കോപ്പ അമേരിക്കയിൽ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങാൻ അർജൻ്റീന. ടൂർണമെൻ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയാണ് അർജൻ്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ രാവിലെ 5.30നാണ് മത്സരം.
ഗ്രൂപ്പ് എയിൽ നിലവിൽ ഏഴ് പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അർജൻ്റീനക്ക് ബൊളീവിയക്കെതിരെ ജയം നേടാനായാൽ ഒന്നാം സ്ഥാനം നിലനിർത്താം. അർജൻ്റീനക്ക് പുറകിൽ രണ്ടാം സ്ഥാനത്തുള്ള പാരഗ്വായുടേയും അവസാന ഗ്രൂപ്പ് മത്സരം നാളെയാണ് എന്നതിനാൽ അവർക്കും ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമുണ്ട്. പാരഗ്വായ്ക്ക് ആറ് പോയിൻ്റാണുള്ളത്.
തുടർവിജയങ്ങളോടെ കോപ്പയില്‍ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയ അർജൻ്റീനക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞാൽ ക്വാർട്ടറിൽ താരതമ്യേന ദുർബലരായ ഇക്വഡോറിനെയാകും ലഭിക്കുക. രണ്ടാം സ്ഥാനക്കാരായാണ് അവർ ക്വാർട്ടറിന് യോഗ്യത നേടുന്നതെങ്കിൽ കൊളംബിയയെയായിരിക്കും അർജൻ്റീനക്ക് ലഭിക്കുക. ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് തന്നെ ക്വാർട്ടറിനും ഇറങ്ങാനാകും ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജൻ്റീന ലക്ഷ്യമിടുന്നുണ്ടാവുക.
ഗ്രൂപ്പിലെ മൂന്ന് കളികളും തോറ്റ ബൊളീവിയ അർജൻ്റീനക്ക് വെല്ലുവിളി ആയേക്കില്ല. എന്നതിനാൽ ടീമിൽ മാറ്റങ്ങൾ വരുത്തിയാകും അർജൻ്റീന പരിശീലകനായ ലയണൽ സ്കലോണി തൻ്റെ ടീമിനെ നാളത്തെ മത്സരത്തിൽ ഇറക്കുക. ടീമിൽ ഒരേയൊരു താരത്തിന് മാത്രമാണ് സ്ഥാനം ഉറപ്പുള്ളത് എന്ന് പറഞ്ഞ പരിശീലകൻ ബാക്കിയുള്ള താരങ്ങൾ ടീമിലെ സ്ഥാനം നേടിയെടുക്കണമെന്നും പറഞ്ഞു. കഴിഞ്ഞ അഞ്ച് മത്സരത്തിലും ഇറങ്ങിയ അർജൻ്റീന ടീമിൻ്റെ ലിസ്റ്റ് എടുത്താൽ സ്കലോണിയുടെ പരാമർശത്തിൻ്റെ സത്യാവസ്ഥ നമുക്ക് മനസ്സിലാകും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും മുഴുവൻ സമയവും ടീമിനായി കളിച്ച ഒരേ ഒരു താരമെയുള്ളൂ. അത് ലയണൽ മെസ്സിയാണ്. അതുകൊണ്ട് തന്നെ നാളത്തെ മത്സരത്തിലും താരം കളിക്കാൻ ഇറങ്ങിയേക്കും എന്ന് തന്നെയാണ് സൂചനകൾ. കോപ്പയിൽ മികച്ച പ്രകടനമാണ് മെസ്സി കാഴ്ചവയ്ക്കുന്നത്. ടീമിലെ താരങ്ങൾ നിറം മങ്ങുമ്പോഴും കളം നിറഞ്ഞു കളിക്കുന്ന പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തത്.
നാളത്തെ മത്സരത്തിൽ ഗോളി എമിലിയാനോ മാർട്ടിനസിന് പകരം ഫ്രാങ്കോ അർമാനി അർജൻ്റീനയുടെ ഗോൾവല കാക്കാൻ ഇറങ്ങിയെക്കും. പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോയ്ക്കും നിക്കോളോസ് ഓട്ടമെൻഡിക്കും പകരം ജെർമൻ പസല്ലയും ലിസാൻഡ്രോ മാർട്ടിനസും വിംഗ്ബാക്കുകളായ ടാഗ്ലിയാഫിക്കോയ്ക്കും മൊളിനയ്ക്കും പകരം മോണ്ടിയേലും അക്യൂനയുമിറങ്ങും. മധ്യനിരയിൽ എസേക്വിൽ പലേസിയോസ്, ഗിയ്ഡോ റോഡ്രിഗസ്, നിക്കോളാസ് ഡോമിംഗ്വെസ് എന്നിവരാകും. മുന്നേറ്റത്തിൽ മെസ്സിക്കൊപ്പം ആഗ്വേറോ തന്നെ ഇറങ്ങാനാകും സാധ്യത.
അതേസമയം, മറ്റൊരു നാഴികക്കല്ല് കൂടി തൻ്റെ ഫുട്ബോൾ കരിയറിലേക്ക് ചേർക്കാൻ ഒരുങ്ങുകയാണ് അർജൻ്റീനയുടെ ഇതിഹാസ താരമായ ലയണൽ മെസ്സി. നാളത്തെ മത്സരത്തിൽ ബൊളീവിയക്കെതിരെ ഇറങ്ങുകയാണെങ്കിൽ അർജൻറീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മെസ്സിയുടെ പേരിലാകും. നിലവിൽ ഹവിയർ മഷറാനോക്കൊപ്പം അർജൻ്റീനക്കായി 147 മത്സരങ്ങളെന്ന റെക്കോർഡ് പങ്കിടുകയാണിപ്പോൾ മെസ്സി. പരാഗ്വേയ്ക്കെതിരായ മത്സരത്തിലാണ് മെസ്സി മഷറാനോയുടെ റെക്കോർഡിന് ഒപ്പമെത്തിയത്. 2005ൽ ഹംഗറിക്കെതിരായ മത്സരത്തിലൂടെ അർജൻ്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം തൻ്റെ ടീമിനായി ഇതുവരെ 73 ഗോളുകളും നേടിയിട്ടുണ്ട്.
Summary
Argentina to face Bolivia in their last group match of Copa America; another record awaits Lionel Messi in his National jersey. set to become the player to feature in more games for Argentina
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina, Copa America, Lionel messi