കോപ്പ അമേരിക്കയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ടീം നാളെ പുലര്‍ച്ചെ ആദ്യ മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്മാര് കൂടിയായ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. റിയോയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന ആദ്യ പോരിനിറങ്ങുക. ഉറുഗ്വേ, ബോളിവിയ, പാരാഗ്വേ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ലോക കപ്പ് യോഗ്യത മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരം സമനിലയില്‍ പിരിയുകയാണ് ഉണ്ടായത്. ഇരു ടീമുകളും യോഗ്യത മത്സരത്തില്‍ കളിച്ച രണ്ട് മത്സരങ്ങളിലും സമനിലകളുമായാണ് കോപ്പ അമേരിക്കയില്‍ ഇന്നിറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ പരാഗ്വേ ബൊളീവിയയേ നേരിടും. പുലര്‍ച്ചെ 5.30നാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം.
2015ല്‍ ചിലിയിലും 2016ല്‍ അമേരിക്കയിലും നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ട അര്‍ജന്റീന കണക്കുതീര്‍ക്കാനായിരിക്കും ഇന്ന് ഇറങ്ങുക. അര്‍ജന്റീന ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ കോപ്പ അമേരിക്ക വളരെയേറെ പ്രാധാന്യമുള്ളതാണ്. 1993ന് ശേഷം നീണ്ട 28 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചാണ് മെസിയും കൂട്ടരും ഇത്തവണ എത്തുന്നത്. നായകനും കാല്പന്ത് കളിയിലെ മിശിഹയെന്നും അറിയപ്പെടുന്ന ലയണല്‍ മെസിയുടെ മാസ്മരിക പ്രകടനങ്ങളിലാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ എങ്കിലും താരത്തിന് ഇതുവരെ ഒരു കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല.
ഇതുവരെ 14 കോപ്പാ അമേരിക്ക ഫൈനലിലാണ് അര്‍ജന്റീന തോല്‍വി അറിഞ്ഞിട്ടുള്ളത്. എന്നാല്‍ 2019ലെ കോപ്പ അമേരിക്ക സെമിയില്‍ പുറത്തായ ശേഷം ഒരു മത്സരത്തില്‍ പോലും ടീം തോല്‍വി അറിഞ്ഞിട്ടില്ല. ഇത്തവണ മികച്ച താരനിര തന്നെയാണ് അര്‍ജന്റീനയ്ക്കൊപ്പമുള്ളത്. ലയണല്‍ മെസ്സി, ലൗട്ടാറോ മാര്‍ട്ടിനസ്, സെര്‍ജിയോ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ, ഏഞ്ചല്‍ കോറിയ തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. യുവാന്‍ ഫോയ്ത്തിനെയും സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസിനെയും തഴഞ്ഞ് 28 അംഗ അര്‍ജന്റീനിയന്‍ സംഘത്തെയാണ് സ്കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. കോപ്പയില്‍ ജയത്തോടെ തുടങ്ങാനുള്ള എല്ലാ താരസമ്പത്തും അര്‍ജന്റീനയ്ക്കൊപ്പമുണ്ട്. 14 തവണ കോപ്പ അമേരിക്കയില്‍ മുത്തമിട്ടിട്ടുള്ള അര്‍ജന്റീന ഇത്തവണ കിരീടം നേടിയാല്‍ കൂടുതല്‍ കോപ്പ അമേരിക്ക കിരീടമെന്ന റെക്കോഡില്‍ ഉറുഗ്വേയ്ക്കൊപ്പമെത്താം. രണ്ട് ഗോള്‍കീപ്പര്‍മാരുടെ കാര്യത്തിലാണ് ടീമിന് ആശങ്കയുള്ളത്. പരുക്കേറ്റ എമിലിയാനോ മാര്‍ട്ടിനസിനും കോവിഡ് ബാധിച്ച ഫ്രാങ്കോ അര്‍മാനിക്കും ടീമിലിടമുണ്ടാവില്ല. മെസ്സിയെ ആശ്രയിച്ച് ഇറങ്ങുന്ന അര്‍ജന്റീനയെ തളയ്ക്കാന്‍ താരത്തെ തന്നെ കടിഞ്ഞാണിട്ട് പൂട്ടുക എന്ന തന്ത്രമായിരിക്കും ചിലി ടീം സ്വീകരിക്കുക.
എതിരാളികളായ ചിലിയും നിസ്സാരക്കാരല്ല. പരിചയസമ്പന്നരായ ഒട്ടേറെ കളിക്കാര്‍ ടീമിലുണ്ട്. വിദാലും അലക്സിസ് സാഞ്ചെസും വര്‍ഗാസും മെഡലും ഇസ്ലയുമാണ് ക്ലോഡിയോ ബ്രാവോ നയിക്കുന്ന ടീമിലെ പ്രധാനികള്‍. 2015ലും 2016ലും കപ്പെടുത്ത ടീം കൂടിയാണ് മാര്ട്ടിന് ലാസര്റ്റെ പരിശീലകനായ ചിലി ടീം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina, Copa America, Lionel messi