ഐ പി എല്ലിനായി ദേശീയ ടീമില്‍ നിന്ന് പിന്മാറ്റം; ഓസിസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോണ്‍ ഫിഞ്ച്
ഐ പി എല്ലിനായി ദേശീയ ടീമില്‍ നിന്ന് പിന്മാറ്റം; ഓസിസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോണ്‍ ഫിഞ്ച്
ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്, ജൈ റിച്ചാര്ഡ്സണ്, കെയിന്‍ റിച്ചാര്ഡ്സണ്, ഡാനിയേല്‍ സാംസ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ അതിനുശേഷം മത്സരത്തില്‍ നിന്നും പിന്മാറ്റം അറിയിക്കുകയായിരുന്നു.
ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങളില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയന്‍ ടീമിന്റെ മത്സരങ്ങള്‍ ഉപേക്ഷിച്ച കളിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് നായകന് ആരോണ്‍ ഫിഞ്ച് രംഗത്തെത്തിയിരിക്കുന്നു. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകള്‍ പ്രധാനപ്പെട്ടവയാണെന്ന് മത്സരങ്ങളില്‍ നിന്ന് പിന്മാറിയവര് ഓര്‍ക്കണമായിരുന്നെന്ന് ഫിഞ്ച് തുറന്നടിച്ചു. രാജ്യത്തിനായി നന്നായി കളിക്കുന്നവരെയാണ് ട്വന്റി 20 ലോകകപ്പിനായി പരിഗണിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരെ ഓസ്ട്രേലിയ പര്യടനം നടത്താന്‍ ഒരുങ്ങുന്നത്.
പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യം ക്രിക്കറ്റ് ഓസ്ട്രേലിയ സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്, ജൈ റിച്ചാര്ഡ്സണ്, കെയിന്‍ റിച്ചാര്ഡ്സണ്, ഡാനിയേല്‍ സാംസ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ അതിനുശേഷം മത്സരത്തില്‍ നിന്നും പിന്മാറ്റം അറിയിക്കുകയായിരുന്നു. സ്മിത്തിനെ കൈമുട്ടിലെ പരിക്കിനെത്തുടര്‍ന്നാണ് ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ആറ് താരങ്ങളും വിവിധ കാരണങ്ങളാള്‍ ഈ പരമ്പരകളില്‍ കളിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിക്കുകയായിരുന്നു. ഇത്രയും കളിക്കാര്‍ ഒരുമിച്ച് പിന്മാറിയത് നിരാശാജനകമാണെങ്കിലും കളിക്കാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് അറിയിച്ചിരുന്നു. ആഷസിന് മുമ്പ് സ്റ്റീവ് സ്മിത്ത് പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാവാന്‍ സമയം നല്‍കാനാണ് വിശ്രമം അനുവദിച്ചതെന്നും ഹോണ്‍സ് പറഞ്ഞു.
ദേശിയ ടീമിന്റെ താല്‍പ്പര്യത്തേക്കാള്‍ ഐ പി എല്ലിന് പ്രാധാന്യം നല്കി ടൂര്‍ണമെന്റ് കളിക്കാനായി പോവുമ്പോള്‍ അത് ന്യായീകരിക്കാന്‍ കളിക്കാര്‍ വല്ലാതെ പ്രയാസപ്പെടുമെന്ന് നായകന് ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി. വിന്‍ഡീസിനും ബംഗ്ലാദേശിനും എതിരായ പരമ്പരകള്‍ പ്രധാനപ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു. 'ടീമില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള അവരുടെ തീരുമാനം ശെരിക്കും ഞെട്ടിച്ചു. ഇവരുടെ അഭാവത്തില്‍ പല യുവ കളിക്കാര്‍ക്കും ടീമിലേക്ക് എത്താനായിട്ടുണ്ട്. ഇനി വരുന്ന പരമ്പരകളില്‍ മികവ് കാണിച്ചാല്‍ ടി20 ലോകകപ്പിലേക്ക് ഇവരെയാവും പരിഗണിക്കുക'- ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസമാണ് ഓസ്ട്രേലിയന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുക. അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിന മത്സരങ്ങളും ഇരു ടീമുകളും കളിക്കും. അതിനു ശേഷമാണ് ബംഗ്ലാദേശ് പര്യടനം. ബംഗ്ലാദേശ് പര്യടനത്തിന്റെ തിയ്യതിയില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം സെപ്റ്റംബര്‍ 19നാണ് കോവിഡ് മൂലം നിര്‍ത്തിവെച്ച ഐ പി എല്‍ 14ആം സീസണിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് തുടക്കമാവുക. ദുബായിയിലാണ് മത്സരങ്ങള്‍ നടക്കുക. ദുബായില്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ ഐ പി എല്‍ കളിക്കാനായി എത്തുമോയെന്നതും ആകാംക്ഷ ഉണര്‍ത്തുന്നതാണ്. ആരോണ്‍ ഫിഞ്ച് കഴിഞ്ഞ ഐ പി എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. ഇത്തവണത്തെ ലേലപ്പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും ഫിഞ്ചിനെ ഒരു ടീമും വാങ്ങിയിരുന്നില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.