നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആരാധകരുടെ ആവശ്യം അംഗീകരിച്ചു; നീരജ് ചോപ്രയ്ക്കായി ഒരു എക്‌സ് യു വി 700 തയ്യാറാക്കി വെക്കാന്‍ ആനന്ദ് മഹീന്ദ്ര ജീവനക്കാരോട്

  ആരാധകരുടെ ആവശ്യം അംഗീകരിച്ചു; നീരജ് ചോപ്രയ്ക്കായി ഒരു എക്‌സ് യു വി 700 തയ്യാറാക്കി വെക്കാന്‍ ആനന്ദ് മഹീന്ദ്ര ജീവനക്കാരോട്

  സുവര്‍ണ താരത്തിന് വാഹനം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. താരത്തിനായി ഒരെണ്ണം തയ്യാറാക്കി വെക്കൂ എന്ന് ട്വിറ്ററിലൂടെ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു.

  News18

  News18

  • Share this:
   ടോക്യോ ഒളിമ്പിക്സില്‍ ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്ര. താരത്തിന്റെ നേട്ടത്തില്‍ രാജ്യമൊട്ടാകെ അഭിമാനം കൊള്ളുകയാണ്. ടോക്യോ ഒളിമ്പിക്‌സിലെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്ലറ്റിക്സ് ഇനത്തില്‍ ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.5 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണ മെഡല്‍ നേടിയത്.

   ടോക്യോയില്‍ ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സുവര്‍ണ താരത്തിന് വാഹനം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. താരത്തിനായി ഒരെണ്ണം തയ്യാറാക്കി വെക്കൂ എന്ന് ട്വിറ്ററിലൂടെ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു.


   നീരജ് ചോപ്രയ്ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പായ എക്‌സ്യുവി 700 നല്‍കണമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. എക്‌സ്യുവി 700 നിരത്തിലിറക്കുമ്പോള്‍ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കിയിരിക്കുന്നത്.

   പി വി സിന്ധു മെഡല്‍ നേടിയപ്പോഴും ഇത്തരത്തില്‍ ആരാധകര്‍ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. സിന്ധുവിന് മഹീന്ദ്രയുടെ ഥാര്‍ സമ്മാനമായി നല്‍കണമെന്നായിരുന്നു മഹീന്ദ്രയുടെ മുതലാളി ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്. തൊട്ടു പിന്നാലെ തന്നെ ആനന്ദ് മഹീന്ദ്ര രസകരമായ മറുപടി നല്‍കിയതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. സിന്ധുവിന്റെ ഗാരേജില്‍ ഇപ്പോള്‍ തന്നെ ഒരു ഥാര്‍ കിടപ്പുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ സിന്ധുവിനും ഗുസ്തി താരം സാക്ഷി മാലിക്കിനും മഹീന്ദ്ര പ്രത്യേകം രൂപകല്പന ചെയ്ത് ഥാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഈ വാഹനത്തില്‍ സിന്ധുവും സാക്ഷിയും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്.

   ഇന്ത്യക്ക് വേണ്ടി കായിക മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് മഹീന്ദ്ര മോട്ടോഴ്‌സിന്റെ മുതലാളിയായ ആനന്ദ് മഹീന്ദ്ര തന്റെ കമ്പനിയുടെ പുത്തന്‍ വാഹനങ്ങള്‍ സമ്മാനമായി നല്‍കാറുണ്ട്. അടുത്തിടെ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതിന് ഇന്ത്യന്‍ ടീമിലെ ആറ് യുവതാരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്ര ഥാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ആരാധകന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
   Published by:Sarath Mohanan
   First published: