• HOME
  • »
  • NEWS
  • »
  • sports
  • »
  • Yasin Malik | വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് പിന്തുണയുമായി അഫ്രീദി; തിരിച്ചടിച്ച് അമിത് മിശ്ര

Yasin Malik | വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് പിന്തുണയുമായി അഫ്രീദി; തിരിച്ചടിച്ച് അമിത് മിശ്ര

മുമ്പും കശ്മീരിലെ വിഘടനവാദി പോരാട്ടങ്ങളെ പിന്തുണച്ച് അഫ്രീദി പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പേരിൽ മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപി ഗൗതം ഗംഭീറുമായി വാക് പോരിലും മുൻ പാക് ക്യാപ്റ്റൻ ഏർപ്പെട്ടിട്ടുണ്ട്.

  • Share this:
    കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ (Yasin Malik) പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയിട്ട (Shahid Afridi) ട്വീറ്റിന് ചുട്ട മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര( Amit Mishra). തീവ്രവാദ ഫണ്ടിംഗ് കേസിൽ (Terror Funding Case) ഡൽഹി കോടതി മാലിക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് മാലിക്കിനെ പിന്തുണച്ച് അഫ്രീദി ട്വീറ്റ് ചെയ്തത്.

    മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വൃഥാവിലാവുമെന്നും കെട്ടിച്ചമച്ച കേസില്‍ യാസിന്‍ മാലിക്കിനെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചതുകൊണ്ട് കശ്മീരിലെ സാതന്ത്ര്യ പോരാട്ടത്തെ അടിച്ചമര്‍ത്തനാവില്ലെന്നുമാണ് അഫ്രീദി ട്വീറ്റ് ചെയ്തത്. കശ്മീരി നേതാക്കളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്ന അനീതി യുഎന്‍ ശ്രദ്ധിക്കണമെന്നു൦ അഫ്രീദി തന്റെ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.


    അഫ്രീദി ട്വീറ്റിട്ടതിന് പിന്നാലെ തന്നെ അതിനുള്ള മറുപടിയുമായി അമിത് മിശ്ര രംഗത്തെത്തി. യാസിൻ മാലിക് കോടതിയില്‍ കുറ്റം സമ്മതിച്ചതാണെന്നും ഇത് രേഖകളിൽ ഉണ്ടെന്നും മറുപടി നല്‍കിയ അമിത് മിശ്ര, അഫ്രീദിയുടെ ജനനത്തീയതി പോലെ എല്ലാ കാര്യങ്ങളും തെറ്റിദ്ധാരണജനകമല്ലെന്നും ട്വീറ്റിൽ ചേർത്തു.


    അതേസമയം, ഇതാദ്യമായല്ല അഫ്രീദി കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്തുവരുന്നത്. മുമ്പും കശ്മീരിലെ വിഘടനവാദി പോരാട്ടങ്ങളെ പിന്തുണച്ച് അഫ്രീദി പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പേരിൽ മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപി ഗൗതം ഗംഭീറുമായി വാക് പോരിലും മുൻ പാക് ക്യാപ്റ്റൻ ഏർപ്പെട്ടിട്ടുണ്ട്.

    Also read- Yasin Malik| തീവ്രവാദത്തിന് ഫണ്ട്: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം

    2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ൽ സുരക്ഷാ സേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. കേസിൽ 2019ലായിരുന്നു മാലിക് അറസ്റ്റിലായത്.

    കേസിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും മാലിക് നേരത്തെ സമ്മതിച്ചിരുന്നു. ഐപിസി സെക്ഷൻ 121 (ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക), യുഎപിഎയുടെ സെക്ഷൻ 17 (ഭീകര നിയമത്തിന് ഫണ്ട് ശേഖരിക്കൽ) എന്നിവ അടിസ്ഥാനമാക്കിയാണ് എൻഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കേസിൽ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ച ലഷ്‌കറെ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
    Published by:Naveen
    First published: