• HOME
  • »
  • NEWS
  • »
  • sports
  • »
  • താലിബാനെ ഭയന്ന് അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ നാടുവിട്ടു; പാലായനം ചെയ്തത് പാകിസ്താനിലേക്ക്

താലിബാനെ ഭയന്ന് അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ നാടുവിട്ടു; പാലായനം ചെയ്തത് പാകിസ്താനിലേക്ക്

പ്രതികാര നടപടികളും അടിച്ചമർത്തലുകളും ഭയന്നാണ് ആളുകൾ ജീവനും കൊണ്ട് വിവിധ രാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്നത്

പ്രതീകാത്മക ചിത്രം
(Getty Images)

പ്രതീകാത്മക ചിത്രം (Getty Images)

  • Share this:
    ലാഹോർ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ പാകിസ്താനിലേക്ക് പാലായനം ചെയ്തു. ബുർഖ ധരിച്ച് അതിർത്തി കടന്നാണ് ഇവർ പാകിസ്താനിലേക്ക് കുടിയേറിയത്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തി ഒരു മാസം പിന്നിട്ടപ്പോഴാണ് കായിക താരങ്ങൾ രാജ്യം വിട്ടത്.
    ജൂനിയർ കളിക്കാരും അവരുടെ പരിശീലകരും കുടുംബങ്ങളും കഴിഞ്ഞ മാസം രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കാബൂൾ വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ AFPയോട് പറഞ്ഞു.

    "ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മറ്റൊരു എൻ‌ജി‌ഒയിൽ നിന്ന് അവരെ രക്ഷിക്കാൻ എനിക്ക് അഭ്യർത്ഥന ലഭിച്ചു. അതിനാൽ അവർക്ക് പാകിസ്താനിൽ ഇറങ്ങാൻ അനുമതി തേടി പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തയച്ചു," ലണ്ടൻ ആസ്ഥാനമായുള്ള ആഗോള വികസന എൻ‌ജി‌ഒ ഫുട്ബോൾ ഫോർ പീസ് അംബാസഡർ സർദാർ നവീദ് ഹൈദർ പറഞ്ഞു. ചൊവ്വാഴ്ച 75ലധികം ആളുകൾ വടക്കൻ അതിർത്തി കടന്ന് പാകിസ്താനിലേക്ക് പാലായനം ചെയ്തു. ലാഹോർ നഗരത്തിലേക്ക് പോകുന്നതിനുമുമ്പ് അവരെ പുഷ്പമാലകൾ അണിയിച്ചാണ് പാകിസ്താൻ സ്വാഗതം ചെയ്തത്.
    അണ്ടർ 14, അണ്ടർ 16, അണ്ടർ 18 ടീമുകൾക്കായി കളിച്ച പെൺകുട്ടികൾ ബുർഖ ധരിച്ചാണ് അഫ്ഗാൻ - പാകിസ്താൻ അതിർത്തി കടന്നതെന്ന് ഹൈദർ പറഞ്ഞു. പിന്നീട് അവർ ശിരോവസ്ത്രം മാത്രം ധരിച്ചു.

    1990കളിലെ താലിബാന്റെ ആദ്യ ഭരണകാലത്ത് സ്ത്രീകൾ എല്ലാ കായിക ഇനങ്ങളും കളിക്കുന്നത് നിരോധിച്ചിരുന്നു. അഫ്ഗാനിലെ പുതിയ താലിബാൻ ഭരണാധികാരികൾ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന സൂചനകൾ നൽകിയിരുന്നു. സ്ത്രീകൾ കളിക്കേണ്ട "ആവശ്യമില്ല"എന്നാണ് ഒരു മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ ഓസ്ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഉന്നതതല താലിബാൻ നേതാക്കൾ ഇപ്പോഴും ഇക്കാര്യം ചർച്ച ചെയ്യുകയാണെന്നാണ് ചൊവ്വാഴ്ച അഫ്ഗാനിസ്ഥാന്റെ പുതിയ സ്പോർട്സ് ഡയറക്ടർ ജനറൽ ബഷീർ അഹ്മദ് റുസ്തംസായ് വ്യക്തമാക്കിയത്.

    പാകിസ്താൻ ഫെഡറൽ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി ബുധനാഴ്ച രാവിലെ ട്വീറ്റിലൂടെ വനിതാ ഫുട്ബോൾ ടീമിനെ സ്വാഗതം ചെയ്തു.


    "അഫ്ഗാനിസ്ഥാനിൽ നിന്ന് ടോർഖാം അതിർത്തിയിലെത്തിയ അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീമിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കളിക്കാർക്ക് സാധുവായ അഫ്ഗാനിസ്ഥാൻ പാസ്പോർട്ട്, പാകിസ്താൻ വിസ എന്നിവ ഉണ്ടായിരുന്നു. അവരെ പിഎഫ്എഫിലെ നൗമാൻ നദീം സ്വീകരിച്ചു," എന്നാണ് ചൗധരി ട്വീറ്റ് ചെയ്തത്.

    പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും പാകിസ്താനികൾക്കിടയിലെ മികച്ച കായിക താരവുമാണ്. താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം പതിനായിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ രാജ്യം വിട്ടോടി. പ്രതികാര നടപടികളും അടിച്ചമർത്തലുകളും ഭയന്നാണ് ആളുകൾ ജീവനും കൊണ്ട് വിവിധ രാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്നത്.
    Published by:Naveen
    First published: