• HOME
  • »
  • NEWS
  • »
  • sports
  • »
  • ANIYAN MIDHUN REPRESENTS INDIA IN WORLD WUSHU SANDA CHAMPIONSHIP AT KYRGYZSTAN

World Wushu Sanda Championship| ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ മിഥുനും; ഇന്ത്യൻ ടീമിലെ ഏക ദക്ഷിണേന്ത്യൻ താരം

ഈ വർഷം നടന്ന ദക്ഷിണേഷ്യൻ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായിരുന്നു അനിയൻ മിഥുൻ

അനിയൻ മിഥുൻ

അനിയൻ മിഥുൻ

  • Share this:
    മലയാളികൾക്ക് അഭിമാനമായി വീണ്ടും അനിയൻ മിഥുൻ. അന്താരാഷ്ട്ര വുഷു ഫെഡറേഷന്റെ കീഴിൽ നടക്കുന്ന ലോക വുഷു സണ്ട ചാമ്പ്യൻഷിപ്പിൽ മിഥുനും പങ്കെടുക്കുന്നു. കിർഗിസ്ഥാനിൽ സെപ്റ്റംബർ 23 മുതൽ 27 വരെയാണ് മത്സരം. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ മിഥുൻ പങ്കെടുക്കുന്നത്.

    ഇന്ത്യൻ ടീമിലെ ഏക ദക്ഷിണേന്ത്യൻ താരം കൂടിയാണ് അനിയൻ മിഥുൻ. ഈ വർഷം നടന്ന ദക്ഷിണേഷ്യൻ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായിരുന്നു തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ.

    നേപ്പാളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 70 കിലോ കാറ്റഗറിയിലാണ് ഈ ഇരുപത്തിയെട്ടുകാരൻ മത്സരിച്ചത്. ഇന്ത്യൻ വുഷു ടീമിൽ ഇടം നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് അനിയൻ മിഥുൻ.



    കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ കിക്ക്ബോസിംഗ്, വുഷു ഇനങ്ങളിൽ ദേശീയ ചാമ്പ്യനാണ്. സംസ്ഥാന ബോക്സിങ് താരം കൂടിയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേയാണ് മിഥുൻ കരാട്ടെയിലൂടെ ആയോധനകലയിലേക്ക് എത്തുന്നത്.

    പിന്നീട് ബോക്സിങ് പരിശീലനവും ആരംഭിച്ചു. തൃശൂർ സ്പോർട്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി മത്സരങ്ങളിലും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മിഥുനെ ഇന്ത്യൻ ടീമിലേക്ക് എത്തിക്കുന്നത്.



    സംസ്ഥാന തലങ്ങളിലുള്ള വുഷു മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അംഗീകൃത കോച്ചും കൂടിയാണ് മിഥുൻ. നായരുശ്ശേരി മോഹന്റേയും പൊന്നമ്മയുടേയും മകനാണ്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപിക സഹോദരിയാണ്.

    ചൈനീസ് വാക്കുകളായ "വൂഷു" അഥവാ ചൈനീസ് കുംഗ്‌ഫു മുഷ്ടി ഉപയോഗിച്ചും കാൽ കൊണ്ട് തൊഴിച്ചും എതിരാളിയെ വീഴ്ത്തുന്ന ആയോധനകലയാണ്. നിരവധി ശൈലികളിൽ അവതരിപ്പിക്കപ്പെടുന്ന വുഷുവിൽ കൈകളും വാൾ, കുന്തം ഗാഡ്‌ജെറ്റ് എന്നിവയും ആയുധങ്ങളായി ഉപയോഗിക്കും. രണ്ടോ അതിലധികമോ പേർ ചേർന്നാണ് വുഷു കളിക്കുന്നത്.
    Published by:Naseeba TC
    First published:
    )}