• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലപ്പുറത്തെ ഭൂമിവിളളല്‍ : ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്ര സംഘം

news18india
Updated: May 20, 2018, 1:37 PM IST
മലപ്പുറത്തെ ഭൂമിവിളളല്‍ : ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്ര സംഘം
news18india
Updated: May 20, 2018, 1:37 PM IST
മലപ്പുറം : ജില്ലയിലെ പലപ്രദേശങ്ങളിലും ഭൂമി വിണ്ടു മാറുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്രസംഘം. മലപ്പുറം പെരുമണ്ണാക്ലാരി, മങ്കട തുടങ്ങിയ മേഖലകളിലാണ് ഭൂമിയില്‍ വിള്ളല്‍ വീഴുന്നത്.പെരുമണ്ണക്ലാരിയില്‍ വിള്ളല്‍ കണ്ടെത്തിയ ഭൂമി വാസയോഗ്യമല്ലെന്ന് ശാസ്ത്രസംഘത്തിന്റെ പഠനത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഇവിടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെരുമണ്ണക്ലാരിയില്‍ നാല് വര്‍ഷം മുമ്പ് ഭൂമി വിണ്ട് മാറിയതിനെ തുടര്‍ന്ന് വീട് തകര്‍ന്നിരുന്നു. കുഴല്‍ കിണറുകളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ് ഈ വിധം വിള്ളലിന് പ്രധാന കാരണമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഈ സാധ്യത പൂര്‍ണ്ണമായും തള്ളുകയാണ് പുതിയ പഠനം.

സോയില്‍ പൈപ്പിംഗ് അഥവാ ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് സംഭവിക്കുന്നതാണ് വിള്ളലിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മണ്ണൊലിപ്പ് കാരണം ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ ഗുഹകള്‍, ഗര്‍ത്തങ്ങള്‍ തുടങ്ങിയവ രൂപപ്പെടും. പെരുമണ്ണക്ലാരിയില്‍ 900 ചതുരശ്രമീറ്ററില്‍ ഈവിധം മണ്ണൊലിപ്പ് നടന്നതായാണ് കണ്ടെത്തില്‍. മഴ പെയ്യുന്നതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശാസ്ത്രസംഘം നിര്‍ദേശിച്ചിട്ടുണ്ട്.

പെരുമണ്ണക്ലാരിക്ക് സമാനമായി മലപ്പുറം മങ്കടയിലും ഭൂമിക്ക് വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. കരിമല മേഖലയിലാണ് ഭൂമി വിണ്ടുമാറുന്നത്. പെരുമണ്ണയിലേത് പോലെ കുഴലീകൃത മണ്ണൊലിപ്പ് പ്രതിഭാസമാണോ ഇതെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.സ്വകാര്യ വ്യക്തികളുടെ ഉടമസഥതയിലുള്ള ഭൂമിയാണ് ഇവിടെ 50 മീറ്ററോളം വിണ്ടത്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഭൂമി വിണ്ടതിനെ തുടര്‍ന്ന് റവന്യൂ ജിയോളജി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഭൂമി തട്ടു തട്ടാക്കുകയും 200 ലോഡ് മണ്ണ് നീക്കുകയും ചെയ്തു. എന്നാല്‍ വിള്ളല്‍ വീണ്ടും ഉണ്ടായിരിക്കുകയാണ്. ഇതിന്റെ അകലവും കൂടി വരുന്നുണ്ട്. ഇവിടെ കുഴല്‍ കിണര്‍ കുഴിച്ചപ്പോള്‍ വലിയ തോതിലുള്ള ശബ്ദം കേള്‍ക്കുകയും സമീപത്തെ കിണറുകളിലെ വെള്ളം വറ്റുകയും ചെയ്തിരുന്നു.

കരുതല്‍ നടപടി എന്ന നിലയില്‍ ഭൂമിക്കടിയിലെ കളിമണ്ണിന്റെ കുറവ് പരിഹരിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത് എന്നാണ് ശാസ്ത്രസംഘം നിര്‍ദേശിക്കുന്നത്. കൃഷി ചെയ്യുമ്പോള്‍ ചുണ്ണാമ്പ് കൂടുതലായി ഉള്‍പ്പെടുത്തണം. മഴവെള്ളം കൂടുതലായി ഇറങ്ങാതിരിക്കാന്‍ ഡി-വാട്ടര്‍ ടൈക്നിക് ഉപയോഗിച്ച് ചാലുകീറി വെള്ളം ഗതിമാറ്റണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. സര്‍ക്കാരിന് അടുത്തയാഴ്ച റിപ്പോര്‍ട്ട് കൈമാറിയ ശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക.
First published: May 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍