മൈതാനത്ത് വീണ്ടും വിസിൽ മുഴങ്ങി; ധനരാജിന്റെ ഓർമ്മയിൽ ഒരു സെവൻസ് മത്സരം

മത്സരം നടന്നത് പെരിന്തൽമണ്ണയിൽ; ധനരാജ് അവസാനം കളിച്ച, വീണു മരിച്ച അതേ ഗ്രൗണ്ടിൽ

News18 Malayalam | news18-malayalam
Updated: January 11, 2020, 7:27 AM IST
മൈതാനത്ത് വീണ്ടും വിസിൽ മുഴങ്ങി; ധനരാജിന്റെ ഓർമ്മയിൽ  ഒരു സെവൻസ് മത്സരം
ധനരാജിന്റെ ഓർമ്മക്കായി നടന്ന ഫുട്ബോൾ മാച്ചിൽ നിന്നും
  • Share this:
ധനരാജിന്റെ ഓർമ്മയിൽ അവർ വീണ്ടും മൈതാനത്തിറങ്ങി, പന്ത് തട്ടി, ഓരോ കിക്ക്‌ എടുക്കുമ്പോഴും, ഓരോ തവണ മൈതാനത്തെ മൺ പൊടി പന്തിൽ നിറയുമ്പൊഴും അവർക്കൊപ്പം അദൃശ്യനായി ധനരാജും കളം നിറഞ്ഞ് കളിച്ചിരിക്കണം.

ആ കളിക്കാർക്ക് ഒപ്പം തന്റെ നെഞ്ചിൽ രണ്ടാഴ്ച മുൻപ് വീണു പൊലിഞ്ഞ  താരത്തെ ഓർത്ത് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലെ ഓരോ മൺ തരിയും പുൽക്കൊടിയും നെടുവീർപ്പിട്ടു കാണും, കണ്ണീർ വാർത്ത് കാണും. ധനരാജ് അനുസ്മരണ മൽസരത്തിൽ അക്ഷരാർത്ഥത്തിൽ ഓർമ്മകളുടെ പ്രവാഹമായിരുന്നു.

ധനരാജിന്റെ കുടുംബസഹായ ഫണ്ടിലേക്ക് തുക കണ്ടെത്താൻ വേണ്ടിയായിരുന്നു പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലെ മത്സരം. ധനരാജിന് ഒപ്പം സന്തോഷ് ട്രോഫി മൽസരങ്ങളിലും വിവിധ ക്ലബ്ബുകൾക്കും ടീമുകൾക്കും വേണ്ടി കളിച്ചവർ എല്ലാം ഒരു പന്തിന് പിന്നാലെ ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരേ ഓർമയിൽ ഓടി നടന്നു .

സക്കീർ മാനുപ്പ , സുഷാന്ത് മാത്യു, വാഹിദ് സാലി, ആസിഫ് സഹീർ തുടങ്ങി ധനരാജിന്റെ സുഹൃത്തുക്കൾ മൈതാനത്തിലുണ്ടായിരുന്നു. ഇവർ അടക്കം ധനരാജിന് ഒപ്പം പല ക്ലബ്ബുകൾക്കും വേണ്ടി ഒരുമിച്ച് ബൂട്ടണിഞ്ഞ കുറച്ച് പേർ കൂടി ധനരാജ് അനുസ്മരണ സെവൻസ് മാച്ചിൽ കളിച്ചു.

ധനരാജിന്റെ ഫോട്ടോ പതിച്ച ബാനർ പിടിച്ച് ഇവർ ഗ്രൗണ്ട് വലം വെച്ചപ്പോൾ നാലായിരത്തിലധികം പേർ തിങ്ങി നിറഞ്ഞ സ്റ്റേഡിയം മൊബൈലിൽ ടോർച്ച് തെളിച്ച് ധനരാജിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരമർപ്പിച്ചു . മലപ്പുറം എസ്.പി. യു.അബ്ദുൽ കരീം, എ.ഡി.എം. മെഹർ അലി തുടങ്ങി നിരവധി പ്രമുഖരും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇന്നത്തെ മൽസരത്തിലെ ടിക്കറ്റ് വരുമാനം മുഴുവൻ ധനരാജിൻെറ കുടുംബത്തിന് നൽകാനാണ് ഖാദറലി ടൂർണമെന്റ് കമ്മിറ്റി സംഘാടകരുടെ തീരുമാനം.

അനുസ്മരണ മൽസരത്തിന് ശേഷം നടന്ന ടൂർണമെന്റിൽ പെരിന്തൽമണ്ണ എഫ് സിയുടെ കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങിയത് ധനരാജിന്റെ പേര് പതിച്ച ജഴ്സി ധരിച്ച് ആയിരുന്നു. അവസാന ശ്വാസം വരെ കാൽപന്തിനൊപ്പം ജീവിച്ച, ഒടുവിൽ കളിക്കളത്തിൽ വീണ് പൊലിഞ്ഞ ധനരാജിനെ പ്രാണവായുവിനേക്കാൾ ഫുട്ബോളിനെ സ്നേ ഹിക്കുന്നവർ ഒരിക്കലും മറക്കില്ല. ധനരാജിന്റെ ഓർമ്മകൾ കാൽപന്തിനെ ഹൃദയങ്ങളിലേറ്റിയവരുടെയെല്ലാം ഹൃദയത്തിൽ ഗോളാകാതെ പോയ ഒരു മനോഹര ഫ്രീ കിക്ക് നൽകിയ നിരാശ പോലെ എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കും. ആ ഓർമകളിൽ ധനരാജ് അനശ്വരനാണ്.
Published by: meera
First published: January 11, 2020, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading