ഇന്റർഫേസ് /വാർത്ത /Sports / Copa America | ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സി! ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന

Copa America | ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സി! ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന

Lionel Messi

Lionel Messi

മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്.

  • Share this:

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന. മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് എ യില്‍ നിന്നും 10 പോയന്റുകളാണ് അര്‍ജന്റീനയുടെ സമ്പാദ്യം. ഇരട്ടഗോളുകളുമായി മെസ്സി കളം നിറഞ്ഞതാണ് അര്‍ജന്റീനയുടെ വിജയം അനായാസമാക്കിയത്. മെസ്സിയ്ക്ക് പുറമേ അലെക്‌സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. ബൊളീവിയയ്ക്കായി എര്‍വിന്‍ സാവേദ്രയും ഗോള്‍ നേടി.

ഗ്രൂപ്പ് എ യില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീന ബൊളീവിയയെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ തന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം മുതലേ ശ്രമിച്ചിരുന്നത്. മറുവശത്ത് ഇതുവരെ ഒരു മത്സരത്തില്‍ പോലും വിജയിക്കാനാകാത്ത ബൊളീവിയ അവസാന മത്സരത്തില്‍ വിജയിച്ച് മാനം രക്ഷിക്കാനാണ് ഇന്നിറങ്ങിയത്. ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ അര്‍ജന്റീനയ്ക്കായി പ്രമുഖ താരങ്ങളെ ഇന്ന് കളിപ്പിച്ചേക്കില്ല എന്ന് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ അഗ്യൂറോയും മെസ്സിയും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു. മത്സരം ആരംഭിച്ച് ആറാം മിനിട്ടില്‍ തന്നെ അലക്‌സാന്‍ഡ്രോ ഗോമസിലൂടെ അര്‍ജന്റീന ബൊളീവിയക്കെതിരെ ലീഡ് നേടി. ഗോളിന് വഴിയൊരുക്കിയത് മെസ്സിയായിരുന്നു.

31ആം മിനിട്ടില്‍ ഗോള്‍ സ്‌കോറര്‍ അലക്‌സാന്‍ഡ്രോ ഗോമസിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. അര്‍ജന്റീനയ്ക്കായി പെനാല്‍റ്റി എടുത്തത് മെസ്സിയായിരുന്നു. തകര്‍പ്പന്‍ ഇടം കാല്‍ ഷോട്ടിലൂടെ മെസ്സി അനായാസം ഗോള്‍ വല കുലുക്കി. ആദ്യ പകുതി അവസാനിക്കാന്‍ വെറും മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ മെസ്സി അര്‍ജന്റീനയ്ക്കായി പിന്നെയും ഗോള്‍ നേടി. ആഗ്യൂറോ ആയിരുന്നു ഇത്തവണ മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിനകത്തേക്ക് മുന്നേറിയ മെസ്സിയുടെ കാലിലേക്ക് ബൊളീവിയന്‍ പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ കൃത്യമായി പന്തെത്തിക്കാന്‍ അഗ്യൂറോയ്ക്ക് കഴിഞ്ഞു. പന്ത് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കയറിയ മെസ്സി ഗോള്‍കീപ്പര്‍ ലാംപയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. അതിനു ശേഷം ഗോള്‍ നേടാനുള്ള അഗ്യൂറോയുടെ രണ്ട് ശ്രമങ്ങള്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നഷ്ടമായി.

രണ്ടാം പകുതിയിലും അര്‍ജന്റീന ആക്രമണത്തിന് ശക്തി കുറച്ചില്ല. എന്നാല്‍ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 60ആം മിനിട്ടില്‍ ബൊളീവിയ ആശ്വാസ ഗോള്‍ നേടി. എര്‍വിന്‍ സാവേദ്രയാണ് ബൊളീവിയയ്ക്കായി ഗോള്‍ നേടിയത്. നായകന്‍ ജസ്റ്റിനിയാനോയുടെ ക്രോസ് സ്വീകരിച്ച സാവേദ്ര ഗോള്‍കീപ്പര്‍ അര്‍മാനിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ അര്‍ജന്റീന പിന്നെയും ലീഡുയര്‍ത്തി. ഇത്തവണ ലോട്ടാരോ മാര്‍ട്ടിനെസാണ് ടീമിനായി ഗോള്‍ നേടിയത്. 70ആം മിനിട്ടില്‍ പിന്നെയും ലോട്ടാരോ മാര്‍ട്ടിനെസ് തുടര്‍ച്ചയായി രണ്ട് ഷോട്ടുകള്‍ പായിച്ചെങ്കിലും ബൊളീവിയന്‍ ഗോള്‍കീപ്പര്‍ ലാംപെ സമര്‍ത്ഥമായി തട്ടിയകറ്റി.

ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള 148ആം മത്സരമായിരുന്നു ഇന്നത്തേത്. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡും ഈ മത്സരത്തിലൂടെ മെസ്സി സ്വന്തമാക്കി. ഹവിയര്‍ മഷറാനോയുടെ 147 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് മെസ്സി ഇന്ന് മറി കടന്നത്. അതേസമയം അഗ്യൂറോയുടെ 100ആം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്നത്തേത്.

First published:

Tags: Argentina football, Copa America, Lionel messi