• HOME
  • »
  • NEWS
  • »
  • sports
  • »
  • അർജന്‍റീനയ്ക്ക് അറേബ്യൻ ഷോക്ക്; ലോകകപ്പിലെ വമ്പൻ അട്ടിമറികൾ

അർജന്‍റീനയ്ക്ക് അറേബ്യൻ ഷോക്ക്; ലോകകപ്പിലെ വമ്പൻ അട്ടിമറികൾ

അർജന്‍റീന ആദ്യമായല്ല, ഫിഫ റാങ്കിങിൽ തങ്ങളേക്കാൾ ഏറെ പിന്നിൽ നിൽക്കുന്ന ടീമിനോട് ലോകകപ്പിൽ തോൽക്കുന്നത്

  • Share this:
ഫിഫ ലോകകപ്പിൽ ദക്ഷിണ അമേരിക്കൻ വമ്പൻമാരായ അർജന്റീനയെ 2-1 ന് ഞെട്ടിച്ച സൗദി അറേബ്യ സൃഷ്ടിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഫിഫ റാങ്കിങ്ങിൽ ഇത്രയും മുന്നിൽ നിൽക്കുന്ന ടീമിനെ സൗദി ടീം ലോകകപ്പിൽ തോൽപ്പിക്കുന്നത് ഇതാദ്യമായാണ്. ഇവിടെയിതാ, ലോകകപ്പ് ചരിത്രത്തിലെ പ്രശസ്തമായ മറ്റ് അഞ്ച് അട്ടിമറികൾ ഏതൊക്കെയെന്ന് നോക്കാം.

1950 - യുഎസ്എ 1 ഇംഗ്ലണ്ട് 0

ആദ്യമായി ലോകകപ്പ് കളിക്കാൻ യോഗ്യത നേടി ടൂർണമെന്റ് ഫേവറിറ്റുകളിലൊന്നായാണ് ഇംഗ്ലണ്ട് ബ്രസീലിലെത്തിയത്. എന്നാൽ, ബെലോ ഹൊറിസോണ്ടെയിലെ വിജയഗോൾ നേടിയ അമേരിക്കയുടെ ജോ ഗെയ്റ്റ്‌ജെൻസ്, ഇംഗ്ലണ്ടിനെ ശരിക്കും ഞെട്ടിക്കുകയായിരുന്നു. അതുല്യമായ ജയം എന്നാണ് ഈ മത്സരത്തെ അമേരിക്കൻ മാധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചത്.

1966 - ഉത്തര കൊറിയ 1 ഇറ്റലി 0

ലോക ഫുട്ബോളിലെ അനിഷേധ്യ ശക്തികളിലൊന്നായ ഇറ്റലിയെ ഉത്തര കൊറിയ തോൽപ്പിച്ചപ്പോൾ കായിക പ്രേമികൾ ഒന്നടങ്കം തലയിൽ കൈവെച്ചുപോയി. അസൂറിപ്പടയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ ഗോളിലൂടെ പാക് ഡൂ-ഇക്ക് ലോകകപ്പിന്‍റെ നാടോടിക്കഥകളിൽ തന്റെ പേര് എഴുതിച്ചേർത്തു. അന്ന് നാട്ടിൽ തിരിച്ചെത്തിയ ടീം അംഗങ്ങളെ അസംതൃപ്തരായ ആരാധകർ ചീഞ്ഞ തക്കാളികൊണ്ട് എറിഞ്ഞു.

1982 - അൾജീരിയ 2 പശ്ചിമ ജർമ്മനി 1

അൾജീരിയ സ്‌പെയിനിൽ നടന്ന ലോകകപ്പിൽ ആദ്യമായാണ് കളിക്കാനെത്തിയത്. എന്നാൽ കാൾ-ഹെയിൻസ് റുമെനിഗ്ഗെയുടെ ഗോളിന് മറുപടിയായി റബാഹ് മദ്ജെറും ലഖ്ദർ ബെല്ലൂമിയും ചേർന്ന് നേടിയ ഗോളുകൾ വമ്പൻമാരായ പശ്ചിമ ജർമ്മനിക്കെതിരെ അൾജീരിയയുടെ അത്ഭുത വിജയം ഉറപ്പിക്കുകയായിരുന്നു.

1990 - കാമറൂൺ 1 അർജന്റീന 0

1986-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയതിന്‍റെ പകിട്ടുമായി എത്തിയ അർജന്‍റീനയെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. മിലാനിലെ സാൻ സിറോയിൽ ഫ്രാങ്കോയിസ് ഒമാം-ബിയിക്ക് സ്‌കോർ ചെയ്‌തതോടെ കാമറൂണിന്റെ 'ഇൻഡോമിറ്റബിൾ ലയൺസിന്‍റെ' വിജയകുതിപ്പ് തടയാൻ മറഡോണയുടെ മാജിക്കിനും കഴിഞ്ഞു.

2002 - സെനഗൽ 1 ഫ്രാൻസ് 0

1998 ലോകകപ്പ് ചാമ്പ്യന്മാരും യൂറോ 2000 ജേതാക്കളുമായ ഫ്രാൻസ് ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ലോകകപ്പിൽ ഒരിക്കൽ കൂടി കിരീട കുതിപ്പ് നടത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. അത്രയും മികച്ച ഫോമിലും വമ്പൻ താരനിരയുമായിരുന്നു അവരുടേത്. എന്നാൽ തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന സെനഗൽ, പാപ്പാ ബൗബ ഡിയോപ് നേടിയ ഏക ഗോളിലൂടെ ഫ്രഞ്ച് പ്രതീക്ഷകൾ കടപുഴക്കിയെറിയുകയായിരുന്നു. ഫലമോ, ചാംപ്യൻമാർ ആദ്യ റൌണ്ടിൽ പുറത്തായി.
Published by:Anuraj GR
First published: