത്ഭരും അല്ലാത്തവരുമായ ഹംസമാര്‍ വരെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ഹംസമാരുടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കിയിട്ടുണ്ട്. നൂറിലധികം ഹംസമാരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. ഹംസമാരെ കുറിച്ച് ഒരു കവിതയും ലൗലി ഹംസ ഹാജി എഴുതിയിട്ടുണ്ട്.

'ഖംസ' എന്ന അറബി വാക്കില്‍ നിന്നാണ് 'ഹംസ' എന്ന പേര് ഉണ്ടായിരിക്കുന്നത്. തുറന്നു പിടിച്ച വലത് കൈപ്പത്തിയാണ് ഹംസയെ പ്രതിനിധീകരിക്കുന്നത്. കണ്ണേറു തടയുന്നതിനായി ഈ ചിഹ്നം ഉപയോഗിച്ച് വരുന്നു. പണ്ടുകാലത്ത് ഹംസ എന്ന പേര് സാധാരണമായിരുന്നുവെന്നും എന്നാല്‍ പുതിയ തലമുറയില്‍ ഹംസ എന്ന പേര് കുറവാണെന്നും ലൗലി ഹംസ ഹാജി പറയുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന ഹംസ എന്ന പേരിന് പ്രചാരണം നല്‍കുക എന്നൊരു ലക്ഷ്യവും പരിപാടിക്കുണ്ട്.
First published: February 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍