• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ - അര്‍ജന്റീനയുടെ ആദ്യ സൂപ്പര്‍ സ്റ്റാര്‍

news18india
Updated: June 26, 2018, 9:24 PM IST
ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ - അര്‍ജന്റീനയുടെ ആദ്യ സൂപ്പര്‍ സ്റ്റാര്‍
news18india
Updated: June 26, 2018, 9:24 PM IST
#സിബി സത്യൻ

പണ്ട് പണ്ട് പണ്ട് വളരെപ്പണ്ട്, മെസിക്കും മറഡോണയ്ക്കും മുമ്പ്, സോക്കറിന്റെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ അര്‍ജന്റീനയില്‍ ജനിച്ചു. ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ.. കാല്‍പ്പന്തിന്റെ പൊന്നു തമ്പുരാന്‍. ബാര്‍സലോണയും റയല്‍ മഡ്രിഡും ഏതെങ്കിലും കളിക്കാരനു വേണ്ടി തമ്മിലടിച്ചിട്ടുണ്ടെങ്കില്‍, കോടതി കയറിയിട്ടുണ്ടെങ്കില്‍, സ്‌പെയിന്‍ ഭരിച്ചിരുന്ന ഏകാധിപതി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍, മൂന്നു രാജ്യങ്ങള്‍ ഏതെങ്കിലും കളിക്കാരനെ വിട്ടുകിട്ടാന്‍ കൈമെയ് മറന്ന് പൊരുതിയിട്ടുണ്ടെങ്കില്‍, ആ കളിക്കാരന്റെ പേര് ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ എന്നു മാത്രമായിരിക്കും. അതായിരുന്നു ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഈ കളിക്കാരന്‍ ബാക്കിവെച്ചത്. യൊഹാന്‍ ക്രൈഫ് ടോട്ടല്‍ ഫുട്‌ബോള്‍ കൊണ്ടുവരുന്നതിനും തലമുറകള്‍ക്കു മുമ്പേ ടോട്ടല്‍ ഫുട്‌ബോളിന്റെ ആദ്യവിത്തിട്ട പ്രതിഭാശാലി. അപാരമായ പന്തടക്കവും സ്റ്റാമിനയും കൊണ്ട് ലോകത്തെ ആനന്ദത്തിലാറാടിച്ചവന്‍.

റയല്‍ മഡ്രിഡ് എന്ന ക്ലബിനെ ലോകത്തിന്‍റെ നിറുകയിലെത്തിച്ചതിന്‍റെ ക്രെഡിറ്റ് ആര്‍ക്കെങ്കിലും അവകാശപ്പെടാനുണ്ടെങ്കില്‍ അതിലാദ്യത്തെ പേരുകാരന്‍ ഡി സ്‌റ്റെഫാനോ ആയിരിക്കും. 1956 മുതല്‍ 60 വരെ തുടര്‍ച്ചയായ അഞ്ചു യൂറോപ്യന്‍ ലീഗ് കിരീടങ്ങള്‍ (ഇന്നത്തെ ചാംപ്യന്‍സ് ലീഗ്) മാഡ്രിഡിന്റെ അലമാരയില്‍ എത്തിച്ചത് സ്റ്റെഫാനോയുടെ കളിമികവായിരുന്നു. രണ്ടു വട്ടം ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം.

1926ല്‍ അര്‍ജന്‍റീനയില്‍ ജനിച്ച ഡി സ്റ്റെഫാനോയ്ക്ക് ഫുട്‌ബോളായിരുന്നു എല്ലാം. ഫുട്‌ബോള്‍ ജ്വരത്തില്‍ നിന്നു രക്ഷിക്കാന്‍ ബന്ധുവിന്‍റെ ഫാമില്‍ ജോലി ചെയ്യാന്‍ വിട്ടു. ആ കാലം കളിയോടുള്ള ആവേശവും കൂട്ടി ഒപ്പം ശാരീരികമായി അങ്ങേയറ്റം കരുത്തനുമാക്കി. അര്‍ജന്റീനയിലെ റിവര്‍ പ്‌ളേറ്റുമായി കരാര്‍ ഒപ്പിട്ടു. കളി തുടരവേ, കളിക്കാരും ക്ലബ് ഉടമകളും തമ്മിലുള്ള പ്രതിഫലത്തര്‍ക്കം കാരണം അര്‍ജന്റീനയിലെ ക്‌ളബുകള്‍ പൂട്ടിയിട്ടതിനെത്തുടര്‍ന്ന് കൊളംബിയയിലേക്ക് എത്തി. ഫിഫയുടെ അധികാരപരിധിക്കു പുറത്തു രൂപീകരിച്ച ക്ലബുകളില്‍ ഒന്നായ മില്യണാരിയോസില്‍ ചേര്‍ന്നു. നാലുവര്‍ഷം കൊളംബിയയില്‍. ഏറ്റവും പ്രതിഭാധനന്‍മാരുടെ ഫോര്‍വേഡു നിരയില്‍ നായകനായി. 292 കളികളില്‍ നിന്ന് 267 ഗോളുകള്‍ നേടി. 1953 ല്‍ റയലിന്റെ 50-ാം പിറന്നാളുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ മില്യണാരിയോസിനു വേണ്ടി കളിക്കുമ്പോഴാണ് ഡി സ്റ്റെഫാനോ ആദ്യമായി സ്പാനിഷ് ഫുട്‌ബോളിന്‍റെ ശ്രദ്ധയില്‍ പെടുന്നത്.തുടര്‍ന്ന് നടന്നത് ചരിത്രം. അന്നത്തെ മഡ്രിഡ് ഉടമ സാന്‍റിയാഗോ ബെര്‍ണബ്യൂ (അതേ ആ പ്രശസ്തമായ റയല്‍ സ്‌റ്റേഡിയം അദ്ദേഹത്തിന്റെ പേരിലാണ്) മില്യണാരിയോസുമായി കരാറുണ്ടാക്കി. ഇതേസമയം ബാഴ്‌സലോണ സ്‌റ്റെഫാനോയുടെ യഥാര്‍ഥ ക്ലബായ റിവര്‍പ്‌ളേറ്റുമായും കരാര്‍ ഉണ്ടാക്കി. ഫിഫ ബാഴ്‌സലോണയുടെ കരാര്‍ അംഗീകരിച്ചു. കാരണം മില്യണാരിയോസിന്‍റെ കൊളംബിയന്‍ സമാന്തര ഫുട്‌ബോള്‍ ലീഗിനെ ഫിഫ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഒരു സ്പാനിഷ് കോടതി രണ്ടു ക്ലബുകള്‍ക്കും ഓരോ സീസണ്‍ ഡി സ്‌റ്റെഫാനോയെ മാറി മാറി കളിപ്പിക്കാം എന്നു വിധിച്ചു. അന്ന് സ്‌പെയിന്‍ ഭരിച്ചിരുന്ന ഏകാധിപതിയായ ഫ്രാങ്കോയുടെ ഇടപെടലും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നുവെന്നാണ് കേള്‍വി. കാരണം കാറ്റലോണിയന്‍ ദേശീയതയുടെ പ്രതീകമായ ബാഴ്‌സലോണയോട് ഇഷ്ടമില്ലാതിരുന്ന ഫ്രാങ്കോ റയലിന്‍റെ ആരാധകന്‍ കൂടിയായിരുന്നു. അങ്ങനെ ആദ്യ സീസണ്‍ റയലിനു വേണ്ടി കളിക്കാന്‍ നല്‍കപ്പെട്ടു. എന്നാല്‍ സ്പാനിഷ് ലീഗില്‍ സ്റ്റെഫാനോയുടെ പതിഞ്ഞ തുടക്കം കണ്ട് ബാഴ്‌സലോണ ഡി സ്‌റ്റെഫാനോയെ തങ്ങള്‍ക്കു വേണ്ടി കളിപ്പിക്കാനുള്ള അവകാശം വെച്ചൊഴിയാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിനു നാലു ദിവസത്തിനു ശേഷം ബാഴ്‌സലോണ അതിന്‍റെ വിലയറിഞ്ഞു. റയലും ബാര്‍സയും തമ്മിലുള്ള പോരാട്ടത്തില്‍ സ്‌റ്റെഫാനോയുടെ ഹാട്രിക്കോടെ 5-0 ന് റയലിന് വന്‍ വിജയം. പിന്നെ ഡി സ്‌റ്റെഫാനോയുടെ 38-ാം വയസില്‍ ക്ലബ് വിടുന്നതു വരെ സ്‌റ്റെഫാനോയ്ക്കും റയലിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായ അഞ്ച് യൂറോപ്യന്‍ ലീഗ് കിരീടങ്ങള്‍. എട്ട് ലാലിഗാ കിരീടങ്ങള്‍, 1953 മുതല്‍ 59 വരെ ഒരു വര്‍ഷമൊഴികെ എല്ലാതവണയും ലാലിഗാ ടോപ് സ്‌കോറര്‍. രണ്ടു ബലോന്‍ ഡി ഓര്‍, സൗഹൃദ മത്സരങ്ങളടക്കം 624 കളികളില്‍ നിന്നായി റയലിനു വേണ്ടി 405 ഗോളുകള്‍.

സ്വന്തം പെനാല്‍റ്റി ബോക്‌സില്‍ നിന്നു പന്തെടുത്ത് എതിര്‍ പെനാല്‍റ്റി ബോക്‌സിലെത്തിച്ച് ഗോള്‍ നേടാന്‍ ശേഷിയുള്ള കളിക്കാരനായിരുന്നു സ്‌റ്റെഫാനോ. കളിക്കാര്‍ അവരവരുടെ പൊസിഷനുകളില്‍ മാത്രം ഉറച്ചു നിന്നു കളിച്ച ഒരു കാലത്ത് കളിക്കളം മുഴുവന്‍ 90 മിനിറ്റും ഓടിക്കളിച്ച ഒരാള്‍. ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ആശയം യൂറോപ്യന്‍ ഫുട്‌ബോളിനെ മാറ്റി മറിക്കുന്നതിനും ഒരു തലമുറ മുമ്പായിരുന്നു ഇതെന്ന് ഓര്‍ക്കണം. സ്‌റ്റെഫാനോ ഒപ്പം കളിക്കുമ്പോള്‍ രണ്ടു കളിക്കാര്‍ ഒപ്പമുണ്ടെന്നു തോന്നുമെന്നു സഹകളിക്കാര്‍ അഭിപ്രായപ്പെട്ടത് പൊസിഷനുകള്‍ അതിവേഗം മാറാനും അനായാസം പാസ് നല്‍കാനും സ്വീകരിക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷി കൊണ്ടായിരുന്നു. എന്നാല്‍ കളിക്കളത്തില്‍ സ്വാര്‍ഥനായ കളിക്കാരന്‍ കൂടിയായിരുന്നു സ്റ്റെഫാനോ. ബ്രസീലിന്റെ ഡിഡി റയലിലെത്തിയപ്പോള്‍ സ്‌റ്റെഫാനോ പലപ്പോഴും പാസ് നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഡിഡിക്ക് അടുത്ത സീസണില്‍ ക്ലബ് വിടേണ്ടി വന്നു.
Loading...1963ല്‍ വെനിസ്വേലന്‍ ഗറില്ലകള്‍, റയല്‍ ടൂറില്‍ പങ്കെടുക്കാനെത്തിയ സ്റ്റെഫാനോയെ കരക്കാസിലെ ഹോട്ടല്‍ മുറിയില്‍ നിന്നു തട്ടിക്കൊണ്ടുപോയി. സ്പാനിഷ് കമ്യൂണിസ്റ്റായ ജൂലിയന്‍ ഗ്രിമാവു ഗാര്‍ഷ്യയെ സ്‌പെയിന്‍ ഏകാധിപതി ഫ്രാങ്കോയുടെ സൈന്യം വെടിവെച്ചു കൊന്നതിനുള്ള പ്രതികാരമായിരുന്നു. ലോകഫുട്‌ബോളിനെ ഞെട്ടിച്ച സംഭവമായിരുന്നു അത്. എന്നാല്‍, സ്റ്റെഫാനോയുടെ കളിമികവിനെ ആരാധിച്ചിരുന്ന ഗറില്ലകള്‍ രണ്ടു ദിവസത്തിനു ശേഷം അയാളെ മോചനദ്രവ്യം പോലും വാങ്ങാതെ വിട്ടയച്ചു. വിട്ടയയ്ക്കപ്പെട്ട അന്ന് വൈകിട്ട് അടുത്ത മത്സരം കളിക്കാനിറങ്ങിയ സ്‌റ്റെഫാനോയെ ഗ്യാലറികള്‍ കയ്യടിയോടെ എഴുന്നേറ്റു നിന്നാണ് സ്വീകരിച്ചത്.

 

ഡി സ്‌റ്റെഫാനോ മൂന്നു രാജ്യങ്ങള്‍ക്കു വേണ്ടി ജഴ്‌സിയണിഞ്ഞു. ആറുതവണ അര്‍ജന്റീനയ്ക്കും മൂന്നു തവണ കൊളംബിയയ്ക്കും വേണ്ടി. 1947 ല്‍ സൗത്ത് അമേരിക്കന്‍ ചാംപ്യന്‍ഷിപ്പ് നേടിയ അര്‍ജന്‍റീന ടീമിനു വേണ്ടി ആറു കളിയില്‍ നിന്ന് ആറു ഗോളുകള്‍ നേടി. 1956ല്‍ സ്പാനിഷ് ഭരണാധികാരിയായിരുന്ന ഫ്രാങ്കോയുടെ ക്ഷണം സ്വീകരിച്ച് സ്പാനിഷ് പൗരത്വം സ്വീകരിക്കുകയും സ്‌പെയിന്‍റെ ദേശീയ ടീമിലെത്തുകയും ചെയ്തു. ക്ലബുകള്‍ക്കു വേണ്ടി രാജ്യത്തെ തള്ളിപ്പറയുന്ന അര്‍ജന്റൈന്‍ പാരമ്പര്യത്തിന് അവരുടെ ആദ്യ സൂപ്പര്‍ സ്റ്റാറായ സ്റ്റെഫാനോയോളം പഴക്കമുണ്ടെന്ന് ചുരുക്കം. പക്ഷേ വിചിത്രമെന്നു തോന്നാം ഒറ്റ ലോകകപ്പില്‍ പോലും കളിക്കാന്‍ സ്‌റ്റെഫാനോയ്ക്ക് യോഗമുണ്ടായില്ല. 1950 ലെയും 1954 ലെയും ലോകകപ്പുകളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അര്‍ജന്റീനയ്ക്കു പങ്കെടുക്കാനായില്ല. 1957 ല്‍ സ്‌പെയിന്‍ ദേശീയ ടീമിലെത്തിയെങ്കിലും 1958 ലെ ലോകകപ്പിലേക്ക് സ്‌പെയിന്‍ ക്വാളിഫൈ ചെയ്തില്ല. 1962 ല്‍ സ്റ്റെഫാനോയുടെ കളിമികവില്‍ സ്‌പെയിന്‍ ക്വാളിഫൈ ചെയ്‌തെങ്കിലും പരുക്കേറ്റ സ്റ്റെഫാനോയ്ക്ക് ഒറ്റ കളി പോലും കളിക്കാനായില്ല. അങ്ങനെ ലോകം കണ്ട മഹാന്‍മാരിലൊരാളായ ഫുട്‌ബോളറുടെ ജീവിതം ലോകകപ്പിലെ ഒറ്റ കളിയില്‍ പോലുമെത്താനാകാതെ അവസാനിച്ചു.

 

1960ല്‍ ഹാംപ്റ്റണ്‍ പാര്‍ക്കില്‍ നടന്ന യൂറോപ്യന്‍ ലീഗ് ഫൈനല്‍ മത്സരം മഡ്രീഡും ജര്‍മൻ ക്ലബ്ബായ ഐന്‍ട്രാക്‌സ് ഫ്രാങ്ക്ഫര്‍ട്ടും തമ്മിലായിരുന്നു. ഗ്‌ളാക്‌സോ റേഞ്ചേഴ്‌സിനെ സെമിയില്‍ 12 ഗോളിനു പരാജയപ്പെടുത്തിയാണ് ഐന്‍ട്രാക്‌സ് സെമിയിലെത്തിയത്. തുടക്കത്തില്‍ ഒരു ഗോളിനു പിന്നിലായെങ്കിലും സ്റ്റെഫാനോയുടെ ചിറകിലേറിയ റയല്‍ 7-3 ന് ആ മത്സരം വിജയിച്ചു. സ്‌റ്റെഫാനോ മൂന്നുഗോള്‍ നേടിയ ആ മത്സരത്തില്‍ ബാക്കി നാലെണ്ണം നേടിയത് ഹംഗറിയുടെ ഇതിഹാസതാരം പുസ്‌കാസായിരുന്നു. ഒന്നേകാല്‍ ലക്ഷം കാണികളെ സാക്ഷിയാക്കിയ ആ മത്സരം യൂറോപ്യന്‍ ക്ലബ് ചരിത്രത്തിലെ ഏറ്റവും അത്യാവേശകരമായ മത്സരമെന്നാണ് അറിയപ്പെടുന്നത്.40-ാം വയസില്‍ കളിയില്‍ നിന്നു വിരമിച്ച ശേഷം ബൊക്കാ ജൂനിയേഴ്‌സിന്റെ പരിശീലകനായി തിരികെ അര്‍ജന്റീനയിലത്തിയ സ്റ്റെഫാനോയെ ദേശീയമാധ്യമങ്ങള്‍ വഞ്ചകന്‍ എന്നു വിളിച്ചു. ആ സീസണിനു ശേഷം സ്റ്റെഫാനോ വീണ്ടും തിരികെ സ്‌പെയിനിലെത്തി വലന്‍സിയയുടെ പരിശീലകനായി. കുറേക്കാലത്തിനു ശേഷം റയലിലേക്ക് തിരികെ വരികയും റയലിന്റെ ഒപ്പം നടക്കുകയും ചെയ്തു. റയല്‍ 2000 ല്‍ സ്റ്റെഫാനോയെ അവരുടെ ഓണററി പ്രസിഡന്റാക്കി. അദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയവും നിര്‍മ്മിച്ചു. 88-ാം വയസില്‍ 2014 ല്‍ സ്റ്റെഫാനോ വിട പറഞ്ഞു.

ദേശീയതയേക്കാള്‍ ക്ലബ്ബിനും കരിയറിനും പ്രാധാന്യം കൊടുത്ത ലാറ്റിനമേരിക്കന്‍ കളിക്കാരുടെ ആദ്യശ്രേണി തുടങ്ങിയത് സ്റ്റെഫാനോയില്‍ നിന്നാണെന്നു നിസംശയം പറയാം. പക്ഷേ ദേശീയതയെക്കാളുപരി കാല്‍പ്പന്തു കൊണ്ട് തീര്‍ത്ത മായാജാലത്തിന്റെ പേരില്‍ സ്റ്റെഫാനോ ലോകത്തിന്റെ കാല്‍പ്പന്തു ചരിത്രത്തിലെ വിഗ്രഹങ്ങളിലൊന്നായിത്തന്നെ തുടരും. അര്‍ജന്റീന ജന്മം കൊടുത്ത പ്രതിഭാധനന്‍മാരില്‍ ആദ്യപേരുകാരന്‍ ഇയാള്‍ ആയിരിക്കുക തന്നെ ചെയ്യും.
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...