• HOME
  • »
  • NEWS
  • »
  • sports
  • »
  • AFGHANISTAN CRICKET BOARD HAS SAID THAT THE SERIES AGAINST PAKISTAN WILL GO AHEAD AS SCHEDULED

പാകിസ്ഥാനുമായുള്ള പരമ്പര മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും: അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കുമെന്ന് ഹിക്മത് ഹസന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

News18

News18

  • Share this:


    പാകിസ്ഥാനുമായുള്ള സൂപ്പര്‍ ലീഗ് ഏകദിന പരമ്പര മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ നടക്കുന്ന പരമ്പര ശ്രീലങ്കയിലെ ഹമ്പന്തോട്ടയിലാണ് നടക്കുക. അഫ്ഗാന്‍ ടീമിന്റെ മീഡിയ മാനേജര്‍ ഹിക്മത് ഹസനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

    'പാകിസ്ഥാനുമായുള്ള പരമ്പര ഹമ്പന്തോട്ടയില്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഇതിനുപുറമെ ആഭ്യന്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങാന്‍ ഈ ടൂര്‍ണമെന്റ് സഹായിക്കും. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി വളരെ മോശമാണെങ്കിലും ക്രിക്കറ്റ് ടീം അംഗങ്ങള്‍ സുരക്ഷിതരാണ്, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.'- ഹസന്‍ പറഞ്ഞു.

    ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കുമെന്ന് ഹിക്മത് ഹസന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ പങ്കാളിത്തം സംബന്ധിച്ച് ഉയര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ്, രാജ്യത്തെ പ്രതിസന്ധികള്‍ക്കിടയിലും അഫ്ഗാന്‍ ടീം ലോകകപ്പില്‍ കളിക്കുമെന്ന പ്രതീകരണവുമായി ഹസന്‍ രംഗത്ത് വന്നത്.

    'ഞങ്ങള്‍ ടി20 ലോകകപ്പില്‍ കളിക്കും. ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ലഭ്യമായ താരങ്ങളെ വെച്ച് വൈകാതെ തന്നെ ടീമിന്റെ പരിശീലനം കാബൂളില്‍ ആരംഭിക്കും. വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള വേദി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലോകകപ്പിന് ഒരുങ്ങാനുള്ള മികച്ച അവസരമാണ് ഈ പരമ്പരയിലൂടെ താരങ്ങള്‍ക്ക് ലഭിക്കുക. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വേദിയുടെ കാര്യത്തില്‍ ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. അത് എങ്ങനെയാകുമെന്ന് നോക്കാം'-ഹസന്‍ പറഞ്ഞു.

    ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന് പുറമെ ഈ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളും എന്നിവരും ഉണ്ടാകും.

    ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.

    അതേസമയം യുഎഇയില്‍ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദത്തില്‍ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ പങ്കെടുക്കുമെന്ന് ഐ പി എല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ഥിരീകരിച്ചിരുന്നു. എ എന്‍ ഐയോട് സംസാരിച്ച എസ് ആര്‍ എച്ച് സി ഇ ഒ കെ.ഷണ്‍മുഖം രണ്ട് അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ ടീമിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. 'നിലവില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ സംസാരിച്ചിട്ടില്ല, പക്ഷേ അവര്‍ രണ്ടു പേരും ടൂര്‍ണമെന്റില്‍ ഉണ്ടാകും,' എസ്ആര്‍എച്ച് പ്രതിനിധി വ്യക്തമാക്കി
    Published by:Sarath Mohanan
    First published:
    )}