ക്രിക്കറ്റിന്റെ ദൈവം' എന്ന വിശേഷണമുള്ള വ്യക്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും സച്ചിന് കരിയര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് തന്റെ പേരിലാക്കിയിരുന്നു. 200 ടെസ്റ്റുകളിലും, 463 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ച സച്ചിന് 34,000ത്തിലധികം റണ്‍സ് കരിയറില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനെ മറികടക്കാന്‍ ഇതുവരെ ഒരു ക്രിക്കറ്റ് താരത്തിനും കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിസ്മയത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തുകയാണ് സൗത്ത് ആഫ്രിക്കന്‍ പേസ് ഇതിഹാസം അലന് ഡൊണാള്‍ഡ്. കരിയറില്‍ താന്‍ നേരിട്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതികത്തികവുളള ബാറ്റ്സ്മാന് സച്ചിനാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസെന്ന യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ഇക്കാര്യം പറഞ്ഞത്.
'കരിയറില്‍ ഞാന്‍ നേരിട്ടവരില്‍ ഏറ്റവും സാങ്കേതികത്തികവുള്ള താരം സച്ചിനായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാന്‍ അദ്ദേഹം വന്നപ്പോഴായിരുന്നു എനിക്ക് ഇതു ബോധ്യമായത്. സച്ചിന് ഏതു സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ സമയത്ത് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മറ്റു താരങ്ങളേക്കാള്‍ മികച്ച ബാറ്റിങ് ടെക്നിക്കും സച്ചിനായിരുന്നു. 28-30 ഓവറുകള്‍ സച്ചിന് ക്രീസില്‍ നില്ക്കുകയാണെങ്കില് പിന്നീട് അദ്ദേഹത്തെ പുറത്താക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മറ്റു ബാറ്റ്സ്മാന്മാരേക്കാള് നന്നായി സച്ചിന് ബാറ്റ് ചെയ്തു. മാത്രമല്ല മികച്ച ബോളുകളെ അതു പോലെ മികച്ച രീതിയില്‍ തന്നെ ലീവും ചെയ്തിരുന്നു.'- ഡൊണാള്‍ഡ് വിശദമാക്കി.
അതേസമയം സ്ട്രോക്ക് പ്ലേയില്‍ ലാറയെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ബാറ്റ്സ്മാന് ഉണ്ടായിരുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കാണുന്നയാള്‍ക്കു ചിരി വരുന്ന ചില അസാധാരണ ഷോട്ടുകളും ലാറ കളിക്കുമായിരുന്നുവെന്നും ഡൊണാള്‍ഡ് നിരീക്ഷിച്ചു. സച്ചിന്, ലാറ എന്നിവരെക്കൂടാതെ ഓസ്ട്രേലിയയുട മുന്‍ നായകന് സ്റ്റീവ് വോ, ഇംഗ്ലണ്ടിന്റെ മൈക്കല്‍ അതേര്‍ട്ടന്‍ എന്നിവരാണ് താന്‍ കണ്ടിട്ടുള്ള മറ്റു മികച്ച ബാറ്റ്സ്മാന്മാരെന്നും ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഈയിടെ സച്ചിന് തെണ്ടുല്‍ക്കറെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന് സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തറും രംഗത്തെത്തിയിരുന്നു. സച്ചിനെയും കോഹ്ലിയെയും താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായാണ് അക്തര്‍ രംഗത്തെത്തിയത്. കോഹ്ലി കളിച്ചത് സച്ചിന്റെ കാലഘട്ടത്തിലല്ലയെന്നും ആ കാലഘട്ടത്തിലെ പോലെ മികച്ച ബൗളര്‍മാര്‍ ഇന്നില്ലയെന്നും അക്തര്‍ തുറന്നടിച്ചു.
'കോഹ്ലിയെ സച്ചിന് തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നത് ഇനിയെങ്കിലും നിര്‍ത്തൂ. കോഹ്ലി സച്ചിന്റെ കാലഘട്ടത്തിലല്ല കളിച്ചത്. സച്ചിന് കളിച്ചത് 50 ഓവര്‍ ക്രിക്കറ്റിന്റെ കാലഘട്ടത്തിലാണ്. അവിടെ 10 ഓവറിന് ശേഷം ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിങ് ലഭിക്കും. സച്ചിന് നേരിട്ടതാകട്ടെ വസിം അക്രത്തെയും വഖാര്‍ യൂനിസിനെയും ഒപ്പം ഷെയ്ന് വോണിന്റെ സ്പിന്‍ ബൗളിങിനെയും'- അക്തര്‍ പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.