ഓഗസ്റ്റ് 15, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
ഇന്ത്യക്ക് വേണ്ടി വിവിധ ഐസിസി കിരീടങ്ങൾ നേടികൊടുക്കുകയും ഒപ്പം കളത്തിലെ മികച്ച തീരുമാനങ്ങൾ കൊണ്ടും നേതൃമികവ് കൊണ്ടും ഇന്ത്യൻ ടീമിനെ മികവിന്റെ ഉന്നതങ്ങളിൽ എത്തിച്ച മുൻ ഇന്ത്യൻ നായകന്റെ വിരമിക്കലിന്റെ ഓർമ പുതുക്കിക്കൊണ്ട് ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. നായകന്, ഇതിഹാസം, പ്രചോദനം എന്ന തലക്കെട്ടോട് കൂടിയാണ് ധോണിയുടെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയെ ഒരുപാട് മികച്ച വിജയങ്ങളിലേക്ക് നയിച്ച ധോണി ഐസിസിയുടെ മൂന്ന് സുപ്രധാന കിരീടങ്ങള്‍ നേടിയ ആദ്യ നായകനും കൂടിയാണ്. 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പ്, 28 വർഷങ്ങൾക്ക് ശേഷം 2011ലെ ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നീ ഐസിസി ടൂർണമെന്റുകളിൽ ധോണി ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഇതേ ദിവസം വളരെ അപ്രതീക്ഷിതമായാണ് ധോണി തന്റെ വിരമിക്കൽ സന്ദേശം പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിൽ വലിയ സജീവമല്ലാതിരുന്ന താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങൾ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, താൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
2020ല്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പോടെയാകും ധോണി വിരമിക്കുക എന്ന് വിചാരിച്ചിരുന്ന ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ചാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം ടൂര്‍ണമെന്റ് നീണ്ടുപോയതോടെ വിരമിക്കൽ മത്സരത്തിന് പോലും കാത്തുനിൽക്കാതെയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2019 ഏകദിന ലോകകപ്പിൽ സെമിയിൽ ന്യുസിലൻഡിനെതിരായ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യൻ ജേഴ്സി ധരിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി അദ്ദേഹം കളിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിന് ഇടയ്ക്കാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിനായി ചെന്നൈ ടീമിനൊപ്പം ദുബായിലാണ് ധോണിയുള്ളത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് യോഗ്യത പോലും നേടാനാകാതെ പുറത്തായ ചെന്നൈ ടീം ഇത്തവണ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഈ ഐപിഎൽ ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കാം എന്നുള്ളതിനാൽ കിരീടം നേടി തങ്ങളുടെ പ്രിയ നായകന് ഗംഭീര യാത്രയയപ്പ് നൽകാനാണ് ചെന്നൈ താരങ്ങൾ ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ ചെന്നൈ ടീമിന് നാല് തവണ അദ്ദേഹം കിരീടം നേടിക്കൊടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.