ഖത്തർ ലോകകപ്പ് മൽസരം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെ അർജന്റീനയും ഫ്രാൻസും തമ്മിലാണ് അവസാന മൽസരം. ഈ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ക്രൊയേഷ്യ-മൊറോക്കോ മൽസരം ഇന്നാണ്. ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് കൂടിയാണിത്. മൂന്നാം സ്ഥാനം സ്വന്തമാക്കി ലൂക്കാ മോഡ്രിച്ചിന് ലോകകപ്പില്‍ നിന്ന് യാത്രയയപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്രൊയേഷ്യ കളത്തിലിറങ്ങുന്നത്. വിജയിച്ചാൽ ലോകകപ്പില്‍ മൂന്നാംസ്ഥാനം നേടുന്ന ആദ്യ അഫ്രിക്കന്‍– രാജ്യമെന്ന നേട്ടവും ക്രൊയേഷ്യ സ്വന്തമാക്കും. ബെല്‍ജിയം, സ്പെയിന്, പോര്‍ചുഗല്‍ തുടങ്ങിയ വമ്പന്‍ ടീമുകളെ തോൽപിച്ച ക്രൊയേഷ്യ സെമിയിൽ ഫ്രാൻസിനോടാണ് തോറ്റത്.
തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ മോഡ്രിച്ച് നേതൃത്വം നൽകുന്ന ക്രൊയേഷ്യ നോക്കൗട്ടിലെത്തിയിരുന്നു. നാല് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് ചെറിയ നേട്ടമല്ല. 2018 ലെ ഫൈനലിൽ ഫ്രാൻസിനോടും ഈ വർഷത്തെ സെമി ഫൈനലിൽ അർജന്റീനയോടും ക്രൊയേഷ്യൻ ടീം പൊരുതിയാണ് തോറ്റത്.
1998 ലെ തങ്ങളുടെ കന്നി ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയിരുന്നു. അതിനെ വെല്ലുന്ന പ്രകടനമാണ് 2018 ൽ മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യ പുറത്തെടുത്തിയത്.
ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യയും
ക്രൊയേഷ്യൻ ഫുട്ബോളിന്റെ മുഖമാണ് ലൂക്കാ മോഡ്രിച്ച് എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ കളിമികവും ധീരതയും കഠിനാധ്വാനവുമെല്ലാം പലകുറി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 2018 ലെ ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണ്. ആ വർഷം തന്നെ, അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയുടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആധിപത്യം തകർത്ത് ബാലൺ ഡി ഓർ ഫുട്ബോൾ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
”മോഡ്രിച്ച് അനശ്വരനാണ്. അവൻ എപ്പോഴും നന്നായി തയ്യാറെടുക്കുന്നു .എപ്പോഴും നന്നായി കളിക്കുന്നു. കളിയുടെ ഗതി തന്നെ മാറ്റാൻ ശേഷിയുള്ള ഒരു കളിക്കാരനാണ് അദ്ദേഹം”, റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി പറഞ്ഞു.
അടുത്ത ലോകകപ്പിൽ, മോഡ്രിച്ചിന് പ്രായം 41 ആകും. ലോക ഫുട്ബോളിലെ ഏറ്റവും വലിയ മാമാങ്കമായ ഫിഫ ലോകകപ്പിൽ അദ്ദേഹമപ്പോൾ ഉണ്ടാകില്ല. മൊറോക്കോയുമായുള്ള ഇന്നത്തെ ഏറ്റുമുട്ടൽ ഈ വേദിയിലെ അദ്ദേഹത്തിന്റെ അവസാന കളിയാണ്. ഒരു യുഗത്തിന്റെയും മഹത്തായ കരിയറിന്റെയും അവസാനം കൂടിയാകുമത്. അതെ, മെസിക്കും റൊണാൾഡോയ്ക്കും ഒപ്പം ലൂക്കാ മോഡ്രിച്ചും ലോകകപ്പിനോട് വിടപറയുന്നു. അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മൊറോക്കോ
മൊറോക്കോയുടെ കാര്യത്തിലേക്കു വന്നാൽ, തങ്ങളുടെ ടീം ഇവിടെ വരെയെത്തുമെന്ന് രാജ്യത്തെ ആരാധകർ പോലും കരുതിയിരിക്കില്ല. എന്നിട്ടും, അവരത് സാധ്യമാക്കി. അസാധ്യമായത് അനായാസമാക്കിയ തങ്ങളുടെ കളിക്കാർക്ക് നന്ദി പറയുകയാണ് രാജ്യം.
ഇന്നത്തെ പോരാട്ടം
ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ മത്സരം ഗോള്‍ രഹിതമായിരുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ഖലീഫ സ്റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം. ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന് വിജയം സമ്മാനിക്കാൻ ക്രൊയേഷ്യൻ ടീം തയ്യാറെടുക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം ലക്ഷ്യമിട്ടാണ് മൊറോക്കോ ഇറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.