ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടി സിന്ധു ഇന്ത്യയുടെ അഭിമാന പുത്രി ആയിരിക്കുകയാണ്. ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം ഇന്ത്യൻ ജനത ആഘോഷത്തിമിർപ്പിലാണ്. ഇന്നലെ വെങ്കലം നേടിയതോടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന ചരിത്ര നേട്ടം കൂടി സിന്ധുവിന് സ്വന്തമായി. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ താരം വെള്ളി നേടിയിരുന്നു. ഗുസ്തി താരമായ സുശീൽ കുമാറാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഈ നേട്ടം കൈവരിച്ചത്. 2008 ബീജിംഗ് ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിൽ നിന്നുമാണ് സുശീൽ ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ചത്.
സിന്ധുവിന്റെ ചരിത്ര നേട്ടം ഇന്ത്യൻ ആരാധകർക്ക് വലിയ സന്തോഷമാണ് നൽകുന്നത്. സമൂഹ മാധ്യമങ്ങളിൽ താരത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. സിന്ധിവിന്റെ അവിസ്മരണീയ നേട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മറ്റു രാഷ്ട്രീയ നേതാക്കളും പ്രമുഖ സിനിമ താരങ്ങളും എല്ലാവരും തങ്ങളുടെ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു.
തങ്ങളുടേതായ രീതിയിൽ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ഇന്ത്യൻ ആരാധകരും രംഗത്തുണ്ട്. വ്യത്യസ്തമായ രീതികളിലാണ് അവർ അവരുടെ പ്രതികരണം അറിയിക്കുന്നത്. ഇതിൽ വ്യത്യസ്ത രീതിയിൽ അഭിനന്ദനം അറിയിച്ച ഒരു ആരാധകന്റെ പ്രതികരണമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. സിന്ധുവിന് മഹീന്ദ്രയുടെ ഥാര്‍ സമ്മാനമായി നല്‍കണമെന്നായിരുന്നു മഹീന്ദ്രയുടെ മുതലാളി ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് ഇദ്ദേഹം ആവശ്യപ്പെട്ടത്.
'Mr. Wadewale' എന്ന അക്കൗണ്ടിൽ നിന്നും വന്ന ഈ ട്വീറ്റിന് തൊട്ടു പിന്നാലെ തന്നെ ആനന്ദ് മഹീന്ദ്ര രസകരമായ മറുപടി നൽകിയതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. സിന്ധുവിന്റെ ഗാരേജിൽ ഇപ്പോള്‍ തന്നെ ഒരു ഥാര്‍ കിടപ്പുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ സിന്ധുവിനും ഗുസ്തി താരം സാക്ഷി മാലിക്കിനും മഹീന്ദ്ര പ്രത്യേകം രൂപകല്പന ചെയ്ത് ഥാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഈ വാഹനത്തിൽ സിന്ധുവും സാക്ഷിയും നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്.
ഇന്ത്യക്ക് വേണ്ടി കായിക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് മഹീന്ദ്ര മോട്ടോഴ്സിന്റെ മുതലാളിയായ ആനന്ദ് മഹീന്ദ്ര തന്റെ കമ്പനിയുടെ പുത്തൻ വാഹനങ്ങൾ സമ്മാനമായി നൽകാറുണ്ട്. അടുത്തിടെ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതിന് ഇന്ത്യൻ ടീമിലെ ആറ് യുവതാരങ്ങൾക്ക് ആനന്ദ് മഹീന്ദ്ര ഥാർ സമ്മാനമായി നൽകിയിരുന്നു. ഇതിൽ പ്രചോദനമുൾക്കൊണ്ടാണ് ആരാധകൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
സിന്ധുവിന് പുറമെ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മീരാഭായ് ചാനുവിനും മികച്ച പ്രകടനങ്ങൾ നടത്തിയ ബോക്സിങ് താരം സതീഷ് കുമാറിനും, 41 വർഷത്തിന് ശേഷം ഒളിമ്പിക്സിൽ ഹോക്കിയിൽ സെമിയിൽ എത്തിയ ഇന്ത്യൻ പുരുഷ ടീമിനും ഇത്തരത്തിൽ സമ്മാനങ്ങൾ നൽകണമെന്നുള്ള ആവശ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.