ബിര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഓസീസ് സെമി ഫൈനലില്‍ ഒരു മത്സരം പരാജയപ്പെട്ടിരിക്കുകയാണ്. ആതിഥേയരായ ഇംഗ്ലിനോട് എട്ടുവിക്കറ്റിനാണ് ഓസീസ് പരാജയപ്പെട്ടത്. ഇന്ത്യയുടേതിന് സമാനമായി മുന്‍നിരയുടെ തകര്‍ച്ചയായിരുന്നു ഓസീസിനും തിരിച്ചടിയായത്. തോല്‍വിക്കിടയിലും ഓസീസിന് പ്രതീക്ഷ നല്കുന്ന പ്രകടനമായിരുന്നു അലക്സ് ക്യാരി പുറത്തെടുത്തത്.
വന്‍ തകര്‍ച്ചയില്‍ വീണുപോയ ടീമിനെ സ്മിത്തിനെ കൂട്ടുപിടിച്ചാണ് ക്യാരി കരകയറ്റിയത്. മത്സരത്തിനിടെ ചോരപൊടിഞ്ഞ വേദന മറച്ചുപിടിച്ചായിരുന്നു താരത്തിന്റെ പ്രകടനം. മുന്‍നിരയിലെ മൂന്നു താരങ്ങളും പെട്ടെന്ന് മടങ്ങിയപ്പോള്‍ അഞ്ചാമനായാണ് ക്യാരി ക്രീസിലെത്തുന്നത്.
14 ന് 3 എന്ന നിലയില്‍ ടീം തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രീസിലെത്തിയ താരം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ബാറ്റുതാഴ്ത്തുന്നത്. നേരിട്ട അഞ്ചാംപന്തില്‍ അപകടം നേരിട്ടിടത്ത് നിന്നായിരുന്നു ഈ പോരാട്ടം. ആര്‍ച്ചറുടെ തീപ്പന്ത് ഹെല്‍മറ്റും തെറിപ്പിച്ച് ക്യാരിയുടെ താടിയില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ചോര വാര്‍ന്നപ്പോഴും ഇളകിവീണ ഹെല്‍മറ്റ് സ്റ്റംപിലേക്ക് പതിക്കാതിരിക്കാന്‍ താരം ശ്രദ്ധിച്ചിരുന്നു.
മുറിവില്‍ മരുന്നുമായി കളിതുടര്‍ന്ന ക്യാരി ഇംഗ്ലീഷ് വേഗമൂര്ച്ചയില് പതറാതെ ടീമിനെ കരകയറ്റുകയായിരുന്നു. ബാന്ഡ്എയ്ഡിനു പുറത്തേക്ക് മുറിവില്‍ നിന്ന് ചോരയെത്തിയപ്പോള് ഇടവേളക്കിടെ വീണ്ടും മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടേണ്ടിവന്നു ക്യാരിയ്ക്ക്. പിന്നീട് മുഖത്തിനു ചുറ്റും കെട്ടുമായാണ് കളി തുടര്‍ന്നത്. ഒടുവില്‍ 46 റണ്‍സെടുത്ത് താരം പുറത്താവുമ്പോഴേക്കും മുറിവേറ്റിട്ടും പോരാട്ടം തുടര്‍ന്ന ധീരയോദ്ധാവിന്റെ താരപരിവേഷം ക്യാരിയ്ക്ക് ലഭിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.