നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആദ്യം സഹോദരന്റെ ആത്മഹത്യ, പിന്നീട് കോവിഡ് ബാധിച്ച് അച്ഛനും പോയി, ദുരിതങ്ങള്‍ക്കിടയില്‍ ചേതന്റെ അന്താരാഷ്ട്ര അരങ്ങേറ്റം

  ആദ്യം സഹോദരന്റെ ആത്മഹത്യ, പിന്നീട് കോവിഡ് ബാധിച്ച് അച്ഛനും പോയി, ദുരിതങ്ങള്‍ക്കിടയില്‍ ചേതന്റെ അന്താരാഷ്ട്ര അരങ്ങേറ്റം

  സഹോദരന്റെ വേര്‍പാടിന്റെ വേദന ചേതനെ അവര്‍ അറിയിച്ചിരുന്നില്ല. ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ അവര്‍ കാത്തു നിന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ഒരു ഭാഗത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയതിന്റെ സന്തോഷം അല തല്ലുമ്പോള്‍ മറുഭാഗത്ത് ജീവിതത്തില്‍ ചേതന് ഈ ഒരു വര്‍ഷം വേദനകളുടേതായിരുന്നു. ആദ്യം തന്റെ സഹോദരനെ നഷ്ടമായി. അതിനുശേഷം ഐ പി എല്ലിലേക്ക് വിളിയെത്തുന്നു. കോവിഡ് മഹാമാരി മൂലം ഐ പി എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. അതിനുശേഷം കോവിഡ് ബാധിച്ച് പിതാവും മരണപ്പെട്ടു.

   ജനുവരിയിലായിരുന്നു ചേതന്‍ സക്കറിയയ്ക്ക് സഹോദരനെ നഷ്ടമാകുന്നത്. ആത്മഹത്യയായിരുന്നു. ആ സമയത്ത് ചേതന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. സഹോദരന്റെ വേര്‍പാടിന്റെ വേദന ചേതനെ അവര്‍ അറിയിച്ചിരുന്നില്ല. ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ അവര്‍ കാത്തു നിന്നു. ടൂര്‍ണമെന്റിലെ ചേതന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് തന്റെ സഹോദരന്‍ മരിച്ചുവെന്ന സത്യം ചേതന്‍ സക്കറിയ അറിയുന്നത്.

   ആര്‍ സി ബിയുടെ നെറ്റ്സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ ഏഴ് മത്സരം ചേതന്‍ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. പഞ്ചാബിനെതിരായ ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ മായങ്ക്, രാഹുല്‍, റിച്ചാര്‍ഡ്സന്‍ എന്നിവരെ വീഴ്ത്തിക്കൊണ്ട് 3-31നാണ് ചേതന്‍ തിളങ്ങിയത്.

   ചേതന്റെ പിതാവ് ടെമ്പോ ഓടിച്ചാണ് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കുടുംബം പോറ്റിയിരുന്നത്. ഐ പി എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിന്റെ ഇടയിലാണ് പിതാവിന് കോവിഡ് പിടി പെടുന്നത്. ഐ പി എല്ലില്‍ നിന്ന് ലഭിച്ച തുകയിലൂടെ മെച്ചപ്പെട്ട ചികിത്സ തന്റെ പിതാവിന് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നെല്ലാം ചേതന്‍ പറഞ്ഞിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ കോവിഡ് മൂലം പിതാവും മരണപ്പെട്ടു.

   ഇതിന്റെ വേദനയിലിരിക്കെയാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുന്നത്. താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് അച്ഛന്റെ വലിയ സ്വപ്നമായിരുന്നുവെന്നാണ് ചേതന്‍ പറയുന്നത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ചേതന്‍ സക്കറിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. അഞ്ച് പ്രമുഖ താരങ്ങള്‍ക്ക് അരങ്ങേറ്റ മത്സരത്തിനുള്ള അവസരം നല്‍കിയ ഇന്ത്യന്‍ ടീമില്‍ എല്ലാ ആരാധകരും കാത്തിരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റവും നടന്നു.

   മത്സരം ഇന്ത്യ തോറ്റെങ്കിലും പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ചേതന്‍ സക്കറിയ ലങ്കന്‍ ബാറ്റ്സ്മാന്മാരെ ശെരിക്കും വിറപ്പിച്ചിരുന്നു. ഇനിയും കരിയറില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ ഈ യുവ താരത്തിന് കഴിയും. സഹീര്‍ ഖാനും ഒപ്പം ആശിഷ് നെഹ്റയും ഒഴിച്ചിട്ട ഇടംകയ്യന്‍ പേസ് ബൗളര്‍ സ്ഥാനത്തേക്ക് ചേതന്‍ കുതിക്കുമെന്ന വിശ്വാസം എല്ലാ ക്രിക്കറ്റ് ആരാധകരിലുമുണ്ട്.
   Published by:Sarath Mohanan
   First published: