28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന് എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. 'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' ഒടുവില്‍ ഫുട്ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറന്നിരിക്കുന്നു. എന്നാല്‍ ചരിത്രമൈതാനത്ത് മെസ്സിക്കും സ്വന്തം രാജ്യത്തിനുമായി എല്ലാ കണക്കും തീര്‍ത്തുകൊടുത്ത സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയെ ഒരു അര്‍ജന്റീന ആരാധകനും വിസ്മരിക്കാന്‍ കഴിയില്ല.
റോഡ്രിഗോ ഡീ പോള്‍ ഉയര്‍ത്തിയിട്ടുകൊടുത്ത ലോങ് ബോള്‍ കൃത്യമായി പിടിച്ചെടുത്ത് ബദ്ധവൈരികളായ ബ്രസീലിന്റെ ഗോള്‍ വലയിലേക്ക് കോരിയിടുമ്പോള്‍ അതൊരു ചരിത്ര നിമിഷമാകുമെന്നു ആരും കരുതിയിരുന്നതല്ല. നിര്‍ണായക ഫൈനലില്‍ അവതരിച്ച മാലാഖയായാണ് ഡീ മരിയയെ വാഴ്ത്തപ്പെടുന്നത്. ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ ഡീ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിന്റെ രാജാക്കന്മാരാക്കിയത്. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ എന്നും ഓര്‍ക്കപ്പെടുന്ന ഒരു ഗോള്‍ ആയിരിക്കുമത്. എന്നാല്‍, ഡീ മരിയ ആ ഗോള്‍ നേടിയത് നീരുവന്ന് വീര്‍ത്തുമുട്ടിയ കാലുമായാണ്. ഡീ മരിയയുടെ ജീവിത പങ്കാളി ജോര്‍ജെലിന കാര്‍ഡോസോയാണ് ഇക്കാര്യം പങ്കുവച്ചത്.
പരുക്കേറ്റ കാലുമായാണ് ഡീ മരിയ ബ്രസീലിനെതിരെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങിയത്. കാലില്‍ നീരുണ്ടായിരുന്നു. അസഹനീയമായ വേദനയും. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ഡീ മരിയയുടെ കാലിന്റെ ചിത്രമാണ് ജോര്‍ജെലിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. രണ്ടാം പകുതിയുടെ 33ആം മിനിട്ടിലാണ് ഡീ മരിയയെ പിന്‍വലിച്ചത്. കാലുവേദന സഹിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഡീ മരിയയെ പിന്‍വലിക്കേണ്ടി വന്നതെന്നും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അര്‍ജന്റീന നായകന് ലയണല്‍ മെസ്സിയും പരുക്കുമായാണ് അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചതെന്ന് പരിശീലകന് ലയണല്‍ സ്കലോണി വെളിപ്പെടുത്തിയിരുന്നു. കൊളംബിയക്കെതിരായ സെമി ഫൈനലിലും ബ്രസീലിനെതിരായ ഫൈനലിലും വളരെ ഗുരുതരമായി കണക്കാക്കപ്പെടുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയുമായാണ് മെസി കളിച്ചതെന്നാണ് സ്കലോണി പറഞ്ഞത്. എന്നാല്‍ പൂര്‍ണ ഫിറ്റ്നെസ് ഇല്ലാതിരുന്നിട്ടും മത്സരത്തിന്റെ അവസാനം വരെ തന്റെ ടീമിന് ധൈര്യം പകര്‍ന്നുകൊണ്ട് മെസ്സി കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. പരിക്കു വെച്ച് കളിച്ചിട്ടും രണ്ടു കീ പാസുകള്‍ നല്കിയ താരം നാല് ഡ്രിബ്ലിങ്ങും മത്സരത്തില്‍ കാഴ്ച വെച്ചു.
കൊളംബിയക്ക് എതിരെ നിരവധി തവണ ഫൗള്‍ ചെയ്യപ്പെട്ട് വീണിട്ടും മെസ്സി അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ജയത്തില്‍ എത്തിക്കും വരെ കളത്തില്‍ തുടര്‍ന്നിരുന്നു. ആ മത്സരത്തില്‍ മാര്‍ട്ടിനസിന്റെ ഗോളിന് വഴി ഒരുക്കിയതും മെസ്സിയായിരുന്നു. കിരീടത്തിലേക്കുള്ള അര്‍ജന്റീനയുടെ യാത്രയില്‍ മെസ്സി പോക്കറ്റിലാക്കിയത് നാലു ഗോളുകളാണ്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സി തന്നെയാണ് മുന്‍പന്തിയില്‍. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തിരിക്കുന്നതും മെസ്സിയെയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.