HOME » NEWS » Sports » 25 SRI LANKANS SIGN CONTRACTS FOR UPCOMING SERIES AGAINST INDIA

ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി ഫലം കണ്ടു, ഇന്ത്യക്കെതിരായ പരമ്പരയിൽ ഒപ്പു വച്ച് 25 താരങ്ങൾ 

കരാര്‍ ഒപ്പുവയ്ക്കാത്ത ഒരാളെയും സെലക്ഷന് പരിഗണിക്കില്ലെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ പ്രമോദയ വിക്രമസിംഗേ വ്യക്തമാക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: July 7, 2021, 7:18 PM IST
ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി ഫലം കണ്ടു, ഇന്ത്യക്കെതിരായ പരമ്പരയിൽ ഒപ്പു വച്ച് 25 താരങ്ങൾ 
Sri Lankan players
  • Share this:
ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം ഈയിടെ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് യാത്രയാകുന്നതിന് മുമ്പ് പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ ഹോട്ടല്‍ താജ് സമുദ്രയിലേക്ക് ചര്‍ച്ചക്കായി വിളിച്ചുവെങ്കിലും അവര്‍ കരാറില്‍ ഒപ്പിടില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. വാര്‍ഷിക കരാര്‍ പുതുക്കാതെ ഒരു താത്കാലിക കരാര്‍ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ശ്രീലങ്കന്‍ ടീമംഗങ്ങള്‍ യാത്രയായത്.

ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങള്‍ വിസമ്മതിച്ചാല്‍ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സൂചന നല്‍കിയിരുന്നു. പ്രധാന താരങ്ങള്‍ കരാര്‍ ഒപ്പു വയ്ക്കുവാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ലങ്കന്‍ ബോര്‍ഡ് രംഗത്തെത്തിയത്. കരാര്‍ ഒപ്പുവയ്ക്കാത്ത ഒരാളെയും സെലക്ഷന് പരിഗണിക്കില്ലെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ പ്രമോദയ വിക്രമസിംഗേ വ്യക്തമാക്കി.

ഈ ഭീഷണി ഫലം കണ്ടതായാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കരാറില്‍ ഒപ്പിടാത്തവരെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് നിലപാട് എടുത്തതിന് പിന്നാലെ ഇരുപത്തിയഞ്ചോളം കളിക്കാര്‍ ടീമുമായി പുതിയ കരാര്‍ ഒപ്പു വെച്ചതായാണ് ശ്രീലങ്കന്‍ മാധ്യമമായ അഡാദെറന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള പരമ്പര മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. ആകെ മുപ്പത് താരങ്ങള്‍ പുതിയ കരാര്‍ ഒപ്പിട്ടുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അത് ആരൊക്കെയാണെന്ന‌ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

കരാര്‍ ഒപ്പുവയ്ക്കാതെ ഒരു ഡിക്ലറേഷന്‍ എഴുതിയാണ് ലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് യാത്രയായത്. അതിനും തയ്യാറാകാത്ത താരങ്ങളെ സ്‌ക്വാഡിലേക്ക് പരിഗണിച്ചതുമില്ല. ലസിത് എംബുല്‍ദേനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര, അഷന്‍ ബണ്ടാര, കസുന്‍ രജിത എന്നിവരെയാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടത്.

യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്ന അവര്‍ നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ കരുണരത്‌നയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് കുശാല്‍ പെരേരക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്.

ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. സോണി സ്പോര്‍ട്സ് നെറ്റ് വര്‍ക്കാണ് ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ രാജ്യത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
Published by: Sarath Mohanan
First published: July 7, 2021, 7:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories