• HOME
 • »
 • NEWS
 • »
 • sports
 • »
 • 'മെസി 2026 ലോകകപ്പിലും കളിക്കും'; പ്രതീക്ഷ പങ്കുവെച്ച് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണി

'മെസി 2026 ലോകകപ്പിലും കളിക്കും'; പ്രതീക്ഷ പങ്കുവെച്ച് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണി

''കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ (മെസി) ഞങ്ങളോടൊപ്പമുണ്ടാകും'' - സ്കലോണി പറഞ്ഞു

(AP Image)

(AP Image)

 • Share this:

  ദോഹ: സൂപ്പർതാരം ലയണൽ മെസിക്ക് ഇനിയും രാജ്യാന്തരതലത്തിൽ കരിയർ തുടരാനുള്ള പ്രചോദനമാകും ഖത്തറിലെ ലോകകപ്പ് വിജയമെന്ന് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണി. ടീമിനെ സ്വപ്ന തുല്യനേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ, മെസി 2026ലെ ലോകകപ്പിലും കളിച്ചേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

  ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ എക്‌സ്‌ട്രാ ടൈമിന്റെ അവസാനത്തിലും അർജന്റീനയും ഫ്രാൻസും 3-3ന് സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫലം നിശ്ചയിച്ചത്. മെസ്സി ഇരട്ട ഗോളുകൾ നേടി. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവ് ചെയ്തു, പിന്നാലെ അർജന്റീന മൂന്നാമത്തെ ലോകകപ്പ് ട്രോഫിയും 1986 ന് ശേഷം ആദ്യത്തേതും ഉറപ്പിക്കുകയായിരുന്നു.

  “അടുത്ത ലോകകപ്പിലും നമുക്ക് അവന് (മെസി) വേണ്ടി ഒരു ഇടം സൂക്ഷിക്കേണ്ടതുണ്ട്. കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ഞങ്ങളോടൊപ്പമുണ്ടാകും, ”സ്കലോണിയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

  Also Read- മെസിക്ക് ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്ക്കാരം; വഴിമാറിയ ചരിത്രം

  ഈ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസ്സി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ലെ കോപ്പ അമേരിക്കയും ഇപ്പോൾ ഫുട്‌ബോളിന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനവും നേടിയെങ്കിലും, ഖത്തറിനപ്പുറം തന്റെ അന്താരാഷ്ട്ര കരിയർ തുടരാനുള്ള പ്രചോദനം മെസ്സിക്ക് ഇനിയും ഉണ്ടാകുമെന്ന് സ്‌കലോണി അഭിപ്രായപ്പെട്ടു.

  “അർജന്റീനയ്‌ക്കൊപ്പം കളിക്കണോ അതോ തന്റെ കരിയറിൽ എന്ത് ചെയ്യണമോ എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് കൂടുതൽ അർഹതയുണ്ട്,” സ്‌കലോണി പറഞ്ഞു.

  “അദ്ദേഹത്തെ പരിശീലിപ്പിക്കുന്നതും സഹതാരങ്ങൾ അദ്ദേഹത്തോടൊപ്പം കളിക്കുന്നതും സന്തോഷകരമാണ്. അവൻ തന്റെ ടീമംഗങ്ങൾക്ക് കൈമാറുന്നതെല്ലാം ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതാണ്. സഹതാരങ്ങൾക്ക് വളരെയധികം നൽകുന്ന കളിക്കാരനാണ് അദ്ദേഹം”

  ടൂർണമെന്റിലുടനീളം ആരാധകരുടെ പിന്തുണ നിരന്തരമായ പ്രചോദനം നൽകിയിട്ടുണ്ടെന്നും പറഞ്ഞ സ്‌കലോണി, ഈ വിജയം അർജന്റീനിയൻ ജനതയ്‌ക്കായി സമർപ്പിക്കുകയും ചെയ്തു.

  “ഈ ടീം കളിക്കുന്നത് അർജന്റീനിയൻ ആരാധകർക്ക് വേണ്ടിയാണ്,” അദ്ദേഹം പറഞ്ഞു.

  “കളിക്കാർ അവരുടെ സകല കഴിവും പുറത്തെടുത്ത് കളിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കിയാണ് അവർ കളിച്ചത്. ഞങ്ങൾക്ക് വളരെ സന്തോഷവും അഭിമാനവും ഉണ്ട്. ഇന്ന് നമ്മൾ ലോകകപ്പ് ചാംപ്യന്മാരാണ്, അത് അർഹിക്കുന്നു. ഞങ്ങൾ അർജന്റീനയിൽ ആഘോഷിക്കാൻ പോകുന്നു. അതാണ് ഞാൻ ഇപ്പോൾ ആദ്യം ചെയ്യേണ്ടത്.”

  എയ്ഞ്ചൽ ഡി മരിയയെ ഇടത് വിംഗിൽ വിന്യസിക്കാനുള്ള തീരുമാനമടക്കം – ഫൈനലിനുള്ള തന്റെ സ്റ്റാർട്ടിംഗ് ലൈനപ്പ് കിക്കോഫിന് 90 മിനിറ്റ് മുമ്പ് മാത്രമാണ് തയാറാക്കിയതെന്ന് സ്കലോണി വെളിപ്പെടുത്തി.

  Also Read- ‘നിങ്ങളെയോര്‍ത്ത് അഭിമാനം’; ലോകകപ്പ് പരാജയത്തിൽ എംബാപ്പെയെ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

  ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഷൂട്ടൗട്ടിലെ പ്രകടനത്തിന് മുൻപ് കളിയുടെ അവസാന നിമിഷത്തിൽ റാൻഡൽ കോലോ മുവാനിയുടെ ഷോട്ട് തടഞ്ഞത് നിർണായകമായി.

  “(എമിലിയാനോ) ചില പെനാൽറ്റികൾ സേവ് ചെയ്യാൻ പോവുകയാണെന്ന് സഹതാരങ്ങളോട് പറഞ്ഞു, അത് ഷൂട്ടൗട്ടിലേക്ക് മുന്നേറാനുള്ള ആത്മവിശ്വാസം അവര്‍ക്ക് നൽകി,” സ്‌കലോണി പറഞ്ഞു.

  Published by:Rajesh V
  First published: