റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ അർജന്റീന പരാഗ്വേയോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തോൽവി മുഖാമുഖം കണ്ട അർജന്റീനയ്ക്ക് സമനില സമ്മാനിച്ചത് ലയേണൽ മെസി നേടിയ ഗോളാണ്. പരാഗ്വേയ്ക്കുവേണ്ടി സാഞ്ചസാണ് ഗോൾ നേടിയത്. അതേസമയം ഡെർലിസ് ഗോൺസാലസ് പെനാൽറ്റി നഷ്ടമാക്കിയതാണ് പരാഗ്വേയ്ക്ക് തിരിച്ചടിയായത്.
പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്നത് അർജന്റീനയാണെങ്കിലും ലക്ഷ്യം കാണാതെ ഉഴലിയ മുന്നേറ്റ നിരയാണ് അവർക്ക് തിരിച്ചടിയായത്. 37-ാം മിനിട്ടിലാണ് റിച്ചാർഡ് സാഞ്ചസ് പരാഗ്വേയെ മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും അർജന്റീനയ്ക്ക് ലക്ഷ്യം കാണാനായില്ല. പരാഗ്വെയുടെ ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയാണ് അർജന്റീന ഇറങ്ങിയത്. വൈകാതെ ഇതിന് ഫലവും കണ്ടു. 57-ാം മിനിട്ടിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഇവാൻ പൈറിസ് ഹാൻഡ് ബോൾ ആയതോടെയാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.
അഞ്ചുമിനിട്ടനകം ഗോൾ മടക്കാനുള്ള സുവർണാവസരം പരാഗ്വെ നഷ്ടമാക്കി. ഡെർലിസ് ഗോൺസാലസിനെ നിക്കോളാസ് ഓട്ടമാൻഡി പിന്നിൽനിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അദ്ദേഹം തന്നെ തുലച്ചു. സമനില മുറിക്കാൻ അർജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ അകന്നുനിൽക്കുകയായിരുന്നു. മത്സരം അന്ത്യനിമിഷങ്ങളിലേക്ക് കടന്നതോടെ ആവേശകരമായ മത്സരം കാഴ്ചവെച്ചെങ്കിലും ലക്ഷ്യം കാണാനാകാതെ അവസാനിക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.