തിരുവനന്തപുരം: ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് ഇനി ട്രാക്കിലേയ്ക്ക് മടങ്ങാം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം ഭേദമായി. കഴിഞ്ഞ എട്ട് മാസമായി ചികിത്സയിലായിരുന്നു അതുല്യ. ചികിത്സക്ക് സഹായിച്ച കായിക മന്ത്രി ഇ.പി. ജയരാജനെ അതുല്യയും പിതാവ് സജിയും നേരിട്ടെത്തി സന്ദർശിച്ച് നന്ദി അറിയിച്ചു. തുടർ പരിശീലനങ്ങൾക്ക് എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനംചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അതുല്യയുടെ ചികിത്സക്ക് കായിക മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് സഹായം എത്തിച്ചത്. അടിയന്തിര സഹായമായി കായിക വികസന നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. മന്ത്രി ഇ.പി. ജയരാജൻ തിരുവനന്തപുരത്തെ കിംസ് ആശുപ്രതിയിൽ നേരിട്ട് എത്തി തുക കൈമാറുകയായിരുന്നു.
400 മീറ്റർ ഹർഡിൽസിൽ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡൽ ജേതാവുമാണ് അതുല്യ. പ്ലസ്ടു പഠനത്തിന് ശേഷം ഡിഗ്രി പഠനം ആരംഭിക്കാൻ ഇരിക്കെയാണ് അസുഖം അറിഞ്ഞത്.
മൈതാനത്തിലെന്നപോലെ പഠനത്തിലും മികവ് കാട്ടുന്ന താരമാണ് അതുല്യ. ഉയർന്ന മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കി. ഉപരിപഠനത്തിന് ചേർന്ന അവസരത്തിലാണ് അസുഖം ബാധിക്കുന്നത്. അടുത്ത അക്കാദമിക് വർഷത്തിൽ പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ബിരുദത്തിന് പ്രവേശിക്കും. പരിശീലനവും ഉടൻ ആരംഭിക്കും.
ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇനിയും തുടർ പരിശോധനകൾ നടത്തും. മാസത്തിൽ രണ്ട് ചെക്കപ്പ് വീതം ആറ് മാസം ചെക്കപ്പ് നടത്തണം. അതിന് ശേഷം മാത്രമെ തീവ്ര പരിശീലം ആരംഭിക്കുകയുള്ളൂവെന്നും അതുല്യ പറഞ്ഞു. പാല അൽഫോൻസാ കൊളേജിലെ പരിശീലകന്റെ കീഴിൽ തന്നെയാകും തുടർ പരിശീലനവും.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.