• HOME
 • »
 • NEWS
 • »
 • sports
 • »
 • 'സഞ്ജു ഖേദിക്കും, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം', വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

'സഞ്ജു ഖേദിക്കും, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം', വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

'തുടര്‍ച്ചയായി നാല് മത്സരങ്ങളാണ് സഞ്ജു കളിച്ചത്. മറ്റ് താരങ്ങള്‍ പ്ലെയിംഗ് ഇലവനില്‍ വന്നും പോയും ഇരിക്കുകയായിരുന്നു.'

sanju samson

sanju samson

 • Share this:
  ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് മികവുറ്റ ടീമിനെ വാര്‍ഞ്ഞെടുക്കുക എന്നതാണ് ബി സി സി ഐയുടെ പ്രധാന ലക്ഷ്യം. ഇത്തവണത്തെ ടി20 ലോകകപ്പ് യു എ ഈയിലും ഒമാനിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് നടക്കുക. എന്നാല്‍ ഇതിന് മുന്‍പായി ഇന്ത്യക്ക് അധികം പരിമിത ഓവര്‍ പരമ്പരകള്‍ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ മാത്രമാണ് ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് മുന്നില്‍ ആകെയുണ്ടായിരുന്നത്.

  ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി അവിടെ ആയതിനാല്‍ ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ബി സി സി ഐ ശ്രീലങ്കന്‍ പര്യടനത്തിനയച്ചത്. സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ലോകകപ്പ് സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു.

  ഇപ്പോഴിതാ ശ്രീലങ്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണിനെ വിമര്‍ശിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. തന്റെ വിമര്‍ശകരെ തിരുത്താനുള്ള അവസരങ്ങള്‍ വേണ്ടത്ര സഞ്ജുവിന് ലഭിച്ചുവെന്നും എന്നാല്‍ ആ അവസരങ്ങള്‍ സഞ്ജു നഷ്ടപ്പെടുത്തിയെന്നുമാണ് ചോപ്ര പറയുന്നത്. ഏകദിന അരങ്ങേറ്റത്തില്‍ 46 റണ്‍സ് നേടിയ സഞ്ജു ടി20യില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഇത് സഞ്ജുവിന് കുറ്റബോധമുണ്ടാക്കിയേക്കും. വലിയ അവസരമാണ് അവന്‍ നഷ്ടപ്പെടുത്തിയതെന്നും ആകാശ് ചോപ്ര പറഞ്ഞു.

  'നമ്മള്‍ സഞ്ജുവിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. അവന് നല്ല കഴിവുണ്ടെന്നും ബാറ്റിംഗ് കാണാന്‍ അഴകുണ്ടെന്നുമെല്ലാം. ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില്‍ മത്സരത്തില്‍ അഞ്ചാം ഓവറിലാണ് അവന്‍ ബാറ്റ് ചെയ്യാനെത്തിയത്. സ്‌കോര്‍ കണ്ടെത്തണമായിരുന്നു. പക്ഷെ വനിന്ദു ഹസരംഗ വന്ന് അവനെ കുടുക്കികളഞ്ഞു. തുടര്‍ച്ചയായി നാല് മത്സരങ്ങളാണ് സഞ്ജു കളിച്ചത്. മറ്റ് താരങ്ങള്‍ പ്ലെയിംഗ് ഇലവനില്‍ വന്നും പോയും ഇരിക്കുകയായിരുന്നു. പക്ഷെ സഞ്ജുവിന് ഇടവേളയില്ലാതെ നാല് മത്സരം ലഭിച്ചിരുന്നു. അവസാന ഏകദിനവും മൂന്ന് ട്വന്റി-20യും കിട്ടി'- ആകാശ് ചോപ്ര പറഞ്ഞു.

  തന്റെ ഏകദിന അരങ്ങേറ്റത്തില്‍ ശ്രദ്ധയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചുവെങ്കിലും പിന്നാലെ വന്ന ട്വന്റി-20 പരമ്പരയില്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. 27, 7,0 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ സഞ്ജു നേടിയ സ്‌കോറുകള്‍. ടീമിന് നിര്‍ണായകമായൊരു ഡി ആര്‍ എസ് അവസരം നഷ്ടമാക്കിയതിന്റെ പേരിലും താരത്തിന് കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

  ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മികച്ച അവസരം തുലച്ചതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പോലും ഇനി അദ്ദേഹത്തിന് പ്രയാസമായിരിക്കുകയാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പോലൊരു മികച്ച ടീമിന്റെ നായകനായ സഞ്ജുവിന് ദേശീയ ടീമിലെത്തുമ്പോള്‍ നിരന്തരം കാലിടറുന്നത് തുടര്‍ക്കഥയാവുകയാണ്.
  Published by:Sarath Mohanan
  First published: