ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ശക്തമായ തിരിച്ചുവരവുമായി അചന്ദ ശരത് കമാല്‍; ചരിത്ര വിജയം നേടി പ്രീ ക്വാര്‍ട്ടേറിലേക്ക്

Tokyo Olympics | ശക്തമായ തിരിച്ചുവരവുമായി അചന്ദ ശരത് കമാല്‍; ചരിത്ര വിജയം നേടി പ്രീ ക്വാര്‍ട്ടേറിലേക്ക്

അചന്ദ ശരത് കമാല്‍

അചന്ദ ശരത് കമാല്‍

നിലവിലെ ചാമ്പ്യനായ മാ ലോങ്ങിനെയാണ് അടുത്ത റൗണ്ടില്‍ ശരത് കമാല്‍ നേരിടുക.

  • Share this:

ടോക്യോ ഒളിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സീനിയര്‍ താരം അചന്ദ ശരത് കമാല്‍ തകര്‍പ്പന്‍ വിജയവുമായി പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. കരിയറില്‍ ഇതാദ്യമായാണ് അദ്ദേഹം ഒളിമ്പിക്‌സിന്റെ പ്രീ ക്വാര്‍ട്ടര്‍ സ്റ്റേജിലേക്ക് യോഗ്യത നേടിയത്. ആവേശകരമായ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ അപോലോനിയയെയാണ് 39 കാരനായ ശരത് കമാല്‍ 4-2നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9. നിലവിലെ ചാമ്പ്യനായ മാ ലോങ്ങിനെയാണ് അടുത്ത റൗണ്ടില്‍ ശരത് കമാല്‍ നേരിടുക.

ഇഞ്ചോടിഞ്ച് പൊരുതിയാണ് പോര്‍ച്ചുഗീസ് താരത്തെ അദ്ദഹം മുട്ടുകുത്തിച്ചത്. ആദ്യ ഗെയിമില്‍ 2-11ന് നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്ത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ സ്വന്തമാക്കി ലീഡ് എടുത്ത ശരത് കമാലിനെ പോര്‍ച്ചുഗല്‍ താരം തിയാഗോ അപോലോനിയ ഒപ്പം പിടിയ്ക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീടൊരു പിഴവുകളും വരുത്താതെ അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി 4-2 ന്റെ വിജയം ശരത് നേടുകയായിരുന്നു.

പങ്കെടുത്ത കഴിഞ്ഞ മൂന്നു ഗെയിംസുകളിലും സാധിക്കാത്ത നേട്ടമാണ് ഇത്തവണ ശരത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. പതിഞ്ഞ താളത്തിലായിരുന്നു ശരത് മല്‍സരത്തില്‍ തുടങ്ങിയത്. ആദ്യ ഗെയിമില്‍ വെറും നാലു മിനിറ്റ് കൊണ്ട് അദ്ദേഹം കീഴടങ്ങിയിരുന്നു. പിന്നീടായിരുന്നു ശരത് തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്തത്. ആറു ഗെയിമുകളിലായി ആകെ 55 പോയിന്റ് നേടിയാണ് അദ്ദേഹം പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടി എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചതാണ് ശരത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

അതേസമയം വനിത ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യക്ക് പരാജയം നേരിട്ടിരിക്കുന്നു. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരം സുതീര്‍ത്ഥ മുഖര്‍ജ്ജി ആണ് പുറത്തായത്. ലോക റാങ്കിങ്ങില്‍ നൂറാം സ്ഥാനത്തുള്ള സുതീര്‍ത്ഥ രണ്ടാം റൗണ്ടില്‍ ലോക റാങ്കിങ്ങില്‍ 55ആം സ്ഥാനത്തുള്ള പോര്‍ചുഗലിന്റെ യു ഫുവിനെ ആണ് നേരിട്ടത്.

മികച്ച പ്രകടനം പുറത്തെടുക്കാന്‍ സുതീര്‍ത്ഥയ്ക്ക് സാധിച്ചില്ല. ഇതോടെ ആദ്യ ഗെയിമില്‍ 11-3ന്റെ അനായാസ വിജയം ആണ് യു ഫു നേടുകയായിരുന്നു. രണ്ടാം റൗണ്ടില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. രണ്ടാം ഗെയിമും 3-11ന് അവസാനിച്ചു. യു ഫു 11-5ന് മൂന്നാം ഗെയിമും സ്വന്തമാക്കി.

ഒളിമ്പിക്‌സിലെ റോവിങ്ങ് മത്സരത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനവുമായി അര്‍ജുന്‍ ലാല്‍ ജാട്ടും അരവിന്ദ് സിങ്ങും മുന്നേറിയിരിക്കുകയാണ്. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബ്ള്‍ സ്‌കള്ളിലാണ് ഇരുവരുമടങ്ങിയ ടീം സെമി ഫൈനലിലേക്ക് കടന്നിരിക്കുന്നത്. സീ ഫോറസ്റ്റ് വാട്ടര്‍വേയില്‍ നടന്ന മത്സരത്തില്‍ റെപഷെ റൗണ്ടില്‍ 6:51.36 എന്ന സമയത്തില്‍ മത്സരത്തില്‍ മൂന്നാമതായാണ് ഇന്ത്യന്‍ ജോഡി ഫിനിഷ് ചെയ്തത്. ആദ്യമായാണ് റോവിങ്ങില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തുന്നത്. 12 ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. രണ്ട് സെമി ഫൈനലുകളില്‍ നിന്ന് ആറു ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.

First published:

Tags: Tokyo Olympics, Tokyo Olympics 2020