ടോക്യോ ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ഹോക്കി മത്സരത്തിനിടെ കയ്യാങ്കളി. സ്പെയ്ന്‍- അര്‍ജന്റീന മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ജന്റീനയുടെ ഹോക്കി താരം എതിരാളിയായ സ്പാനിഷ് താരത്തിന്റെ തലയ്ക്ക് പ്രകോപനമൊന്നും കൂടാതെ ഹോക്കി സ്റ്റിക്കു കൊണ്ട് അടിക്കുകയായിരുന്നു.
മത്സരത്തില്‍ 1-1 സമനിലയുടെ അവസാനം ലൂക്കോസ് റോസി, ഡേവിഡ് അലഗ്രെയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജന്റീനിയന്‍ താരം സ്പാനിഷ് താരത്തെ ഒരു പ്രകോപനവും കൂടാതെ അടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ കയ്യാങ്കളി നടന്നു. ഇരുവരും തമ്മില്‍ പരസ്പരം പോര്‍വിളിയും നടന്നു. ഇരുവശത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതുവരെ റോസി പ്രകോപിതനായി.
One of Argentina's hockey players gave the opposition a bit more stick than he might have expected... 🏑💥#Tokyo2020 #bbcolympics
— BBC Sport (@BBCSport) July 24, 2021
അതേസമയം ടോക്യോ ഒളിമ്പിക്സ് രണ്ടാം ദിനം ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പൂള് എ മത്സരത്തില്‍ എതിരാളികളായ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം കീഴടക്കി. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് രണ്ട് ഗോളുകളും രുപീന്ദര്‍ പാല് ഒരു ഗോളും നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര് ശ്രീജേഷിന്റെ മിന്നും സേവുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്. പന്ത് കയ്യടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പെനാല്‍റ്റി കോര്‍ണറുകള്‍ എടുക്കുന്നതില്‍ ന്യൂസിലന്‍ഡിനുണ്ടായ പോരായ്മകള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു.
ആദ്യ മത്സരം ഗംഭീരമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ്. ഇന്ത്യയുടെ വന്മതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് രാഹുല്‍ ദ്രാവിഡ് എങ്ങിനെയാണോ ഇന്ത്യന്‍ ഹോക്കിക്ക് അതു പോലെയാണ് പി ആര് ശ്രീജേഷെന്ന് ഒരു കൂട്ടര് വാദിക്കുന്നു. ഇന്ത്യയുടെ കളി എന്നൊക്കെ കാണുന്നുവോ അന്നൊക്കെ ഈ മനുഷ്യന് രക്ഷകനാകുന്നുവെന്ന് ചിലര്‍ പറയുന്നു. ഒന്നും രണ്ടുമല്ല, ന്യൂസിലന്‍ഡിന്റെ ഗോളെന്നുറച്ച ആറ് ഷോട്ടുകളാണ് താരം തടഞ്ഞിട്ടത്. നെഞ്ചിടിപ്പോടെ കണ്ട മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്തത് ഈ മലയാളി താരമാണ്.
എന്നാല്‍ വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള് മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലന്‍ഡ്സിനോടു 1-5ന്റെ കനത്ത പരാജയമാണ് റാണി രാംപാല്‍ നയിച്ച ഇന്ത്യക്കു നേരിട്ടത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഡച്ച് ടീമിനെ 1-1നു പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ ഓറഞ്ചു പട ഇന്ത്യക്കു മേല്‍ കത്തിക്കയറി. നാലു ഗോളുകള്‍ കൂടി ഇന്ത്യന്‍ പോസ്റ്റിലെത്തിച്ച് നെതര്‍ലന്‍ഡ്സ് വമ്പന്‍ ജയം കൊയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina, Spain, Tokyo Olympics, Tokyo Olympics 2020