Copa America | കോപ്പ അമേരിക്കയില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീന, എതിരാളികള്‍ പരാഗ്വേ
Copa America | കോപ്പ അമേരിക്കയില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീന, എതിരാളികള്‍ പരാഗ്വേ
ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലുപോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇത്ര തന്നെ പോയിന്റുകളുമായി ചിലി തൊട്ടു പിറകിലുണ്ട്.
Last Updated :
Share this:
കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യവുമായി ലയണല്‍ മെസ്സിയും സംഘവും നാളെ ഇറങ്ങും. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് തുടങ്ങുന്ന മത്സരത്തില്‍ പരാഗ്വേയാണ് മെസ്സിയുടേയും കൂട്ടരുടെയും എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ, ചിലിയെ നേരിടും. പുലര്‍ച്ചെ 2.30നാണ് ഈ മത്സരം. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലുപോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇത്ര തന്നെ പോയിന്റുകളുമായി ചിലി തൊട്ടു പിറകിലുണ്ട്. കളിച്ച ഒരു മത്സരം ജയിച്ച പരാഗ്വെയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം അക്കൗണ്ട് തുറക്കാത്ത ഉറുഗ്വേ നാലും ബൊളീവിയ അഞ്ചും സ്ഥാനങ്ങളിലാണ്.
ആദ്യ മത്സരത്തില്‍ ചിലിയോട് 1-1ന് സമനിലയില്‍ പിരിഞ്ഞ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ കരുത്തരായ ഉറുഗ്വേക്കെതിരെ നേടിയ ഒറ്റ ഗോള്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്നിറങ്ങുക. മെസിയുടെ മികച്ച ഫോം തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നത്. ചിലിക്കെതിരെ ഗോള്‍ നേടിയ മെസി ഉറുഗ്വേയ്ക്കെതിരെ ഗോളിന് വഴിയൊരുക്കിയിരുന്നു. പ്രതിരോധത്തിലെ പിഴവുകള്‍ ഏറക്കുറെ പരിഹരിച്ച ആശ്വാസത്തിലാണ് കോച്ച് ലയണല്‍ സ്കലോണി. പരാഗ്വേക്കെതിരെ മധ്യനിരയിലും മുന്നേറ്റത്തിലും അര്‍ജന്റീന മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. പരിക്കേറ്റ ജിയോവനി ലോ സെല്‍സോയ്ക്ക് പകരം എസേക്വില്‍ പലേസിയോസ്, ലിയാന്‍ഡ്രോ പരേഡസ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിച്ചേക്കും.
ലയണല്‍ സ്കലോണിയെന്ന പരിശീലകന് കീഴില്‍ അവസാനം കളിച്ച 15 മത്സരത്തിലും അര്‍ജന്റീന തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. എട്ട് ജയവും ഏഴ് സമനിലയുമാണ് അര്‍ജന്റീന നേടിയിരിക്കുന്നത്. എന്നാല്‍ മെസ്സിയൊഴികെയുള്ള അര്‍ജന്റീനയുടെ സ്ട്രൈക്കര്‍മാര്‍ കഴിഞ്ഞ നാല് മത്സരത്തിലും പൂര്‍ണമായും നിരാശപ്പെടുത്തുകയാണ്. പ്രത്യേകിച്ചും നിരന്തരം അവസരം കിട്ടുന്ന ലൗറ്ററോ മാര്‍ട്ടിനസ്. ലൗറ്ററോയ്ക്ക് പകരം സെര്‍ജിയോ അഗ്യൂറോ, യോക്വിം കോറിയ ഇവരില്‍ ആര്‍ക്കെങ്കിലും അവസരം കിട്ടുമെന്നാണ് സൂചന. പരിക്കേറ്റ നിക്കോളാസ് ഗോണ്സാലസിന് പകരം ഏഞ്ചല്‍ ഡി മരിയയും ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്.
ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് പരാഗ്വേ എത്തുന്നത്. ഇരു ടീമും 108 കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 58 കളികളിലും ജയം അര്‍ജന്റീനയ്ക്കൊപ്പം നിന്നു. പരാഗ്വേ ജയിച്ചത് പതിനാറില്‍ മാത്രം. 34 കളികള്‍ സമനിലയില്‍ പിരിയുകയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്നും ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
കോപ്പ അമേരിക്കയില്‍ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വേ, ചിലിയെ നേരിടും. 15 തവണ കോപ്പ അമേരിക്ക കിരീടം നേടിയിട്ടുള്ള ഉറുഗ്വേ ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചുകൊണ്ടാണ് ചിലി വരുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.