നിശാക്ലബിൽവെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രശസ്ത ബ്രസീൽ താരം ഡാനി ആൽവ്സിനെ സ്പെയിനിൽ കോടതി റിമാൻഡ് ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. കേസ് അന്വേഷിക്കുന്ന ജഡ്ജി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഡാനി ആൽവ്സിനെ റിമാൻഡ് ചെയ്തത്. താരത്തെ സാന്റ് എസ്റ്റീവ് സെസ്റോവൈറസിലെ (ബാഴ്സലോണ) ബ്രയൻസ് 1 ജയിലിലേക്ക് അയച്ചു.
ബാഴ്സലോണയിലെ 15-ാമത് ഇൻസ്ട്രക്ഷൻ കോടതി ഈ വെള്ളിയാഴ്ച ഫുട്ബോൾ താരത്തിന് ജാമ്യം നിഷേധിക്കുകയും ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയുമായിരുന്നു. മുൻകരുതൽ എന്ന നിലയിൽ ഡാനി ആൽവ്സിനെ റിമാൻഡ് ചെയ്യണമെന്ന പ്രോസിക്യൂട്ടർ ഓഫീസിന്റെ അപേക്ഷ ജഡ്ജി അംഗീകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ, ആൽവസ് ലെസ് കോർട്ട്സിലെ മോസോസ് ഡി എസ്ക്വാഡ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കറ്റാലൻ പോലീസ് അദ്ദേഹത്തെ സിയുട്ടാറ്റ് ഡി ലാ ജസ്റ്റിസിയയിലെ കോടതിയിൽ ഹാജരാക്കി.
ഡിസംബർ 30 ന് രാത്രി ബാഴ്സലോണയിലെ നിശാക്ലബിലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്, ഫുട്ബോൾ താരം 23 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണം നടന്നശേഷം ഇരയായ യുവതി ക്ലബ് അധികൃതരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ ബാഴ്സലോണയിലെ ക്ലിനിക്കിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഇതേത്തുടർന്ന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് ഡാനി ആൽവ്സിന് നോട്ടീസ് നൽകി. രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ താരത്തെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയുടെ വാദം കേട്ട ശേഷമാണ് ജഡ്ജി താരത്തെ താൽക്കാലിക റിമാൻഡിൽ ജയിലിലേക്ക് അയക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.