• HOME
 • »
 • NEWS
 • »
 • sports
 • »
 • ഒരു ഒളിമ്പിക് മെഡലിലേക്ക് അര നൂറ്റാണ്ട് ദൂരം;മാനുവൽ ഫ്രഡറിക്കിനും ശ്രീജേഷിനുമിടയിലെ 49 വർഷം

ഒരു ഒളിമ്പിക് മെഡലിലേക്ക് അര നൂറ്റാണ്ട് ദൂരം;മാനുവൽ ഫ്രഡറിക്കിനും ശ്രീജേഷിനുമിടയിലെ 49 വർഷം

അരനൂറ്റാണ്ടോളം അകലമുള്ള ഇരുവരുടെയും മെഡൽനേട്ടത്തിന് പക്ഷെ ഒരേ വികാരമാണ് പങ്കുവെക്കാനുള്ളത്.

P R Sreejesh

P R Sreejesh

 • Share this:
  1972 മ്യൂണിക്ക് ഒളിമ്പിക്സിൽ മാനുവൽ ഫ്രഡറിക്. 49 വർഷത്തിനു ശേഷം 2021ൽ പി. ആർ ശ്രീജേഷ്. കേരളത്തിന്റെ മണ്ണിലേക്ക് ഇരുവരും എത്തിച്ചത് പൊന്നിലും പോന്നായ വെങ്കലമാണ്.

  വർഷം 1972. അന്ന് ജർമനിയിലായിരുന്നു മൽസരം. ഇന്നു ജർമനിയെ തോൽപ്പിച്ച് ഇന്ത്യ വെങ്കലമണിയുമ്പോൾ ഇരമ്പിയാർത്തുവരികയാണ് ഹോക്കിപ്പാടങ്ങളിലെ പൊന്നണിഞ്ഞ പൊടിക്കാറ്റ്. മ്യൂണിക്ക് ഒളിമ്പിക്സിൽ സ്വർണം നേടിയത് അതിഥേയരായ പശ്ചിമ ജർമനി ആയിരുന്നെങ്കിലും അന്ന് അവർക്കുണ്ടായിരുന്നു ആവേശത്തിന് മുകളിലായിരുന്നു മലയാളികളുടെ ആവേശം. ഇന്നും അതുപോലെയുള്ള ആവേശമാണ് കേരളക്കരയാകെ അലയടിക്കുന്നത്. അന്നത്തെ ആവേശത്തിന് കാരണം കേരളത്തിന്റെ മണ്ണിലേക്ക് കണ്ണൂരുകാരൻ മാനുവൽ ഫ്രഡറിക് കൊണ്ടുവന്ന വെങ്കലത്തോളം വിലയുള്ള മറ്റൊന്നും അവർക്കുണ്ടായിരുന്നില്ല എന്നതായിരുന്നെങ്കിൽ പിന്നീട് അതുപോലൊരു നേട്ടം ആവർത്തിച്ചു കാണാനുള്ള മലയാളികളുടെ 49 വർഷത്തെ ആഗ്രഹം സഫലമായതാണ് ഇന്നത്തെ ആവേശത്തിന് കാരണം. ശ്രീജേഷിലൂടെ, കേരളക്കര അനുഭവിച്ച മെഡൽ വരൾച്ചക്കും ശമനമായിരിക്കുകയാണ്. അരനൂറ്റാണ്ടോളം അകലമുള്ള ഇരുവരുടെയും മെഡൽനേട്ടത്തിന് പക്ഷെ ഒരേ വികാരമാണ് പങ്കുവെക്കാനുള്ളത്.

  ഇന്നത്തെ ശ്രീജേഷ് എന്തായിരുന്നോ അതു തന്നെയായിരുന്നു അന്നത്തെ മാനുവൽ ഫ്രഡറികും. ശക്തരായ നെതർലൻഡ്‌സിനോടായിരുന്നു വെങ്കലത്തിനുള്ള പോരാട്ടം. ഇരമ്പിയാർത്തുവന്ന നെതർലൻഡ്‌സ് സംഘത്തിന് ഒരേ ഒരു ഗോൾ മാത്രമേ നേടാനായുള്ളു. ഇപ്പോൾ ജർമനിയുടെ ഇരമ്പലുകൾ ശ്രീജേഷിൽ തട്ടി അവാസനിച്ചതുപോലെ അന്ന് നെതർലൻഡ്‌സിന്റെ മിന്നൽപ്പിണരുകൾ മാനുവൽ നിഷ്പ്രഭമാക്കി.

  ബ്രിട്ടനെതിരേ ബിപി ഗോവിന്ദയും മുഖ്ബയിനും അഞ്ചു ഗോൾ നേടിയപ്പോൾ ഇന്ത്യയുടെ പോസ്റ്റിലേക്ക് ഒറ്റ പന്തുപോലും കടത്തിവിട്ടില്ല ഇന്ത്യയുടെ ഗോൾവല കാത്ത മാനുവൽ ഫ്രഡറിക്. ഓസ്‌ടേലിയയും കെനിയയും ന്യൂസിലൻഡുമെല്ലാം തോറ്റുപോയത് ഇന്ത്യ അടിച്ച ഗോളുകളുടെ എണ്ണം കൊണ്ടു മാത്രമായിരുന്നില്ല. മാനുവൽ തടുത്തിട്ട പെനൽറ്റി കോർണറുകൾ കൊണ്ടു കൂടിയായിരുന്നു. ആറു സെക്കൻഡ് ശേഷിക്കെ ഇന്നു ശ്രീജേഷ് തടുത്തിട്ടതുപോലെ അന്നു മാനുവൽ ഫ്രഡറിക്കും ഇന്ത്യക്കായി അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്.

  ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്ത് ഒളിമ്പിക്സിൽ നേടിയ മെഡലുകളിൽ ഒന്നാണ് മാനുവൽ ഫ്രഡറിക് അടങ്ങിയ ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. അന്ന് മാനുവലിന് പ്രായം ഏകദേശം 25 വയസ്സ്. എന്നാൽ പിന്നീട് ഹോക്കി ആസ്ട്രോ ടർഫിലേക്ക് മാറിയതോടെ ഇന്ത്യയുടെ ഹോക്കിയിലെ പ്രതാപവും പുറകോട്ട് പോയി. പിന്നീട് പതിയെ ടർഫുമായി ഇണങ്ങിയെങ്കിലും വലിയ വേദികളിൽ ഇന്ത്യക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാങ്ങളുടെയും ഫലമായി ഇന്ത്യൻ സംഘം കായിക ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുന്നു, ഇന്ത്യൻ ടീമിനൊപ്പം ടീമിന്റെ രക്ഷക വേഷം അണിഞ്ഞ ശ്രീജേഷ് ലോക ഭൂപടത്തിൽ കേരളത്തിന് വീണ്ടും മേൽവിലാസമുണ്ടാക്കി കൊടുത്തിരിക്കുന്നു.

  72ലെ ഇന്ത്യയുടേയും കേരളത്തിന്റെയും മെഡൽ ജേതാവായ മാനുവൽ ഫ്രഡറിക്കിന് ഇന്ന് പ്രായം 70 കഴിഞ്ഞിരിക്കുന്നു. ശ്രീജേഷിനാവട്ടെ ഇനിയൊരു ഒളിമ്പിക്സ് കളിക്കാനുള്ള ഭാഗ്യം ലഭിക്കുമോ എന്നറിയില്ല. അടുത്ത പാരീസ് ഒളിമ്പിക്സ് ആകുമ്പോഴേക്കും ശ്രീജേഷിന് വയസ്സ് 40നോട് അടുത്തെത്തും. ഇന്ത്യൻ ടീമിന്റെ ഗോൾവലക്ക് മുന്നിൽ ഉരുക്കുകോട്ട തീർത്ത് നിൽക്കുന്ന താരം പക്ഷെ ഓരോ വർഷം കഴിയുന്തോറും തന്റെ പ്രകടനത്തിന്റെ മികവും കൂട്ടികൊണ്ടിരിക്കുകയാണ്. ടോക്യോയിൽ നേടാൻ ബാക്കി വെച്ചത് പാരീസിൽ ശ്രീജേഷിന് നേടാൻ കഴിയട്ടെ എന്ന് നമുക്ക് ആശിക്കാം. ഒപ്പം തന്നെ ഈ ചരിത്ര വെങ്കലം ഇന്ത്യൻ ഹോക്കിക്ക് ഭാവിയിൽ മികവിലേക്ക് കുതിക്കുന്നതിനുള്ള ഇന്ധനമായി തീരട്ടെ എന്നും.
  Published by:Naveen
  First published: