• HOME
 • »
 • NEWS
 • »
 • sports
 • »
 • ഇന്ത്യൻ ടീമിൽ 28 വർഷത്തിന് ശേഷം ഒരു പാഴ്സി വംശജൻ; അർസാൻ നാഗ്വസ്വാലയെക്കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യൻ ടീമിൽ 28 വർഷത്തിന് ശേഷം ഒരു പാഴ്സി വംശജൻ; അർസാൻ നാഗ്വസ്വാലയെക്കുറിച്ച് കൂടുതൽ അറിയാം

ഇടം കൈയ്യന്‍ ഗുജറാത്തി പേസറായ നാഗ്വസ്വാലയെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത് പല ക്രിക്കറ്റ് പ്രേമികള്‍ക്കും അത്ഭുതം സമ്മാനിച്ചു

Arzan_Nagwaswalla

Arzan_Nagwaswalla

 • Share this:
  ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടെസ്റ്റ്‌ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 20 അംഗ ഇന്ത്യന്‍ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചത്. ഇവര്‍ക്കൊപ്പം നാല് സ്റ്റാന്റ്‌ബൈ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും അതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഇതേ ടീം തന്നെയാണ് ഇറങ്ങുക. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ടീമിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുവ ബാറ്റ്സ്മാന്‍ പൃഥ്വി ഷായ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല. സ്റ്റാർ പേസർ ഭുവനേശ്വർ കുമാറിനെയും ടീമിൽ പരിഗണിച്ചിട്ടില്ല.

  എന്നാൽ നാല് സ്റ്റാന്റ്ബൈ താരങ്ങളിൽ മൂന്ന് പേർക്കും ആദ്യമായാണ് ഇന്ത്യൻ ടീമിൽ നിന്നും വിളിയെത്തിയിരിക്കുന്നത്. അഭിമന്യു ഈശ്വരന്‍, പ്രസീദ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വാല എന്നിവരാണ് സ്റ്റാന്‍ന്റ്‌ബൈ താരങ്ങള്‍. ഈയിടെ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് പ്രസീദ് കൃഷ്ണയെ ടീമിലുൾപ്പെടുത്താൻ കാരണം. സ്റ്റാന്‍ഡ് ബൈ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഭിമന്യു ഈശ്വരന്‍, ആവേശ് ഖാന്‍, പ്രസീദ് കൃഷ്ണ‌ എന്നീ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതരാണെങ്കിലും കൂട്ടത്തിലെ നാലാമനായ അര്‍സാന്‍ നാഗ്വസ്വാലയെ പലര്‍ക്കുമറിയില്ല എന്നതാണ് സത്യം.

  ഇടം കൈയ്യന്‍ ഗുജറാത്തി പേസറായ നാഗ്വസ്വാലയെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത് പല ക്രിക്കറ്റ് പ്രേമികള്‍ക്കും അത്ഭുതം സമ്മാനിച്ചു. 28 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് ഒരു പാഴ്സി വംശജൻ എത്തുന്നത്. ഫറൂഖ്‌ എഞ്ചിനീയർ അവസാന ടെസ്റ്റ്‌ കളിക്കുന്നത് 1975ലാണ്. ഡയാന എടുൽജി വനിതാ ടീമിൽ അവസാനമായി ഇറങ്ങിയത് 1993ലായിരുന്നു. യാതൊരു വിധ ക്രിക്കറ്റ് പശ്ചാത്തലങ്ങളുമില്ലാത്ത കുടുംബത്തില്‍ 1997ലാണ് നാഗ്വസ്വാല ജനിച്ചത്. 2018 ഫെബ്രുവരിയില്‍ രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ കളിച്ചാണ് താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ 8 ഓവറുകളെറിഞ്ഞ താരം 34 റണ്‍സ് വിട്ടു‌കൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

  2018-19 സീസണില്‍ അഭ്യന്തര ക്രിക്കറ്റിലെ വമ്പന്മാരായ മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് നാഗ്വസ്വാലയെ ക്രിക്കറ്റ് ലോകത്ത്‌ ആദ്യം പ്രശസ്തനാക്കിയത്. സൂര്യകുമാര്‍ യാദവ്, അര്‍മാന്‍ ജാഫര്‍, ആദിത്യ താരെ, ധ്രുമില്‍ മട്കര്‍, സിദ്ധേഷ് ലഡ്ഡ് എന്നിവരാണ് അന്ന് ഈ ഇടംകൈയ്യന്‍ പേസര്‍ക്ക് മുന്നില്‍ വീണത്.

  Also Read- ബയോബബിൾ അവസാനിപ്പിച്ച് ന്യൂസിലൻഡ് താരങ്ങൾ മാലിദ്വീപിലേക്ക്, സീഫേർട്ടിന് കോവിഡ്

  2019-20 സീസണിലെ രഞ്ജി ട്രോഫിയില്‍ മാരക വിക്കറ്റ് വേട്ടയായിരുന്നു നാഗ്വസ്വാലയുടേത്.‌ ഗുജറാത്തിന് വേണ്ടി കളിച്ച എട്ട് മത്സരങ്ങളില്‍ 41 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ഒരു തവണ 10 വിക്കറ്റ് പ്രകടനവും, മൂന്ന് തവണ അഞ്ചു വിക്കറ്റ് പ്രകടനവും കാഴ്ച വെച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ നാഗ്വസ്വാല, ഈ വര്‍ഷമാദ്യം നടന്ന വിജയ് ഹസാരെ ട്രോഫിയിലും 19 വിക്കറ്റുകളെടുത്ത് തിളങ്ങി.

  ആഭ്യന്തര ക്രിക്കറ്റിലെ ഇത്തരം തകർപ്പൻ പ്രകടനങ്ങളാണ് നാഗ്വസ്വാലയ്ക്ക് ഇന്ത്യൻ ടീമിലേക്ക് ക്ഷണമെത്തിച്ചത്. അതും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ. 'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് ആദ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യവും കണക്കിലെടുത്ത് ഐ സി സി ലോര്‍ഡ്‌സില്‍ നിന്നും ഫൈനല്‍ സതാംപ്ടണിലെ ഹാംപ്ഷയര്‍ബൗളിലേക്ക് മാറ്റുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്.

  News summary: Arzan Nagwaswalla, a Parsi in Team India after 28 years.
  Published by:Anuraj GR
  First published: