നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യാ മുരളീധരന്റെ 800 വിക്കറ്റ് നേട്ടം അശ്വിൻ മറികടന്നേക്കും: ബ്രാഡ് ഹോഗ്

  ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യാ മുരളീധരന്റെ 800 വിക്കറ്റ് നേട്ടം അശ്വിൻ മറികടന്നേക്കും: ബ്രാഡ് ഹോഗ്

  ‘'എന്റെ ഈ വിലയിരുത്തലിനു വ്യക്തമായ കാരണവുമുണ്ട്. ഒന്നാമത്തെ കാര്യം ഏതു സാഹചര്യത്തോടും ഇഴുകിച്ചേരാനുള്ള അശ്വിന്റെ കഴിവാണ്. രണ്ടാമതായി, ക്രിക്കറ്റ് താരമെന്ന നിലയിൽ അനുദിനം വളരാനുള്ള അശ്വിൻ്റെ അടങ്ങാത്ത ആഗ്രഹവും അതിനോടുള്ള സമർപ്പണവും. ''

  R Ashwin

  R Ashwin

  • Share this:
   ഇന്ത്യൻ ടീം നിലവിൽ നിൽക്കുന്നത് ഒരു പിടി നേട്ടങ്ങളുടെ മുകളിലാണ്. ഈ നേട്ടങ്ങളിൽ എത്താൻ ടീമിന് സഹായകമായത് ടീമിലെ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടാണ്. തങ്ങളുടെ ദേശീയ ടീമിനായി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനങ്ങളാണ് താരങ്ങൾ പുറത്തെടുത്തത്. പ്രതികൂല സാഹചര്യങ്ങളിലും തളരാത്ത പോരാട്ടവീര്യവുമായാണ് അവർ ടീമിന് വിജയങ്ങൾ നേടിക്കൊടുത്തത്. അത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഒരു താരമാണ് ഇന്ത്യയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിൻ. തൻ്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് ടീമിന് വിജയങ്ങൾ നേടിക്കൊടുക്കുവാനും ഏവരുടേയും പ്രശംസ നേടാനും ഇത് വരെയുള്ള തൻ്റെ കരിയറിൽ അശ്വിന് കഴിഞ്ഞിട്ടുണ്ട്.

   ഇപ്പോഴിതാ അശ്വിൻ്റെ മികവിനെ അംഗീകരിച്ച് കൊണ്ട് താരത്തെ കുറിച്ച് ഒരു തകർപ്പൻ പ്രവചനവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റുകളെന്ന ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ലോക റെക്കോര്‍ഡ് തകര്‍ക്കുക ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിനായിരിക്കുമെന്നാണ് ഹോഗ് പറയുന്നത്. 34കാരനായ അശ്വിന്‍ ഇനിയും ഒരു എട്ടുവര്‍ഷം കൂടി കളിക്കുമെന്നും കുറഞ്ഞത് 600 വിക്കറ്റുകളെങ്കിലും താരം നേടുമെന്നും സാഹചര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ അശ്വിന്‍ ശ്രീലങ്കൻ സ്പിൻ ഇതിഹാസമായ മുത്തയ്യാ മുരളീധരൻ്റെ 800 വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടക്കുമെന്നും ഹോഗ് പറഞ്ഞു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റുകൾ നേട്ടത്തിലെത്തിയ താരം എന്ന റെക്കോർഡും അശ്വിൻ്റെ പേരിലാണ്.

   ‘ഇപ്പോൾ അശ്വിന് 34 വയസ്സുണ്ട്. അദ്ദേഹം കുറഞ്ഞത് 42 വയസ്സു വരെയെങ്കിലും ടെസ്റ്റിൽ തുടരുമെന്നാണ് എന്റെ അനുമാനം. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം പതുക്കെ താഴോട്ടു പോന്നാലും ബോളിങ്ങിൽ അദ്ദേഹം കൂടുതൽ കരുത്തനാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ. അദ്ദേഹം അനായാസം 600 വിക്കറ്റ് ക്ലബ്ബിൽ ഇടംപിടിക്കും. മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റ് നേട്ടവും അദ്ദേഹത്തിന് മറികടക്കാവുന്നതേയുള്ളൂ. ബാറ്റിംഗില്‍ അശ്വിന്‍ ചിലപ്പോള്‍ നിറം മങ്ങിയേക്കാം. എന്നാല്‍ കാലം കഴിയും തോറും അശ്വിന്‍റെ ബൗളിംഗിന് മൂര്‍ച്ച കൂടുമെന്നും ഹോഗ് പറഞ്ഞു. വിക്കറ്റ് നേടാനുള്ള അടങ്ങാത്ത ദാഹം അശ്വിനിൽ ഓരോ ദിവസം കഴിയുംതോറും കൂടിക്കൂടി വരികയാണ്’ – ഹോഗ് പറഞ്ഞു.
   അശ്വിൻ്റെ കാര്യത്തിൽ ഇങ്ങനെ ഒരു അഭിപ്രായം പറയാനുള്ള കാരണവും ഹോഗ് വ്യക്തമാക്കി.

   Also Read-ടെസ്റ്റ് മത്സരം സമനിലയോ ടൈയോ ആയാൽ എന്തുചെയ്യും? സംശയങ്ങൾക്ക് ഐ.സി.സിയുടെ മറുപടി

   ‘എന്റെ ഈ വിലയിരുത്തലിനു വ്യക്തമായ കാരണവുമുണ്ട്. ഒന്നാമത്തെ കാര്യം ഏതു സാഹചര്യത്തോടും ഇഴുകിച്ചേരാനുള്ള അശ്വിന്റെ കഴിവാണ്. രണ്ടാമതായി, ക്രിക്കറ്റ് താരമെന്ന നിലയിൽ അനുദിനം വളരാനുള്ള അശ്വിൻ്റെ അടങ്ങാത്ത ആഗ്രഹവും അതിനോടുള്ള സമർപ്പണവും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനായി കൗണ്ടി ക്രിക്കറ്റ് കളിച്ച താരമാണ് അശ്വിൻ. മികച്ച സ്പിന്നറായി അശ്വിൻ മാറിയതിന് പിന്നിൽ അദ്ദേഹത്തിൻ്റെ ഈ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്’ – ഹോഗ് പറഞ്ഞു.

   ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അശ്വിന്‍ കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തെ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്‌സ്പിന്നര്‍ അശ്വിനാണ്. എന്നാല്‍ നിയമങ്ങളിലും സാഹചര്യങ്ങളിലും സംഭവിച്ച ചില മാറ്റങ്ങള്‍ കാരണം നമ്മള്‍ അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഓഫ്‌ സ്പിന്നറെന്നു വിളിക്കാറില്ലെന്നും ഹോഗ് പറഞ്ഞു.

   കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തോടെ തനിക്കു അശ്വിനോടുള്ള ബഹുമാനം കൂടിയതായി ഹോഗ് വെളിപ്പെടുത്തി. പരമ്പരയില്‍ 12 വിക്കറ്റുകളെടുത്ത താരം സിഡ്‌നി ടെസ്റ്റില്‍ മികച്ച ബാറ്റിങിലൂടെ ഇന്ത്യക്കു സമനില നേടിത്തരുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ‘ക്രിക്കറ്റിന് പുറത്ത് മികച്ചൊരു ചെസ് താരമാണ് അശ്വിൻ. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ തികച്ചും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കാൻ അശ്വിൻ കാണിച്ച താൽപര്യമാണ് അദ്ദേഹത്തെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അദ്ദേഹത്തിനെതിരെ കളിക്കാനുള്ള അവസരം പോലും ഒരു ആനുകൂല്യമായാണ് ഞാൻ കാണുന്നത്’ – ഹോഗ് പറഞ്ഞു.

   ന്യൂസിലന്‍ഡിനെതിരേ ജൂണ്‍ 18ന് നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാൻ അശ്വിനും ഉണ്ടാകും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം മാത്രം കാഴ്ചവച്ച താരം കുടുംബാംഗങ്ങള്‍ക്കു കോവിഡ് ബാധിച്ചതോടെ ടീം വിടുകയായിരുന്നു. പിന്നീട് കോവിഡ് വ്യാപനം ടീമുകളിലേക്കും പടർന്നതോടെ ഐപിഎൽ നിർത്തിവക്കുകയായിരുന്നു.
   Published by:Rajesh V
   First published:
   )}