അടുത്ത മാസം നടക്കാനിരിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ (44th Chess Olympiad) ഔദ്യോഗിക ലോഗോയും (logo) ഭാഗ്യചിഹ്നവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് (MK Stalin) പ്രകാശനം ചെയ്തു. 'തമ്പി' (Thambi) (തമിഴില്‍ ഇളയ സഹോദരന് എന്നർഥം) എന്ന കുതിരയാണ് ഭാഗ്യചിഹ്നം. തമ്പി പരമ്പരാഗത വസ്ത്രമായ മുണ്ടും ഷര്‍ട്ടും ധരിച്ച് കൈകൂപ്പി നില്‍ക്കുന്നതാണ് ലോഗോയിൽ കാണുന്നത്. തമിഴിലെ ആശംസാ വാക്കായ 'വണക്കം' ആണ് കൈകൂപ്പി നിൽക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഷര്‍ട്ടില്‍ 'Chess Believe' എന്ന് എഴുതിയിരിക്കുന്നത് കാണാം.
''44ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത് ചെന്നൈയ്ക്ക് ലഭിക്കുന്ന ഒരു സമ്പൂര്‍ണ ബഹുമതിയാണ്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇതൊരു അവിസ്മരണീയമായ വിജയമാക്കാന്‍ ഞങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരും കഠിന പ്രയത്നത്തിലാണ്,'' സ്റ്റാലിന് ട്വീറ്റ് ചെയ്തു.
ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ മാമല്ലപുരത്താണ് ചെസ് ഒളിമ്പ്യാഡ് നടക്കുക. 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ 187 രാജ്യങ്ങളില്‍ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 189 ടീമുകളും വനിതാ വിഭാഗത്തില്‍ 154 ടീമുകളും പങ്കെടുക്കും. 2018ല്‍ 334 ടീമുകളാണ് ബറ്റുമി ഒളിമ്പ്യാഡില്‍ പങ്കെടുത്തിരുന്നത്.
'' ഇത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണ്. പ്രത്യേകിച്ചും കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ഓഫ്ലൈന് പരിപാടിയാണിത്, '' ഓള് ഇന്ത്യ ചെസ് ഫെഡറേഷന്റെ (AICF) സെക്രട്ടറിയും ഇവന്റ് ഡയറക്ടറുമായ ഭരത് സിംഗ് ചൗഹാന് പറഞ്ഞു.
ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്സണ് ഒളിമ്പ്യാഡില്‍ പങ്കെടുക്കും. ആതിഥേയ രാജ്യം എന്ന നിലയില്‍ ഇന്ത്യക്ക് രണ്ട് വിഭാഗങ്ങളിലും ഒരു അധിക ടീമിനെ ഇറക്കാന്‍ അര്‍ഹതയുണ്ട്. ഒറ്റസംഖ്യ എന്‍ട്രികള്‍ ഉണ്ടായാല്‍ ഒരു മൂന്നാം ടീമിനെ ഫീല്‍ഡ് ചെയ്യാനും രാജ്യത്തിന് അവസരമുണ്ട്.
അതേസമയം, ഓള്-ഇന്ത്യ ചെസ് ഫെഡറേഷന് വരാനിരിക്കുന്ന ചെസ് ഒളിമ്പ്യാഡിനായി 5 അംഗങ്ങള്‍ വീതമുള്ള രണ്ട് പുരുഷ, വനിതാ ടീമുകളായി തിരിച്ച് 20 അംഗ ടീമിനെ തിരഞ്ഞെടുത്തു. അഞ്ച് തവണ മുന്‍ ലോക ചാമ്പ്യനായ വിശ്വനാഥന് ആനന്ദ് ഒരു കളിക്കാരനെന്ന നിലയില്‍ ടീമില്‍ ഇടം നേടില്ല. ടീമിന്റെ മുഖ്യ ഉപദേഷ്ടാവായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യ പുരുഷ ടീമില്‍ വിദിത് ഗുജറാത്തി, പി ഹരികൃഷ്ണ, അര്ജുന് എറിഗൈസി, എസ്എല്‍ നാരായണന്, കെ ശശികിരണ്‍ എന്നിവരാണുള്ളത്. രണ്ടാമത്തെ ടീമില്‍ നിഹാല്‍ സരിന്, ഡി ഗുകേഷ്, ബി അധിബന്‍, ആര് പ്രഗ്നാനന്ദ, റൗണക് സാധ്വാനി എന്നിവരുണ്ടാകും.
കോനേരു ഹംപി, ഹരിക ദ്രോണവല്ലി, ആര് വൈശാലി, താനിയ സച്ച്ദേവ്, ഭക്തി കുല്‍ക്കര്‍ണി എന്നിവര്‍ ആദ്യ വനിതാ ടീമിനെ നയിക്കും. രണ്ടാം വനിതാ ടീമില്‍ വന്തിക അഗര്‍വാള്‍, സൗമ്യ സ്വാമിനാഥന്, മേരി ആന്‍ ഗോമസ്, പദ്മിനി റൗട്ട്, ദിവ്യ ദേശ്മുഖ് എന്നിവര്‍ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.