ഏഴുമാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ടെന്നിസ് താരം
സാനിയ മിർസയും ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ
ഷോയിബ് മാലിക്കും നേരിൽ കണ്ടു. ദുബായിൽ വെച്ചാണ് ഇരുവരും ഒന്നിച്ചത്. കോവിഡ്
ലോക്ക്ഡൗണിനെ തുടർന്ന് ഹൈദരാബാദിലെ വീട്ടിലായിരുന്നു സാനിയ കഴിഞ്ഞത്. വിമാന സർവീസുകൾ റദ്ദാക്കിയിരുന്നതിനാൽ മാലിക്കിന് ഇത്രയും നാൾ ഇങ്ങോട്ടേക്ക് വരാനും കഴിഞ്ഞില്ല.
കോവിഡ് സാഹചര്യം പരിഗണിച്ച് ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. പ്രത്യേക അനുമതിയുള്ളവർക്കു മാത്രമാണ് രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ സാധിക്കുന്നത്. സാനിയ മകൻ ഇസാനൊപ്പം ദുബായിലേക്ക് പറക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലായിരുന്നു മാലിക്.
സാനിയയെയും മകനെയും കാണുന്നതിനായി മാലിക്
പാകിസ്ഥാനിലേക്ക് പോകാതെ യുഎഇയിൽ തുടരുകയായിരുന്നു. മകനൊപ്പം കളിക്കുന്ന വീഡിയോ മാലിക് പങ്കുവെച്ചിട്ടുണ്ട്.
കുടുംബത്തെ കാണുന്നതിനായി കഴിഞ്ഞ ജൂണില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാലിക്കിന് സമയം അനുവദിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ കാരണം താരത്തിന് പാകിസ്ഥാൻ വിടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഓഗസ്റ്റ് മൂന്നാം വാരം താരം ഇംഗ്ലണ്ടിലേക്കു പോയി. ഐസലേഷന് ശേഷം ട്വന്റി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും പൂർത്തിയാക്കി യുഎഇയിലെത്തി.
പാകിസ്ഥാന് അടുത്ത് രാജ്യാന്തര പരമ്പരകളൊന്നും ഇല്ലാത്തതിനാൽ മാലിക് കുറച്ചുനാൾ ദുബായിൽ തന്നെ താമസിക്കുമെന്നാണു കരുതുന്നത്.
നവംബറിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സല്‍മിക്കുവേണ്ടി മാലിക് കളിക്കാനിറങ്ങും. ടീമിന്റെ ക്യാപ്റ്റൻ മാലിക്കാണ്.
നീണ്ട അവധിക്കു ശേഷം കഴിഞ്ഞ വർഷം സാനിയ ടെന്നീസിലേക്കു മടങ്ങിയെത്തിയിരുന്നു. അതേസമയം കോവിഡ് മഹാമാരിയെ തുടർന്ന് യുഎസ് ഓപ്പണില്‍ കളിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.