• HOME
  • »
  • NEWS
  • »
  • sports
  • »
  • ജൂലിയൻ ആൽവാരസിന് ഇരട്ടഗോൾ; ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(3-0)

ജൂലിയൻ ആൽവാരസിന് ഇരട്ടഗോൾ; ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(3-0)

ലോകകപ്പിൽ അഞ്ചാമത്തെ ഗോളാണ് മെസി നേടിയത്. ഇതോടെ സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരം എംബാപ്പെയ്ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു

  • Share this:

    ദോഹ: ലോകകപ്പ് 2022 ആദ്യ സെമിയിൽ അർജന്‍റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. 69-ാം മിനിട്ടിൽ ലയണൽ മെസിയുടെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ ജൂലിയൻ ആൽവാരസ് രണ്ടാമതും ലക്ഷ്യം കാണുകയായിരുന്നു. നേരത്തെ 34-ാം മിനിട്ടിൽ നായകൻ ലയണൽ മെസി പെനാൽറ്റിയിലൂടെയും 39-ാം മിനിട്ടിൽ യുവതാരം ജൂലിയൻ ആൽവാരസുമാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്.

    39-ാം മിനിട്ടിൽ ജൂലിയൻ ആൽവാരസാണ് അർജന്‍റീനയുടെ ലീഡുയർത്തിയത്.  നേരത്തെ 34-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് മെസി അർജന്‍റീനയെ മുന്നിലെത്തിച്ചത്. ലോകകപ്പിൽ അഞ്ചാമത്തെ ഗോളാണ് മെസി നേടിയത്. ഇതോടെ സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരം എംബാപ്പെയ്ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു. ജൂലിയൻ ആൽവാരസ് നടത്തിയ മുന്നേറ്റം തടയാനായി ബോക്സിനുള്ളിൽവെച്ച് ഗോൾകീപ്പർ ഡോമിനിക് ലിവാകോവിച്ചും മറ്റെ കൊവാച്ചിച്ചും മഞ്ഞ കാർഡ് കണ്ടു. ഇതോടെയാണ് അർജന്‍റീനയ്ക്ക് പെനാൽറ്റിയ്ക്ക് ലഭിച്ചത്. 

    മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീന ഇരമ്പിയാർത്തു. നിരവധി തവണ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിക്കാൻ മെസിയ്ക്കും കൂട്ടർക്കും സാധിച്ചു. അതിനിടെ കൌണ്ടർ അറ്റാക്കുകളിലൂടെ ക്രൊയേഷ്യയും ഭീതി വിതച്ചു. എന്നാൽ നിരവധി തവണ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി മാറുകയായിരുന്നു. അർജന്‍റീനയുടെ പ്രതിരോധവും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.

    രണ്ട് ഗോളിന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലും ആക്രമണാത്മക ഫുട്ബോൾ തന്നെയാണ് അർജന്‍റീന പുറത്തെടുത്തത്. അതുകൊണ്ടുതന്നെയാണ് അർജന്‍റീനയ്ക്ക് വീണ്ടും ലീഡ് ഉയർത്താനായത്. 74-ാം മിനിട്ടിൽ ഡിപോളിനെയും ഗോൾ സ്കോറർ ആൽവാരസിനെയും പിൻവലിച്ച് പലാസിയോയെയും ഡിബാലയെയും ഇറക്കി. അർജന്‍റീന ആരാധകർ കാത്തിരുന്ന ഡിബാല, ഇതാദ്യമായാണ് ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയത്.

    തുടർച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പ് സെമിയിൽ കളിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന ലയണൽ മെസി ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇന്ന് പോരാടുന്നത്. ലോകകപ്പിൽ ഏറ്റവുമധികം മത്സരം കളിച്ചതിന്‍റെ റെക്കോർഡ് ജർമ്മൻ താരം ലോതർ മത്യാവൂസിന്‍റെ നേട്ടത്തിനൊപ്പം എത്താൻ ഇന്ന് മെസിക്ക് സാധിച്ചു. ലോകത്തെ മികച്ച മിഡ്ഫീൽഡർ ലുക്കാ മോഡ്രിച്ചിന്‍റെ കരുത്തിലാണ് ക്രൊയേഷ്യ ഇന്ന് ഇറങ്ങുന്നത്. പരന്ന് കളിക്കുന്ന മിഡ്ഫീൽഡാണ് ക്രൊയേഷ്യയുടെ കരുത്ത്. അതിന് നേതൃത്വം നൽകുന്നതാകട്ടെ ലുക്കാ മോഡ്രിച്ച് എന്ന നായകനും.

    Also Read- ‘മെസിയെ പിടിച്ചുകെട്ടുന്നത് എളുപ്പമല്ല; അര്‍ജന്റീനയെ ഒറ്റക്കെട്ടായി മറികടക്കും; ലൂക്കാ മോഡ്രിച്ച്

    പ്രതിരോധനിരയിലെ വിശ്വസ്തരായ അക്യുന, മോൺട്രിയാൽ എന്നിവർ രണ്ട് മഞ്ഞ കാർഡ് കണ്ടതുകാരണം ഇന്ന് അർജന്‍റീന നിരയിൽ കളിച്ചില്ല. ഇവർക്ക് പകരം ടാഗ്ലിഫിയാക്കോ, പാർഡേസ് എന്നിവർ ആദ്യ ഇലവനിലെത്തി. അർജന്‍റീന ലോകകപ്പിൽ ആറാമത്തെ സെമിഫൈനലാണ് കളിക്കുന്നത്.

    അർജന്റീന ആദ്യ ഇലവൻ: എമി മാർട്ടിനെസ്, മൊലിന, റൊമേറോ, ഒറ്റാമെൻഡി, ടാഗ്ലിയാഫിക്കോ, ഡി പോൾ, പരേഡസ്, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, മെസ്സി, അൽവാരസ്.

    ക്രൊയേഷ്യ ആദ്യ ഇലവൻ: ലിവകോവിച്ച്, ജുറനോവിച്ച്, ലോവ്രെൻ, ഗ്വാർഡിയോൾ, സോസ, മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിക്, പസാലിക്, ക്രാമാരിക്, പെരിസിച്ച്.

    Published by:Anuraj GR
    First published: