• HOME
  • »
  • NEWS
  • »
  • sports
  • »
  • 'കണക്കു തീര്‍ക്കാന്‍ നീലപ്പടയിറങ്ങുമ്പോള്‍' ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍

'കണക്കു തീര്‍ക്കാന്‍ നീലപ്പടയിറങ്ങുമ്പോള്‍' ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍

ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്

kohli-finch

kohli-finch

  • Last Updated :
  • Share this:
    #ലിജിന്‍ കടുക്കാരം

    ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിന് കൂടി അരങ്ങൊരുങ്ങിയിരിക്കുകയാണ്. ഓവലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

    ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. നാളെ മറ്റൊരു പോരാട്ടത്തിനിറങ്ങുന്ന വിരാടിനും സംഘത്തിനും കണക്ക് പുസ്തകത്തിലെ ഈ നാണക്കേടിന്റെ ആഴം കുറക്കുക എന്ന ചുമതല കൂടിയുണ്ട്.

    1983 ജൂണ്‍ 13

    ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം ആരംഭിക്കുന്നത് ഇന്ത്യ ജേതാക്കളായ 1983 ലെ ലോകകപ്പിലാണ്. 60 ഓവറുകളില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ് ചാപ്പലിന്റെ സെഞ്ച്വറിയുടെ മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് അടിച്ചുകൂട്ടിയത്. 131 പന്തുകള്‍ നേരിട്ട ചാപ്പല്‍ 110 റണ്‍സായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 37.5 ഓവറില്‍ 158 റണ്‍സിന് പുറത്താവുകയും ചെയ്തപ്പോള്‍ 162 റണ്‍സിന് ഓസീസ് മത്സരം സ്വന്തമാക്കി. ബൗളിങ്ങില്‍ 12 ഓവര്‍ എറിഞ്ഞ് 5 വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 27 പന്തില്‍ 40 റണ്‍സെടുക്കുകയും ചെയ്ത കപില്‍ദേവ് മാത്രമായിരുന്നു ഇന്ത്യന് നിരയില്‍ തിളങ്ങിയത്.

    1983 ജൂണ്‍ 20

    കൃത്യം ഒരാഴ്ചക്കയ്ക്കപ്പുറം ഓസീസിനെ വീണ്ടും മുന്നില്‍ കിട്ടിയ 'കപിലിന്റെ ചെകുത്താന്മാര്‍' 118 റണ്‍സിന്റെ ജയം നേടിയാണ് കങ്കാരുക്കള്‍ക്ക് ആദ്യ തിരിച്ചടി നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 55.5 ഓവറില്‍ 247 റണ്‍സിന് പുറത്തായെങ്കിലും രണ്ടാമത് ബാറ്റുചെയ്ത ഓസീസിനെ 38.2 ഓവറില്‍ 129 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. എട്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ റോജര്‍ ബിന്നിയായിരുന്നു കളിയിലെ താരം.

    1987 ഒക്ടോബര്‍ 9

    ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന തോല്‍വിയാണ് 1987 ലോകകപ്പില്‍ ചെന്നൈയില്‍ നടന്ന മത്സരത്തിലേത്. വിജയത്തിന്റെ വക്കില്‍ നിന്ന് 1 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ സ്റ്റീവ് വോയുടെ സംഘത്തോട് നേരിട്ടത്. 50 ഓവറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 269 റണ്‍സിന് ഔള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യയെ വിജയത്തിന്റെ തൊട്ടടുത്തെത്തിയ ഇന്ത്യയുടെ മനീന്ദര്‍ സിംഗിനെ വീഴ്ത്തിയ സ്റ്റീവ് വോയാണ് ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.

    1987 ഒക്ടോബര്‍ 22

    തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഓസീസിനെ 56 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ഒരു റണ്ണിന്റെ തോല്‍വിയുടെ കണക്ക് തീര്‍ത്തത്. സുനില്‍ ഗവാസ്‌കറും നവജ്യോത് സിദ്ധുവും ദിലിപ് വെങ്‌സര്‍ക്കാരും മുഹമ്മദ് അസ്ഹറുദ്ദിനും നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയ ഇന്ത്യ, ഓസീസിനെ 233 റണ്‍സില്‍ ഒതുക്കിയാണ് ജയം നേടിയത്. 3.5 ഓവറില്‍ 19 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അസ്ഹറുദ്ദീനായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി.

    1992 മാര്‍ച്ച് 1

    ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസീസ് വീണ്ടുമൊരു ഒരു റണ്‍സ് ജയം നേടിയ മത്സരമായിരുന്നു 1992 ലെ ബ്രിസ്ബന്‍ പോരാട്ടം. ആദ്യം ബാറ്റുചെയ്ത ഓസീസ് 9 വിക്കറ്റിന് 237 റണ്‍സ് നേടിയ മത്സരത്തില്‍ മഴ ഇടപെട്ടതോടെ വിജയലക്ഷ്യം 236 റണ്‍സായി പുനര്‍ നിശ്ചയിക്കപ്പെടുകയായിരുന്നു. അവസാന നിമിഷം വരെ വീറോടെ പോരാടിയെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സ് 47 ഓവറില്‍ 234 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

    1996 ഫെബ്രുവരി 27

    1996 ലെ ലോകപ്പില്‍ ഓസ്‌ട്രേലിയയോട് ആയിരുന്നില്ല മാര്‍ക് വോയോടായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റുചെയ്ത കങ്കാരുക്കള്‍ വോ യുടെ സെഞ്ച്വറിയുടെയും (126) മാര്‍ക് ടെയ്ലറിന്റെ അര്‍ധ സെഞ്ച്വറിയുടെയും (59) പിന്‍ബലത്തില്‍ 258 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നീലപ്പടയ്ക്ക് 48 ഓവറില്‍ 242 റണ്‍സ് മാത്രമെ എടുക്കാന്‍ കഴിഞ്ഞുള്ളു. ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു സച്ചിനെ (90) മാര്‍ക് വോയുടെ വൈഡ് ബോളില്‍ ഇയാന്‍ ഹീലി സ്റ്റംപ് ചെയ്തതായിരുന്നു മത്സരത്തില്‍ വഴിത്തിരിവായത്. 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.



    1999 ജൂണ്‍ 4

    1999 ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ ഓവലിലായിരുന്നു ഇന്ത്യയും ഓസീസും ഏറ്റമുട്ടിയത്. അന്ന് 77 റണ്‍സിന്റെ ജയമാണ് കങ്കാരുക്കള്‍ നേടിയത്. ആദ്യം ബാറ്റുചെയ്ത ഓസീസ് 50 ഓവറില്‍ 6 വിക്കറ്റിന് 282 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ ജയം സ്വപ്‌നം കണ്ടെങ്കിലും 48.2 ഓവറില്‍ 205 റണ്‍സിന് കൂടാരം കയറാനായിരുന്നു ഇന്ത്യയുടെ വിധി. മുന്‍നിര തകര്‍ന്ന ഇന്ത്യയെ ജഡേജയും (100), റോബിന്‍ സിങ്ങും (75) ചേര്‍ന്നാണ് വന്‍ പരാജയത്തില്‍ നിന്നും രക്ഷിച്ചത്.

    2003 ഫെബ്രുവരി 15

    ഓസീസ് പേസിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഓടിയൊളിച്ച മത്സരമായിരുന്നു 2003 ലെ ലോകകപ്പില്‍ സെഞ്ചൂറിയനില്‍ നടന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 41.4 ഓവറില്‍ 125 റണ്‍സിനാണ് ഓസീസ് എറിഞ്ഞിട്ടത്. 10 ഓവറില്‍ വെറും 13 റണ്‍സിന് 3 വിക്കറ്റ് വെീഴ്ത്തിയ ഗില്ലെസ്പിയായിരുന്നു ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 22.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയും ചെയ്തു.

    2003 മാര്‍ച്ച് 23

    ദാദായും കൂട്ടരും കിരീടം കൊണ്ടുവരുന്നത് കാത്തിരുന്ന ഇന്ത്യക്കാരെ റിക്കി പോണ്ടിങ്ങിന്റെ കങ്കാരുപ്പട തകര്‍ത്ത ദിനമാണ് 2003 മാര്‍ച്ച് 23. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ് 50 ഓവറില്‍ അടിച്ചുകൂട്ടിയത് 2 വിക്കറ്റിന് 359 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ 39.1 ഓവറില്‍ 234 റണ്‍സിന് ഓള്‍ഒട്ടാവുകയും ചെയ്തു. 82 റണ്‍സുമായി സെവാഗും 47 റണ്‍സടിച്ച ദ്രാവിഡും കിരീടം കൊണ്ടുവരുമെന്ന് മോഹിപ്പിച്ച ശേഷമായിരുന്നു അന്ന് കീഴടങ്ങിയത്.

    2011 മാര്‍ച്ച് 24

    ധോണിയും സംഘവും കിരീടമുയര്‍ത്തിയ ലോകകപ്പിലെ ആവേശപ്പോരാട്ടങ്ങളിലൊന്നാണ് അഹമ്മദാബാദില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍. ആദ്യം ബാറ്റുചെയ്ത ഓസീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടിയെങ്കിലും സച്ചിന്റെയും ഗംഭീറിന്റെയും യുവരാജിന്റെയും അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയും രണ്ട് വിക്കറ്രുകളും സ്വന്തമാക്കിയ യുവരാജായിരുന്നു മത്സരത്തിലെ താരം.

    2015 മാര്‍ച്ച് 26

    കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് കലാശപോരാട്ടത്തിന് ഓസീസ് യോഗ്യത നേടിയത് ഇന്ത്യയെ 95 റണ്‍സിന് തകര്‍ത്തായിരുന്നു. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കങ്കാരുക്കള്‍ സ്മിത്തിന്റെ സെഞ്ച്വറിയുടെയും (105) ഫിഞ്ചിന്റെ അര്‍ധ സെഞ്ച്വറിയുടെയും (81) മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്കായി ധോണിയും (65) ധവാനും (45) രഹാനെയും (44) പൊരുതി നോക്കിയെങ്കിലും 46.5 ഓവറില്‍ 233 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

    First published: