HOME » NEWS » Sports » ACCIDENTAL HANDBALL NOT TO BE PENALISED UEFA TO ESTABLISH NEW RULE MM

ഗോൾ നേടുന്നതിനിടെ പന്ത് കൈയിൽ തട്ടിയാൽ ഫൗൾ ആയി കണക്കാക്കില്ല; പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ യുവേഫ

ജൂലൈ ഒന്ന് മുതലാകും പുതിയ നിയമം നടപ്പിലാകുന്നത്

News18 Malayalam | news18-malayalam
Updated: June 6, 2021, 6:51 AM IST
ഗോൾ നേടുന്നതിനിടെ പന്ത് കൈയിൽ തട്ടിയാൽ ഫൗൾ ആയി കണക്കാക്കില്ല; പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ യുവേഫ
(പ്രതീകാത്മക ചിത്രം)
  • Share this:
ഫുട്ബോളിലെ ഹാൻഡ് ബോൾ നിയമത്തിൽ മാറ്റം വരുന്നു. പുതിയ ഹാൻഡ് ബോൾ നിയമം ഈ മാസം ആരംഭിക്കുന്ന യൂറോ കപ്പ് ടൂര്‍ണമെന്റില്‍ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി യുവേഫ. ഫുട്ബോളിൽ നിലവിലെ ഹാൻഡ് ബോൾ നിയമപ്രകാരം ഗോള്‍ നേടുമ്പോള്‍ അബദ്ധവശാല്‍ പന്ത് താരത്തിൻ്റെ കൈയിൽ തട്ടിയാൽ പോലും ഗോൾ അനുവദിക്കാറില്ല. ഈ മാസം അരങ്ങേറുന്ന യൂറോ കപ്പില്‍ ഈ നിയമനത്തിന് പകരം പുതിയ ഹാൻഡ് ബോൾ നിയമം ആയിരിക്കുമെന്നാണ് യുവേഫയുടെ പ്രഖ്യാപനം. നേരത്തെ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ പഴയ നിയമ പ്രകാരം ഇത്തരത്തിൽ ഗോളുകൾ വാര്‍ പരിശോധന നടത്തി റഫറി നിഷേധിച്ചിരുന്നു.

ഈയിടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പുതിയ ഹാന്‍ഡ് ബോള്‍ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ഈ നിയമമാണ് യുറോ കപ്പില്‍ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പുതിയ നിയമ പ്രകാരം ഗോൾ അടിക്കാനൊരുങ്ങുമ്പോള്‍ പെനാല്‍റ്റി ബോക്‌സില്‍ ആ ടീമിലെ കളിക്കാരുടെ കൈയിൽ അബദ്ധവശാല്‍ പന്ത് തട്ടുകയാണെങ്കില്‍ അത് ഫൗൾ ആയി കണക്കാക്കില്ല. മേൽപ്പറഞ്ഞ ശ്രമത്തിലൂടെ നേടിയ ഗോൾ ടീം നേടിയതായി തന്നെ കണക്കാക്കും. നേരത്തെ വാര്‍ പരിശോധനയുടെ സഹായത്തോടെ ഇത്തരം ഗോളുകൾ റഫറി നിഷേധിച്ചിരുന്നു. ഇത് വിവാദമോയതോടെയാണ് നിയമത്തിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്.

യുവേഫയുടെ ചീഫ് റഫറിയിങ് ഓഫീസറായ റോബര്‍ട്ടോ റൊസെറ്റി പുതിയ ഹാൻഡ് ബോൾ നിയമത്തെ സ്വാഗതം ചെയ്യുകയും യൂറോ കപ്പില്‍ ഈ നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. റഫറിമാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. വ്യക്തമായ തെളിവുകൾ ഇല്ലാതെ വാര്‍ പരിശോധന നടത്തുന്നത് റഫറിമാര്‍ ഇതോടെ ഒഴിവാക്കും. ജൂലൈ ഒന്ന് മുതലാകും പുതിയ നിയമം നടപ്പിലാകുന്നത്. ഇതോടെ അബദ്ധവശാല്‍ കൈയില്‍ പന്ത് തട്ടുന്നത് ഗോള്‍ നിഷേധിക്കപ്പെടാനുള്ള കാരണമാകില്ല.



പന്ത് മനഃപൂർവം കൈ കൊണ്ട് തട്ടുകയോ, താരത്തിൻ്റെ കളത്തിലെ നീക്കങ്ങൾക്കിടയിൽ അസ്വാഭാവികമായ ഒരു പൊസിഷനിൽ വച്ച് പന്ത് തട്ടുകയോ ചെയ്താൽ മാത്രമേ റഫറിക്ക് പുതിയ നിയമപ്രകാരം ഹാൻഡ് ബോൾ എന്ന രീതിയിൽ ഫൗൾ വിളിക്കാൻ കഴിയുകയുള്ളൂ. പുതിയ നിയമം കളിക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാനും കളിയുടെ സ്പിരിറ്റ് നിലനിര്‍ത്താനും സാധ്യമാകുമെന്ന് റൊസെറ്റി വ്യക്തമാക്കി. അതേസമയം, ഓഫ്‌സൈഡ് എന്ന് തോന്നുന്നു ഗോളുകളിൽ വാറില്‍ സൂക്ഷ്മ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ കാണികൾക്ക് വാർ പരിശോധനയുടെ അവസാന തീരുമാനം മാത്രമേ ദൃശ്യമാകുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഓഫ്സൈഡ് ഗോളുകൾ പരിശോധിക്കുമ്പോൾ ആ പ്രക്രിയയുടെ മുഴുവൻ ദൃശ്യങ്ങളും കാണികൾക്ക് ലഭ്യമാകുന്നുണ്ട്. ഈ വരുന്ന യൂറോ കപ്പിൽ ഇതിൽ മാറ്റം വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ വർഷമാണ് യൂറോ നടക്കുന്നത് എങ്കിലും യൂറോ 2020 എന്ന പേരിലാണ് ടൂർണമെൻ്റ് അരങ്ങേറുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് കൊണ്ട് ഈ വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇത് കൊണ്ടാണ് യൂറോ 2020 എന്നത് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്പിലെ ഫുട്ബോൾ രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റ് ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെ 11 രാജ്യങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയമാണ് ഫൈനല്‍ മത്സര വേദി.

Summary: New Handball rule to be introduced in Euro 2020, which will not penalise a player for accidental handball during a goal attempt
Published by: user_57
First published: June 6, 2021, 6:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories