കോപ്പ അമേരിക്കയില്‍ നാളെ പുലര്‍ച്ചെ രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ് നടക്കുന്നത്. 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വേ കൊളംബിയയെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറുമായി ഏറ്റുമുട്ടും. രാവിലെ 6.30നാണ് ഈ മത്സരം. രണ്ടു മത്സരങ്ങളും തത്സമയം സോണി ചാനലുകളില്‍ കാണാനാകും. കോപ്പയില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് അര്‍ജന്റീന. ഇത്തവണത്തേത് മെസ്സിയുടെ അവസാന കോപ്പാ അമേരിക്കയാകാനാണ് സാധ്യത. അതിനാല്‍ത്തന്നെ അര്‍ജന്റീന ഇത്തവണ കിരീടം ഉയര്‍ത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
കഴിഞ്ഞ 17 മത്സരത്തിലും തോല്‍വി അറിയാത്ത നിരയാണ് അര്‍ജന്റീനയുടേത്. 10 ജയവും ഏഴ് സമനിലയുമാണ് അവര്‍ പോക്കറ്റിലാക്കിയത്. നിലവില്‍ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുമായി ടൂര്‍ണമെന്റിലെ താരമാണ് ലയണല്‍ മെസി. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. കളിച്ച നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് അവര്‍ നേടിയത്. അതേസമയം ഇക്വഡോര്‍ ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനത്താക്കാരാണ്. ഇക്കുറി ടൂര്‍ണമെന്റില്‍ ഇതുവരെ ഇക്വഡോറിന് ജയിക്കാനായിട്ടില്ല. ഒരു മത്സരം തോല്‍ക്കുകയും മൂന്ന് സമനില സ്വന്തമാക്കുകയും ചെയ്താണ് ഇക്വഡോറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ഇരു ടീമും 36 കളിയില്‍ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 21ലും ജയം അര്‍ജന്റീനയ്ക്ക് ഒപ്പം നിന്നു. ഇക്വഡോര്‍ ജയിച്ചതാവട്ടെ അഞ്ച് കളിയില്‍ മാത്രം. 10 മത്സരം സമനിലയില്‍ അവസാനിച്ചു. 2019ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 6-1ന് ജയം അര്‍ജന്റീനക്കായിരുന്നു. 2020ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയവും അര്‍ജന്റീനയ്ക്ക് ഒപ്പം നിന്നു. മെസ്സിയുടെ ഫോം തന്നെയാകും അര്‍ജന്റീനയ്ക്ക് ഇന്നും കരുത്തേകുക. മെസ്സിയും അഗ്യൂറോയും ആകും അറ്റാക്കില്‍ ഇന്നും ഇറങ്ങുക. അര്‍ജന്റീനയുടെ ഒരു കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഈ കോപ്പ അമേരിക്കയോടെ അവസാനിക്കും എന്ന് ആരാധകര്‍ വിശ്വസിക്കുന്നു.
ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഉറുഗ്വേ കൊളംബിയയെ നേരിടും. ഉറുഗ്വേയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള കരുത്ത് കൊളംബിയന്‍ ടീമിനുണ്ട്. ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം ഉറുഗ്വേയ്ക്ക് നിര്‍ണ്ണായകമാവും. എന്നാല്‍ ഇതുവരെയും അവര്‍ക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം തവണ കോപ്പാ അമേരിക്ക ക്വാര്‍ട്ടര്‍ യോഗ്യത നേടുന്ന കൊളംബിയക്ക് കുഡ്രാഡോ, ബോറെ, സപ്പാറ്റ, ഡിയാസ്, ഡേവിന്‍സന്‍ സാഞ്ചസ് എന്നിവരൊക്കെ സെമി പ്രവേശനം നേടി കൊടുക്കാന്‍ കെല്‍പ്പുള്ളവരാണ്. അര്‍ജന്റീന ഇന്ന് ജയിക്കുകയാണെങ്കില്‍ ഈ മത്സരത്തിലെ വിജയികളെയാകും സെമിയില്‍ നേരിടേണ്ടത്.
2014ന് ശേഷം ഇരു ടീമും മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രണ്ട് തവണയും ജയം ഉറുഗ്വേയ്ക്കായിരുന്നു. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാനമായി 2020ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയമാണ് ഉറുഗ്വേ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina, Copa America, Ecuador, Lionel messi, Uruguay