• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചരിത്രം ആവർത്തിക്കാൻ അർജന്റീന; തിരുത്താൻ നൈജീരിയ


Updated: June 26, 2018, 12:37 PM IST
ചരിത്രം ആവർത്തിക്കാൻ അർജന്റീന; തിരുത്താൻ നൈജീരിയ

Updated: June 26, 2018, 12:37 PM IST
മോസ്കോ: റഷ്യൻ ലോകകപ്പിൽ ചൊവ്വാഴ്ച അർജന്റീനക്ക് ജീവൻമരണ പോരാട്ടമാണ്. ആഫ്രിക്കൻ കരുത്തരായ നൈജീരിയയോട് തോറ്റാൽ അടുത്ത ദിവസം നാട്ടിലേക്ക് ടിക്കറ്റെടുക്കാം. ജയിച്ചാൽ ക്രൊയേഷ്യ-ഐസ്ലൻഡ് മത്സര ഫലത്തിൽ കണ്ണും നട്ട് പ്രീക്വാർട്ടർ സാധ്യതകളെ കുറിച്ച് സ്വപ്നം കാണാം. എന്നാൽ, നിർണായക മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ ലോകകപ്പുകളിലെ മുൻകാല ചരിത്രം അർജന്റീനയ്ക്ക് അനുകൂലമാണ്.

ലോകകപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ നൈജീരിയയോട് പരാജയപ്പെട്ടിട്ടില്ല എന്ന ആത്മവിശ്വാസത്തിലാണ് അർജന്റീന കളത്തിലിറങ്ങുക. ഇത് വരെ ലോകകപ്പിൽ നാല് മത്സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഈ നാല് മത്സരങ്ങളിലും ജയം അർജന്റീനയ്ക്കൊപ്പമായിരുന്നു. 2014, 2010, 2002, 1994 ലോകകപ്പുകളിലായിരുന്നു ഇരു ടീമുകളും മുമ്പ് നേർക്കുനേർ വന്നത്.



1994 ൽ ചരിത്രത്തിലാദ്യമായി ഇരു ടീമുകളും ലോകകപ്പ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ 2-1 നായിരുന്നു അർജന്റീനൻ വിജയം. 2002 ൽ എതിരില്ലാത്ത ഒരു ഗോളിനും (1-0) 2010 ൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കുമായിരുന്നു (2-1) അർജന്റീനൻ വിജയം. 2010 ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ നൈജീരിയ ഉയർത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു അർജന്റീന വിജയം നേടിയത്. സൂപ്പർ താരം ലയണൽമെസി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളടിച്ചാണ് അവർ വിജയത്തിലെത്തിയത് (3-2).

ലോകകപ്പിൽ നൈജീരിയയോട് കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചെന്ന റെക്കോർഡ് നിലനിർത്താൻ അർജന്റീന ഇറങ്ങുമ്പോൾ ചരിത്രം തിരുത്തുകയാവും ഇന്നത്തെ മത്സരത്തിൽ നൈജീരിയയുടെ ലക്ഷ്യം. ചരിത്രം ആവർത്തിക്കുമോ അതോ തിരുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

 

First published: June 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍