HOME » NEWS » Sports » ANOTHER RECORD AWAITS INDIAN CRICKET TEAM IN SECOND ODI AGAINST SRI LANKA

IND vs SL | ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ് നേട്ടം

ഇന്ന് ലങ്കയ്ക്കെതിരെ വിജയിച്ചാല്‍ പാകിസ്ഥാനെയും ഓസ്ട്രേലിയയേയും മറികടന്ന് ഇന്ത്യക്ക് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കാം.

News18 Malayalam | news18-malayalam
Updated: July 20, 2021, 8:26 PM IST
IND vs SL | ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ് നേട്ടം
Indian Cricket team
  • Share this:
ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവ നിര ശ്രീലങ്കയെ തകര്‍ത്ത് വിട്ടതിലൂടെ തങ്ങള്‍ രണ്ടാം നിരക്കാരല്ല മറിച്ച് മുന്‍നിരക്കാര്‍ തന്നെയാണെന്ന് തെളിയിച്ചു നില്‍ക്കുകയാണ്. ആദ്യ ഏകദിനം ജയിച്ച് മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്ന് പരമ്പര നേട്ടം മുന്നില്‍ക്കണ്ടുകൊണ്ടാണ് രണ്ടാം ഏകദിനത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അനായാസ ജയം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ധവാനും സംഘവും. ക്യാപ്റ്റനായുള്ള ആദ്യ ഏകദിനം ജയിച്ച ധവാന്‍ പരമ്പര നേടി തന്റെ കരിയറിലേക്ക് മറ്റൊരു നേട്ടം കൂടി ചേര്‍ക്കാനാവും ലക്ഷ്യമിടുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് ഒരു റെക്കോര്‍ഡ് നേട്ടം കാത്തിരിക്കുന്നുണ്ട്. ഇന്ന് വിജയം നേടാനായാല്‍ ഏകദിനത്തില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാകും. നിലവില്‍ ലങ്കയ്ക്കെതിരെ 92 ജയങ്ങള്‍ നേടിയ പാകിസ്ഥാന്റെയും ന്യൂസിലന്‍ഡിനെതിരെ ഇത്രതന്നെ മത്സരങ്ങള്‍ വിജയിച്ച ഓസ്ട്രേലിയയുടേയും ഒപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ടീം ഇന്ത്യയിപ്പോള്‍. ഇന്ന് ലങ്കയ്ക്കെതിരെ വിജയിച്ചാല്‍ പാകിസ്ഥാനെയും ഓസ്ട്രേലിയയേയും മറികടന്ന് ഇന്ത്യക്ക് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കാം. ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെയും പാകിസ്ഥാന്‍ ശ്രീലങ്കയെയും 92 ഏകദിനങ്ങളില്‍ തോല്‍പ്പിച്ചിട്ടുണ്ട്. പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളും ഓസീസിനാണ്. ഇംഗ്ലണ്ടിനെ 84, തവണയും, ഇന്ത്യയെ 80 തവണയും ഓസീസ് പരാജയപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക ഭേദപ്പെട്ട സ്‌കോറാണ് നേടിയിരിക്കുന്നത്. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് ശ്രീലങ്ക നേടിയത്. ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാഡോയുടെയും (50) അസ്സലങ്കയുടെയും (65) അര്‍ദ്ധസെഞ്ച്വറികളുടെ കരുത്തിലാണ് ശ്രീലങ്ക ഈ സ്‌കോര്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതവും, ദീപക് ചഹര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

സഞ്ജു സാംസണിന് പരിക്ക് മാറിയിട്ടും ഇന്നത്തെ മത്സരത്തില്‍ കളിപ്പിച്ചില്ല എന്നത് മലയാളി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ആദ്യത്തെ ഏകദിനത്തില്‍ സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കേണ്ടിയിരുന്നത്, പക്ഷെ കാല്‍മുട്ടിനേറ്റ പരുക്ക് മൂലം സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞില്ല. സഞ്ജുവിന് പകരം അവസരം ലഭിച്ച ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഇഷാന്‍ തന്നെയാണ് ടീമിന്റെ വിക്കറ്റ്കീപ്പര്‍ ആയതും. എന്നാല്‍ സഞ്ജുവിന്റെ പരുക്ക് ഭേദമായതോടെ ഇന്ന് ആരാകും ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പുറകില്‍ എന്ന ചോദ്യം വീണ്ടും ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തില്‍ അടിച്ചു തകര്‍ത്ത് അര്‍ധസെഞ്ചുറി നേടിയ കിഷനെ ഇന്ത്യന്‍ ടീം നില നിര്‍ത്തുകയായിരുന്നു. പരമ്പര ലക്ഷ്യമിടുന്ന ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട എന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
Published by: Sarath Mohanan
First published: July 20, 2021, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories