• HOME
  • »
  • NEWS
  • »
  • sports
  • »
  • World Cup Qualifiers| നെയ്മറും മെസ്സിയും നേർക്കുനേർ, ലാറ്റിനമേരിക്കൻ ക്ലാസിക് പോരാട്ടം ഇന്ന്

World Cup Qualifiers| നെയ്മറും മെസ്സിയും നേർക്കുനേർ, ലാറ്റിനമേരിക്കൻ ക്ലാസിക് പോരാട്ടം ഇന്ന്

ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം ആരഭിക്കുന്നത്. ഫുബോ ടിവി സ്ട്രീമിങ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.

Credits: Getty images

Credits: Getty images

  • Share this:
ലോകകപ്പ് ഫുട്‍ബോൾ യോഗ്യത പോരാട്ടത്തിന്റെ ലാറ്റിനമേരിക്കൻ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം. കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവർത്തന മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന ബ്രസീലിനെ നേരിടാൻ ഇറങ്ങുന്നു. ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം ആരഭിക്കുന്നത്. കോപ്പയിലെ ഫൈനലിന് ശേഷം ഇരുവരും നേർക്കുനേർ വരുന്ന ആദ്യത്തെ മത്സരം കൂടിയാണിത്.

ബ്രസീലിലെ മാറക്കാനയിൽ നടന്ന ഫൈനലിൽ ഡി മരിയ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം ചൂടിയത്. അന്നത്തെ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ ഉറച്ച് ബ്രസീൽ ഇറങ്ങുമ്പോൾ മറുവശത്ത് ജയം തുടരാൻ തന്നെയാകും അർജന്റീനയും ലക്ഷ്യമിടുന്നത്. ഇരുവർക്കും മത്സരം അഭിമാന പോരാട്ടം ആണെന്നതിനാൽ മത്സരം ആവേശകരമായിരിക്കും.

അവസാനം നടന്ന മത്സരങ്ങൾ ജയിച്ചാണ് ബ്രസീലും അർജന്റീനയും ഈ മത്സരത്തിനിറങ്ങുന്നത്. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തകർത്തപ്പോൾ ബ്രസീല്‍ ഒറ്റ ഗോളിന് ചിലെയെ മറികടന്നാണ് വരുന്നത്.

ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തി സഹതാരങ്ങൾ ആയതിന് ശേഷം മെസ്സിയും നെയ്മറും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും നാളെ നടക്കുന്ന ബ്രസീൽ അർജന്റീന പോരാട്ടത്തിനുണ്ട്. ഇന്നത്തെ മത്സരത്തിൽ ബ്രസീൽ നിരയിൽ നെയ്മർ ഉണ്ടാകുമെന്നത് ഉറപ്പാണെങ്കിലും അർജന്റീന നിരയിൽ മെസ്സിയുടെ കാര്യം സംശയമാണ്. വെനസ്വേലയ്‌ക്കെതിരായ മത്സരത്തിൽ കടുത്ത ഫൗളിന് വിധേയനാകേണ്ടി വന്നതിനാൽ മെസ്സി ഇന്ന് കളിക്കുമോ എന്ന് സംശയമാണ്. നിർണായക മത്സരമായതിനാൽ താരം കളിച്ചേക്കും.

മെസ്സിയുടെ കാര്യത്തിൽ മാത്രമാണ് അർജന്റീന പരിശീലകനായ ലയണൽ സ്കലോണിക്ക് സംശയമെങ്കിൽ മറുവശത്ത് ബ്രസീലിന്റെ പരിശീലകനായ ടിറ്റെയ്ക്ക് അവരുടെ ഒമ്പത് കളിക്കാരുടെ കാര്യത്തിലാണ് സങ്കടം. റോബർട്ടോ ഫിർമിനോ, അലിസൺ ബെക്കർ, തിയാഗോ സിൽവ, ഫ്രെഡ്, ഫാബീഞ്ഞോ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ, എഡേഴ്‌സൺ എന്നിവരുൾപ്പെടെ പ്രീമിയർ ലീഗിൽ കളിക്കുന്ന അവരുടെ ഒമ്പത് പ്രമുഖ താരങ്ങൾ ടീമിനൊപ്പമില്ല. പ്രീമിയർ ലീഗിലെ ക്ലബുകൾ അവരെ വിട്ടുനല്കാത്തതാണ് കാരണം. കോവിഡ് ബാധയിൽ പെട്ട് വലയുന്ന രാജ്യങ്ങളിൽ ചുവന്ന പട്ടികയിൽ പെടുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പോയിവന്നാൽ 10 ദിവസം ക്വാറന്റീനിൽ ഇരിക്കണം എന്നതിനാലാണ് ക്ലബുകൾ അവരെ വിട്ടുനൽകാത്തത്. എങ്കിലും അവസാന മത്സരത്തിൽ എവർട്ടെൻ റിബെയ്റോയുടെ ഗോളിന് ചിലെയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ടിറ്റെ.

ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അര്‍ജന്റീന 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

അർജന്റീന ബ്രസീൽ മത്സരം ഇന്ത്യയിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. ഫുബോ ടിവി സ്ട്രീമിങ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.
Published by:Naveen
First published: