നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| യൂറോ കപ്പ്: ഫുട്ബോളിൽ വീണ്ടും തലപൊക്കി 'കടി ' വിവാദം; റുഡിഗർ പോഗ്ബയെ കടിച്ചു; പരാതിയില്ലെന്ന് പോഗ്ബ

  Euro Cup| യൂറോ കപ്പ്: ഫുട്ബോളിൽ വീണ്ടും തലപൊക്കി 'കടി ' വിവാദം; റുഡിഗർ പോഗ്ബയെ കടിച്ചു; പരാതിയില്ലെന്ന് പോഗ്ബ

  ടൂർണമെൻ്റിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നടന്ന ആവേശകരമായ ഫ്രാൻസ് ജർമനി പോരാട്ടത്തിൽ ജര്‍മനിയുടെ പ്രതിരോധനിര താരമായ അന്റോണിയോ റുഡിഗര്‍ ഫ്രാൻസിൻ്റെ മധ്യനിര താരമായ പോള്‍ പോഗ്ബയുടെ പുറത്ത് കടിച്ചു എന്നതാണ് വിവാദത്തിന് ആസ്പദമായ സംഭവം.

  Pogba talking to Rudiger

  Pogba talking to Rudiger

  • Share this:
   യൂറോ കപ്പിൽ വിവാദം തലപൊക്കുന്നു.  ടൂർണമെൻ്റിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നടന്ന ആവേശകരമായ ഫ്രാൻസ് ജർമനി പോരാട്ടത്തിൽ ജര്‍മനിയുടെ പ്രതിരോധനിര താരമായ അന്റോണിയോ റുഡിഗര്‍ ഫ്രാൻസിൻ്റെ മധ്യനിര താരമായ പോള്‍ പോഗ്ബയുടെ പുറത്ത് കടിച്ചു എന്നതാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഇതേക്കുറിച്ച് പോഗ്ബ റഫറിയോട് പരാതി പറഞ്ഞെങ്കിലും റൂഡിഗറുടെ പ്രവൃത്തി റഫറിയുടെ കണ്ണിൽ പെടാഞ്ഞത് കൊണ്ട് അതു പരിശോധിക്കാൻ അദ്ദേഹം തയ്യാറായില്ല. 

   സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ എത്തി വിവാദമായെങ്കിലും അതിൽ കൂടുതൽ നടപടികളുടെ ആവശ്യമില്ലെന്ന് പോഗ്ബ തന്നെ മത്സരത്തിനു ശേഷം വ്യക്തമാക്കി. റുഡിഗറിന് ശിക്ഷ ലഭിക്കാന്‍ വേണ്ടിയല്ല താന്‍ പരാതിപ്പെട്ടത് മറിച്ച് ഇങ്ങനെയൊരു ശ്രമം എതിരാളിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പോഗ്ബ മത്സരശേഷം പറഞ്ഞു. "ഞങ്ങൾ സുഹൃത്തുക്കളാണ്. ഇതൊരു വലിയ കാര്യവുമല്ല. നിങ്ങളെല്ലാവരും ടിവിയിൽ ദൃശ്യങ്ങൾ കണ്ടുവെന്ന് ഞാൻ കരുതുന്നു. അതു കഴിഞ്ഞു പോയ കാര്യമാണ്. അതിന്റെ പേരിൽ മഞ്ഞക്കാർഡിനോ ചുവപ്പുകാർഡിനോ വേണ്ടി കരയാൻ ഞാൻ ഒരുക്കമല്ല. ഞങ്ങൾ വളരെക്കാലമായി പരസ്‌പരം അറിയാവുന്നവരാണ്. കടിച്ചതു പോലെ എനിക്കു തോന്നിയതു കൊണ്ട് ഞാൻ റഫറിയോട് പറഞ്ഞു. തീരുമാനങ്ങൾ എടുക്കേണ്ട അദ്ദേഹം അതെടുക്കുകയും ചെയ്‌തു. റുഡിഗർക്ക് കാർഡൊന്നും ലഭിച്ചില്ല. മത്സരശേഷം അത് അവസാനിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ താരത്തെ സസ്‌പെൻഡ് ചെയ്യണമെന്ന് എനിക്കു താൽപര്യമില്ല." പോഗ്ബ വ്യക്തമാക്കി.   യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്ലബ്ബ് ഫുട്ബോളിൽ എതിരാളികളായ താരങ്ങൾ തമ്മിലുള്ള മത്സരം കൂടിയായിരുന്നു. ഇതിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്താരമായ പോഗ്ബയെ ചെല്‍സിയുടെ താരമായ റുഡിഗർ പിറകില്‍ നിന്ന് മാര്‍ക്ക് ചെയ്യുന്ന സമയത്ത് പോഗ്ബയുടെ പുറത്ത് ചെറുതായൊന്ന് മുഖം അമര്‍ത്തിയത്. ഇതില്‍ കടിയും നടന്നുവെന്ന രീതിയിലായിരുന്നു പോഗ്ബയുടെ പ്രതികരണം. വീഡിയോ റീപ്ലേകളിൽ  റുഡിഗര്‍ ഫ്രഞ്ച് താരത്തെ കടിക്കാന്‍ ശ്രമിക്കുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നു.


   പിന്നീട് സംഭവത്തെ കുറിച്ച് മുൻ ഫുട്ബോൾ താരങ്ങളായ പാട്രിക് വിയേരയും ഇയാന്‍ റൈറ്റും കളിയുടെ വിശകലനത്തിനിടെ ജര്‍മന്‍ പ്രതിരോധ താരത്തിൻ്റെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേ സമയം, മുന്‍ മാഞ്ചസ്റ്റര്‍ താരം റോയ് കീന്‍ സംഭവത്തെ നിസാരമായാണ് കണ്ടത്.   ഫുട്ബോളിൽ എതിർ താരത്തെ കടിക്കാൻ ശ്രമിച്ചു എന്നുള്ള തരത്തിൽ വാർത്ത വരുന്നത് ഇതാദ്യമല്ല. 2014 ലോകകപ്പില്‍ യുറുഗ്വായ് സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസാണ് കടി വിവാദത്തിൽ കുപ്രസിദ്ധി നേടിയ ആദ്യ താരം. അന്നത്തെ ലോകകപ്പിൽ ഇറ്റലിയുടെ പ്രതിരോധനിര താരമായ കില്ലേനിയെ കടിച്ചത് വലിയവിവാദമായിരുന്നു. കളത്തിലെ മോശം പെരുമാറ്റത്തിന് ശിക്ഷയായി സുവാരസിന് 66000 പൗണ്ട് പിഴയും നാല് മാസത്തേക്ക് സസ്‌പെന്‍ഷനും വിധിച്ചിരുന്നു.    കരിയറില്‍ മൂന്ന് തവണ ഈ കടിപ്രയോഗത്തിന്റെ പേരില്‍ മാത്രം ശിക്ഷിക്കപ്പെട്ട താരമാണ് സുവാരസ്. ഡച്ച് ക്ലബായ അയാക്‌സിനായി കളിച്ചിരുന്ന കാലത്ത് 2010 ല്‍ പി എസ് വി താരത്തെ കടിച്ച സുവാരസ്, പിന്നീട് പ്രീമിയർ ലീഗിൽ  ലിവര്‍പൂളിലെത്തിയപ്പോള്‍ ചെല്‍സിയുടെ ബ്രാനിസ്ലാവ് ഇവാനോവിചിനെയും കടിച്ചു. പക്ഷേ ലോകകപ്പിലെ സംഭവമാണ് താരത്തിന് കുപ്രസിദ്ധി നേടിക്കൊടുത്തത്.    ഇന്നലത്തെ മത്സരത്തിൽ ജര്‍മന്‍ താരം റുഡിഗറുടെ‍ പ്രവൃത്തി ഇത്രത്തോളം വരില്ലെങ്കിലും സംഭവം നിസാരമായി തള്ളിക്കളയാൻ യുവേഫ തയാറായേക്കില്ല. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുവാൻ ടൂർണമെൻ്റ് സംഘാടകരായ യുവേഫ വീഡീയോ ഫൂട്ടേജ് പരിശോധിക്കും.  റുഡിഗറിന്റെ ഭാഗത്ത് നിന്നുണ്ടായത് എതിർ താരത്തെ മനപ്പൂർവം ഉപദ്രവിക്കുവാനുള്ള നീക്കമായിരുന്നു എന്ന് ബോധ്യപ്പെട്ടാല്‍ താരത്തിനെതിരെ നടപടിയുണ്ടായേക്കും.   അതേസമയം, ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ ജർമനിയെ നേരിട്ട പോഗ്ബയുടെ ടീമായ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിൻ്റെ വിജയം നേടിയിരുന്നു. ജർമനിക്കെതിരെ ഫ്രാൻസ് വിജയം നേടുന്നതിൽ നിർണായക പങ്കാണ് പോഗ്ബ വഹിച്ചത്. ഫ്രഞ്ച് മധ്യനിരയിൽ നിന്ന് ഫ്രഞ്ച് നീക്കങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്ത അദ്ദേഹം ഒരേ സമയം തൻ്റെ ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിലും ജർമനിയുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.    Summary

   Antonio Rudiger bites Paul Pogba during France Germany match; Pogba says there is no need for any action
   Published by:Naveen
   First published:
   )}