നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'സിംഹം ചോരയുടെ രുചിയറിഞ്ഞു, ഇനിയവന്‍ നില്‍ക്കില്ല'; ഓവലില്‍ സെഞ്ച്വറി നേടിയ രോഹിത്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

    'സിംഹം ചോരയുടെ രുചിയറിഞ്ഞു, ഇനിയവന്‍ നില്‍ക്കില്ല'; ഓവലില്‍ സെഞ്ച്വറി നേടിയ രോഹിത്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

    മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്, യുവ്രാജ് സിങ്, ദിനേഷ് കാര്‍ത്തിക്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങി ഒട്ടനവധി സൂപ്പര്‍ താരങ്ങളും രോഹിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

    News18

    News18

    • Last Updated :
    • Share this:
      വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മയുടെ ആദ്യ ഓവര്‍സീസ് ടെസ്റ്റ് സെഞ്ചുറി പിറന്നിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഫോര്‍മാറ്റിന്റെ താളത്തിനൊത്ത് കരുതലോടെ ബാറ്റ് വീശിയ ഇന്ത്യന്‍ ഓപ്പണര്‍ ഒരുപാട് റെക്കോര്‍ഡുകളും ഇതിലൂടെ പഴങ്കഥയാക്കി. സിക്സര്‍ അടിച്ചുകൊണ്ട് ടെസ്റ്റ് സെഞ്ചുറി നേടുകയെന്ന 'സെവാഗ് സ്റ്റൈല്‍' ആണ് രോഹിത് ഓവലില്‍ സാധ്യമാക്കിയത്.

      2013ല്‍ അരങ്ങേറിയ ശേഷം നേട്ടം സ്വന്തമാക്കാനായി എട്ടുവര്‍ഷമാണ് രോഹിത്തിന് കാത്തിരിക്കേണ്ടി വന്നത്. 94 റണ്‍സില്‍ എത്തിനില്‍ക്കേ മോയീന്‍ അലിയെ ലോങ്ഓണിലൂടെ സിക്സര്‍ പറത്തിയാണ് രോഹിത്ത് സെഞ്ച്വറി ആഘോഷിച്ചത്. ഇപ്പോഴിതാ രോഹിത്തിന് അഭിനന്ദനവുമായി രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റെറ്ററുമായ ആകാശ് ചോപ്ര.

      'സിംഹം ചോരയുടെ രുചി തിരിച്ചറിഞ്ഞു' എന്നായിരുന്നു മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറഞ്ഞത്. 'രോഹിത്ത് വെറും ഹിറ്റ്മാനല്ല. സൂപ്പര്‍ ഹിറ്റ്മാനായിരിക്കുന്നു. ഇന്ത്യയിലെ ഏഴു സെഞ്ചുറികള്‍ക്കു ശേഷം വിദേശ മണ്ണില്‍ ശതകം. ഇതൊരു വലിയ കുതിപ്പിന്റെ തുടക്കം മാത്രമാണ്. സിംഹം ചോരയുടെ രുചി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയവന്‍ നില്‍ക്കില്ല. വേട്ടയാടല്‍ തുടരും, കൂടുതല്‍ സെഞ്ചുറികള്‍ ഇനിയും പിറക്കും'-ചോപ്ര പറഞ്ഞു.

      മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്, യുവ്രാജ് സിങ്, ദിനേഷ് കാര്‍ത്തിക്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങി ഒട്ടനവധി സൂപ്പര്‍ താരങ്ങളും രോഹിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

      ഈ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ പോക്കറ്റിലാക്കി. ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ദ്രാവിഡിന് 8 സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ രോഹിത് നേടിയത് 9ആം സെഞ്ചുറി ആയിരുന്നു. 9 സെഞ്ചുറികളില്‍ എട്ടും 2018നു ശേഷമാണ് രോഹിത് സ്‌കോര്‍ ചെയ്തത്. വിദേശ താരങ്ങളില്‍ 11 ശതകങ്ങളുമായി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് തലപ്പത്ത്.

      204 പന്തുകളില്‍ നിന്നാണ് രോഹിത് ഇന്നലെ സെഞ്ചുറി തികച്ചത്. 256 പന്തുകളില്‍ 127 റണ്‍സെടുത്ത താരത്തെ ഒടുവില്‍ ഒലി റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 83 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 153 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ രോഹിത് പങ്കാളിയായി.

      അതേസമയം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ വിദേശ ഓപ്പണര്‍ എന്ന നേട്ടം ഹിറ്റ്മാന് സ്വന്തമായി. ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മ്മയ്ക്കായിട്ടുണ്ട്. മത്സരത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സും രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി രോഹിത് ശര്‍മ്മ മാറുകയും ചെയ്തു. ഈ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് 34,357 റണ്‍സുമായി ഏറ്റവും മുന്നില്‍.
      Published by:Sarath Mohanan
      First published:
      )}