• HOME
 • »
 • NEWS
 • »
 • sports
 • »
 • Asia Cup 2022, IND vs PAK: പാകിസ്ഥാനെതിരായ വിജയഗാഥ തുടരാൻ ഇന്ത്യ; മത്സരം ഓഗസ്റ്റ് 28ന് ദുബായിൽ

Asia Cup 2022, IND vs PAK: പാകിസ്ഥാനെതിരായ വിജയഗാഥ തുടരാൻ ഇന്ത്യ; മത്സരം ഓഗസ്റ്റ് 28ന് ദുബായിൽ

ഏഷ്യാകപ്പിൽ പരസ്പരം ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളോടെ തങ്ങളുടെ ചിരവൈരികളേക്കാൾ മികച്ച റെക്കോർഡ് ഇന്ത്യയ്ക്ക് ഉണ്ട്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങളിലേക്ക്...

 • Last Updated :
 • Share this:
  ഓഗസ്റ്റ് 28ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തീപ്പൊരി ചിതറും. ക്രിക്കറ്റിലെ എക്കാലത്തെയും ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് അന്ന് അവിടെ നടക്കുക. ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാക്കിസ്ഥാന്റെ ഷഹീൻ ഷാ അഫ്രീദിയും പരിക്കുമൂലം പുറത്തായതിനാൽ ഇരു ടീമുകളും പ്രധാന ബോളർമാരില്ലാതെയാണ് ഇത്തവണ ഏഷ്യാകപ്പിന് ഇറങ്ങുന്നത്.

  എന്നിരുന്നാലും, മത്സര ക്രിക്കറ്റിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിവരുന്ന വിരാട് കോഹ്‌ലിയിലാണ് ശ്രദ്ധാകേന്ദ്രം. കോഹ്ലിയുടെ മാസ്മരികപ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏഷ്യാ കപ്പിലെ പ്രകടനത്തിലൂടെ ടി20 ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുകയെന്ന വലിയ ലക്ഷ്യവും അദ്ദേഹത്തിന് മുന്നിലുണ്ട്.

  ഏഷ്യാകപ്പിൽ പരസ്പരം ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളോടെ തങ്ങളുടെ ചിരവൈരികളേക്കാൾ മികച്ച റെക്കോർഡ് ഇന്ത്യയ്ക്ക് ഉണ്ട്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങളിലേക്ക്...

  ഇന്ത്യ vs പാകിസ്ഥാൻ 1984 ഏഷ്യാ കപ്പ്

  1983 ലോകകപ്പ് വിജയത്തിന് ശേഷം ഉയർന്ന ആത്മവിശ്വാസത്തോടെ, ഏഷ്യൻ ക്രിക്കറ്റിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം ആരംഭിച്ചു, പാക്കിസ്ഥാനെ 54 റൺസിന് തോൽപ്പിക്കുകയും മൂന്ന് ടീമുകൾ തമ്മിൽ നടന്ന ടൂർണമെന്റിൽ ശ്രീലങ്ക റണ്ണറപ്പായി മാറുകയും ചെയ്തു. 56 റൺസെടുത്ത സുരീന്ദർ ഖന്നയാണ് കളിയിലെ താരം.

  1988 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  1988-ലെ ഏഷ്യാകപ്പിൽ ഇന്ത്യ-പാക് ശ്രീലങ്ക ടീമുകൾക്ക് പുറമെ ബംഗ്ലാദേശും ഭാഗമായി. ഇന്ത്യയുടെ അർഷാദ് അയൂബ് പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം നേടി, അവരെ 142-ന് താഴെയുള്ള സ്‌കോറിൽ ഒതുക്കി. വെറ്ററൻ താരം മൊഹീന്ദർ അമർനാഥ് പുറത്താകാതെ 74 റൺസ് നേടി ലക്ഷ്യം അനായാസം പിന്തുടരാൻ ഇന്ത്യയെ സഹായിച്ചു. 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു.

  ഇന്ത്യ vs പാകിസ്ഥാൻ 1995 ഏഷ്യാ കപ്പ്

  അതുവരെയുള്ള ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് പാകിസ്ഥാൻ നീലപ്പടയ്ക്ക് മേൽ മികച്ച വിജയം നേടുന്നത്. ഇൻസമാം-ഉൾ-ഹഖ് 88 റൺസ് നേടി ടീമിനെ 50 ഓവറിൽ 266/9 എന്ന വെല്ലുവിളി നിറഞ്ഞ സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മനോജ് പ്രഭാകറിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായതോടെ കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. നവജ്യോത് സിദ്ധു (54), സഞ്ജയ് മഞ്ജരേക്കർ (50) എന്നിവർ ശക്തമായി പൊരുതിയെങ്കിലും 169 റൺസിന് ഇന്ത്യ പുറത്തായി. ആഖിബ് ജാവേദിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാകിസ്ഥാന്‍റെ 97 റൺസ് വിജയത്തിന് കരുത്തേകിയത്.

  2000 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  മുഹമ്മദ് യൂസഫ് പുറത്താകാതെ 100 റൺസ് നേടിയപ്പോൾ പാകിസ്ഥാൻ 50 ഓവറിൽ 295-7 എന്ന സ്‌കോർ നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെയാണ് ഇന്ത്യക്കായി മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തത്. അജയ് ജഡേജ 93 റൺസ് അടിച്ചുകൂട്ടിയെങ്കിലും ഇന്ത്യൻ സ്കോർ 251ൽ അവസാനിച്ചു. അബ്ദുൽ റസാഖ് നാലു വിക്കറ്റ് നേടി.

  2004 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  എട്ടാമനായി ഇറങ്ങി 143 റൺസ് നേടിയ ഷൊയ്ബ് മാലിക്കിന്‍റെ ഗംഭീര ബാറ്റിങ്ങായിരുന്നു ഈ മത്സരത്തിന്‍റെ പ്രത്യേകത. സച്ചിൻ ടെണ്ടുൽക്കറും ഇർഫാൻ പത്താനും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടെങ്കിലും പാകിസ്ഥാൻ 300 റൺസ് നേടി. വൻ ലക്ഷ്യം പിന്തുടർന്നപ്പോൾ സച്ചിൻ 78 റൺസ് അടിച്ചു, എന്നാൽ, മത്സരത്തിൽ ഇന്ത്യ 59 റൺസിന് തോറ്റു.

  ഇന്ത്യ vs പാകിസ്ഥാൻ 2008 ഏഷ്യാ കപ്പ് - ഗ്രൂപ്പ് ഘട്ടം

  2007 ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം, എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 50 ഓവർ ഫോർമാറ്റിൽ ഒരു മാറ്റത്തിലൂടെ കടന്നുപോയി. ചിരവൈരികൾ തമ്മിലുള്ള ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ, മാലിക് ഇന്ത്യയ്‌ക്കെതിരെ ഒരിക്കൽ കൂടി സെഞ്ച്വറി നേടിയപ്പോൾ പാകിസ്ഥാൻ സ്‌കോർ ബോർഡിൽ 299-4 എന്ന സ്‌കോറെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വീരേന്ദർ സെവാഗിന്റെയും (119) സുരേഷ് റെയ്‌നയുടെയും (84) മികവിൽ സന്ദർശകർ 6 വിക്കറ്റിന് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.

  ഇന്ത്യ vs പാകിസ്ഥാൻ 2008 ഏഷ്യാ കപ്പ് - സെമിഫൈനൽ

  ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം ജയിച്ചതിന് ശേഷം, സെമിഫൈനൽ പോരാട്ടത്തിൽ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 308-7 എന്ന വെല്ലുവിളി നിറഞ്ഞ സ്കോർ ഉയർത്തുകയും ചെയ്തു. ക്യാപ്റ്റൻ എംഎസ് ധോണി 76 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മയും 58 റൺസ് നേടി വിലപ്പെട്ട സംഭാവന നൽകി. യൂനിസ് ഖാന്റെ 123 റൺസിന്റെ പിൻബലത്തിൽ പാകിസ്ഥാൻ 45.3 ഓവറിൽ 8 വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി.

  2010 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  2010-ലെ ബദ്ധവൈരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഇരു ടീമുകളുടെയും കളിക്കാർ തമ്മിലുള്ള വാക്കുപോരിന് സാക്ഷ്യം വഹിച്ചു. ഗൗതം ഗംഭീർ-കമ്രാൻ അക്മൽ, ഹർഭജൻ സിംഗ്-ഷോയിബ് അക്തർ എന്നിവർ തമ്മിലുള്ള ചൂടേറിയ വാഗ്വാദങ്ങൾക്കാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. 47-ാം ഓവറിൽ അക്തർ ബൗൾ ചെയ്യാൻ വന്നപ്പോൾ കളിയുടെ ഗതി മാറി, ഹർഭജൻ അദ്ദേഹത്തെ ഒരു കൂറ്റൻ സിക്‌സറിന് പറത്തി. 49-ാം ഓവറിലെ അവസാന പന്തിൽ അക്തർ ഇന്ത്യൻ ഓഫ് സ്പിന്നർക്കുനേരെ ബൗൺസർ എറിഞ്ഞതിന് ശേഷം ഇരുവരും വാക്പോരിൽ മുഴുകി. അവസാന ഓവറിലും കളിക്കാർ ഏറ്റുമുട്ടി. ഒടുവിൽ ജയിക്കാൻ ഇന്ത്യക്ക് 3 പന്തിൽ 2 റൺസ് വേണമായിരുന്നു, ഭാജി തന്റെ ബാറ്റ് ഫുൾ ഫ്ലോയിൽ വീശി പന്ത് ഗ്യാലറിയിലേക്ക് പറത്തുകയും പാകിസ്ഥാനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

  2012 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  ചിരവൈരികൾ തമ്മിലുള്ള മറ്റൊരു ഉശിരൻ പോരാട്ടത്തിൽ, 330 റൺസ് ചേസിംഗിൽ വിരാട് കോഹ്‌ലി ബാറ്റുകൊണ്ട് ചരിത്രം രചിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർമാരായ മുഹമ്മദ് ഹഫീസും നാസിർ ജംഷെഡും സെഞ്ചുറി വീതം നേടിയതോടെ മികച്ച തുടക്കമായിരുന്നു. സ്‌കോർ ബോർഡിൽ 329/6 എന്ന സ്‌കോറാണ് പാകിസ്ഥാൻ ഉയർത്തിയത്. മറുപടിയായി, ഓപ്പണർ ഗൗതം ഗംഭീർ പുറത്തായതോടെ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. എന്നിരുന്നാലും, എക്കാലത്തെയും മികച്ച രണ്ട് ബാറ്റർമാർ - സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും 133 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കളിയുടെ ഗതിയാകെ മാറി. കോഹ്‌ലി തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ രേഖപ്പെടുത്തി - വെറും 148 പന്തിൽ 183 റൺസ്. ഫലം മത്സരം ആറു വിക്കറ്റിന് ഇന്ത്യ ഉജ്ജ്വല വിജയം നേടി.

  2014 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മ (56), അമ്പാട്ടി റായിഡു (58), രവീന്ദ്ര ജഡേജ (52) എന്നിവരുടെ മികവിൽ 245/8 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഉയർത്തി. സ്പിൻ മാസ്റ്റർ സയീദ് അജ്മൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാൽ ലക്ഷ്യം പിന്തുടർന്ന മുഹമ്മദ് ഹഫീസിന്റെ 75 റൺസും ഷാഹിദ് അഫ്രീദിയുടെ (34) മികച്ച ബാറ്റിങ്ങും പാക്കിസ്ഥാന് ഒരു വിക്കറ്റ് ജയം രേഖപ്പെടുത്താൻ സഹായിച്ചു.

  2016 ഏഷ്യാ കപ്പ് ഇന്ത്യ vs പാകിസ്ഥാൻ

  ഏഷ്യാകപ്പ് ടി20 പാകിസ്ഥാനെ 83 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യൻ ബോളർമാർ കരുത്ത് കാട്ടിയത്. എന്നിരുന്നാലും, ഹ്രസ്വ ലക്ഷ്യം പ്രതിരോധിക്കുന്നതിനിടയിൽ മുഹമ്മദ് ആമിർ പന്ത് ഉപയോഗിച്ച് മിന്നുന്ന പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന എന്നിവരെ നേരത്തെ പുറത്താക്കിയ ആമിർ ഇന്ത്യയെ തകർച്ചയിലേക്ക് നയിച്ചു. എന്നാൽ രക്ഷാദൗത്യത്തിനായി ഇന്ത്യയ്ക്ക് അവരുടെ സ്വന്തം റൺ മെഷീൻ വിരാട് കോഹ്‌ലി ഉണ്ടായിരുന്നു, കാരണം യുവരാജ് സിങ്ങുമായി തന്റെ ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അദ്ദേഹം ശക്തമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കി. കോഹ്‌ലി 49 റൺസെടുത്തപ്പോൾ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു.

  ഇന്ത്യ vs പാകിസ്ഥാൻ 2018 ഏഷ്യാ കപ്പ് - ഗ്രൂപ്പ് ഘട്ടം

  ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതെ 162 റൺസിന് പുറത്തായി. ഭുവനേശ്വർ കുമാറും (3/15), കേദാർ ജാദവും (3/23) മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ്മ (52), ശിഖർ ധവാൻ (46) എന്നിവരുടെ മികവിൽ 8 വിക്കറ്റിന് മത്സരം ഇന്ത്യ അനായാസം ജയിച്ചു.

  ഇന്ത്യ vs പാകിസ്ഥാൻ 2018 ഏഷ്യാ കപ്പ് - സൂപ്പർ ഫോർ സ്റ്റേജ്

  രോഹിതും (111*) ധവാനും (114) സെഞ്ച്വറികളുമായി 9 വിക്കറ്റിന്റെ കൂറ്റൻ വിജയത്തിന് അടിത്തറ പാകി. മത്സരത്തിൽ ഏകപക്ഷീയ വിജയമാണ് നേടിയത്. 50 ഓവറിൽ 237/7 എന്ന നിലയിൽ പാക്കിസ്ഥാനെ എറിഞ്ഞിട്ട നീലപ്പട വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു.
  Published by:Anuraj GR
  First published: